ചില കല്ല്യാണങ്ങള്‍ക്കും, പരിപാടികള്‍ക്കും ചെന്നുകഴിയുമ്പോള്‍ ഇലയിട്ടിട്ട് ഊണില്ലെന്ന് പറയുന്ന അവസ്ഥയാകും. രുചികരമായ ഭക്ഷണങ്ങളുടെ ഗന്ധം മൂക്കിലേക്ക് അടിച്ച് കയറുമ്പോള്‍ ചടങ്ങിലെ ശ്രദ്ധയൊക്കെ മാറും. പക്ഷെ ഭക്ഷണത്തിലേക്ക് എത്തുന്നത് വരെയുള്ള കാത്തിരിപ്പാണ് ദുസ്സഹം. മെഗാന്‍ മാര്‍ക്കിളിന്റെ കുക്ക്ബുക്ക് ചാരിറ്റി പരിപാടിയില്‍ ഈ അവസ്ഥ നേരിട്ടത് ഭര്‍ത്താവ് ഹാരി രാജകുമാരനാണ്.
രാജകുമാരന്‍ ആരും അറിയില്ലെന്ന് കരുതി ചെയ്ത പരിപാടി കൈയോടെ പിടികൂടുകയും ചെയ്തു. സ്‌നാക്കില്‍ നിന്നും സമൂസ എടുത്ത് മുങ്ങവെയാണ് ക്യാമറകള്‍ ഹാരിയെ പൊക്കിയത്. നാപ്കിനില്‍ പൊതിഞ്ഞ് രഹസ്യമായി സമോസ കടത്താനുള്ള ശ്രമം പിടിക്കപ്പെട്ടതോടെ കള്ളച്ചിരി ചിരിച്ച് ഹാരി സംഭവം ഒതുക്കാനും ശ്രമിച്ചു.
ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ പെട്ട സമൂഹത്തിലെ സ്ത്കീകളുടെ റെസിപ്പികള്‍ ഉള്‍പ്പെടുന്ന ബുക്കാണ് സസെക്‌സ് ഡച്ചസ് പുറത്തിറക്കിയത്. കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ വെച്ചായിരുന്നു പരിപാടി. ചടങ്ങില്‍ പങ്കെടുത്തവരും ഡച്ചസും ഗ്രൂപ്പ് ഫോട്ടോക്ക് നില്‍ക്കവെയായിരുന്നു ഹാരി രാജകുമാരന്‍ സമോസ പൊക്കിയത്.
എന്തായാലും രാജകുമാരന്റെ സമോസ മോഷണം സോഷ്യല്‍ മീഡിയക്കാര്‍ ഏറ്റെടുത്ത മട്ടാണ്. വിശന്നപ്പോള്‍ ഇതുപോലെ തങ്ങള്‍ക്കും ചെയ്യേണ്ടി വന്ന കഥയാണ് ഇവര്‍ക്ക് പറയാനുള്ളത്.