ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇന്നലെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണെന്നും കന്യാസ്ത്രീ തന്നോട് പക വീട്ടുകയാണെന്നുമാണ് ബിഷപ്പ് ആവര്‍ത്തിച്ചത്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കൈകൂപ്പി. ഏഴേ കാല് മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നപ്പോഴും നിരപരാധിയെന്ന് ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയ ബിഷപ്പ് ഇന്നും പതിവ് സമയം അന്വേഷണ സംഘത്തിന് മുന്നിലെത്തും. 2014 മേയ് 5 ന് കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന് ഹോമില്‍ രാത്രി ബിഷപ്പ് പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ മൊഴി. എന്നാല്‍ ആ ദിവസം അവിടെയെത്തിയിട്ടില്ലെന്നാണ് ബിഷപ്പ് നല്കിയ മൊഴി. മഠത്തിലെത്തിയെങ്കിലും താമസിച്ചത് മറ്റൊരിടത്താണെന്നാണ് ഇന്നലെ നല്കിയ മൊഴി. രജിസ്റ്ററില്‍ വിസിറ്റിംഗ് എന്നുമാത്രമേ എഴുതിയിട്ടുള്ളൂവെന്നും താന്‍ അവിടെ തങ്ങിയില്ലെന്നും ബിഷപ്പ് മറുപടി നല്കി.
എന്നാല്‍ മഠത്തില്‍ താമസിച്ചതിന് രണ്ടു സാക്ഷികളും ഡ്രൈവറുടെ മൊഴിയുമുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞപ്പോള്‍ അറിയില്ലെന്ന ഭാവത്തില്‍ കൈകൂപ്പി.
കേസില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമായിരിക്കും. കന്യാസ്ത്രീ തന്നോട് പക വീട്ടുകയാണെന്നും സ്വഭാവ ദൂഷ്യം കണ്ടെത്തിയതോടെ താന്‍ ശത്രുവായെന്നുമാണ് ബിഷപ്പിന്റെ ഭാഷ്യം. അപമാനപ്പെട്ടതിലുള്ള പക തന്നെ അപമാനിക്കാന്‍ ഉപയോഗിക്കുകയാണ്. തന്നെ അപമാനിച്ച് സഭയില്‍ നിന്ന് പുറത്താക്കുകയാണ് കന്യാസ്ത്രീയുടെ ലക്ഷ്യമെന്നും ബിഷപ്പ് പറഞ്ഞു. ഇന്നത്തെ മൊഴിയെടുക്കലിന് ശേഷം അറസ്റ്റുണ്ടാകുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.