മോസ്കോ: പലര്‍ക്കും പലവിധ ഹോബികള്‍ കാണും. സ്റ്റാംപ് കളക്ഷന്‍, നാണയശേഖരം, പുസ്തകങ്ങള്‍ എന്നിങ്ങനെ പലവിധത്തിലുള്ള മനുഷ്യരെ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ മൃതേദഹങ്ങള്‍ മമ്മികളാക്കി വീട്ടില്‍ പാവകളെ പോലെ സൂക്ഷിക്കുന്ന മാനസികരോഗിയെക്കുറിച്ച് അധികം കേള്‍ക്കാന്‍ വഴിയില്ല. റഷ്യയില്‍ നിന്നുമാണ് ഈ സൈക്കോയുടെ കഥ വരുന്നത്. കുട്ടികളുടെ മൃതദേഹങ്ങള്‍ കല്ലറയില്‍ നിന്നും മോഷ്ടിച്ച ശേഷമാണ് മമ്മികളാക്കി വീട്ടില്‍ പാവകളെ പോലെ ശേഖരിച്ചത്. 52-കാരനായ അനാട്ടോളി മോസ്ക്വിനാണ് കേസിലെ പ്രതി. എന്നാല്‍ മക്കളെ രക്ഷിതാക്കള്‍ ഉപേക്ഷിച്ച് പോയപ്പോള്‍ അവരെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നെന്നാണ് അനാട്ടോളിയുടെ നിലപാട്.
കുട്ടികളുടെ മൃതദേഹങ്ങളെ മമ്മികളാക്കിയ ശേഷം ഇവയ്ക്ക് വസ്ത്രങ്ങളും, ബൂട്ടുകളും ധരിപ്പിച്ച് നല്കി പാവകളെ പോലെ ആക്കുകയായിരുന്നു രീതി. ലിപ്സിറ്റിക്കും, മേക്കപ്പും വരെ നല്‍കിയിരുന്നു. മൃതദേഹങ്ങളുടെ വാരിയെല്ലുകള്‍ മ്യൂസിക് ബോക്സ് വെയ്ക്കാനുള്ള സ്റ്റാന്‍ഡായും മാറ്റി. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടുള്ള പ്രതി സെമിത്തേരി വിദഗ്ധനുമായിരുന്നു. തന്റെ കിടപ്പുമുറിയില്‍ പുതിയ പാവകളെ കിട്ടിയ തീയതി കൃത്യമായി രേഖപ്പെടുത്തി വെച്ചിരുന്നു.
ഇയാളുടെ രീതികള്‍ മനസ്സിലാക്കി പോലീസ് പിടിയിലാകുമ്പോഴേക്കും ഓല്ഗയെന്ന പെണ്‍കുട്ടിയുടെ മൃതദേഹം പാവയാക്കിയിട്ട് ഒന്‍പത് വര്‍ഷം പിന്നിട്ടിരുന്നു. കുട്ടിയുടെ അമ്മ കല്ലറയിലേക്ക് സ്ഥിരമായി നടത്തിയിരുന്ന യാത്ര ശൂന്യമായ ശവപ്പെട്ടിയിലേക്കായിരുന്നുവെന്നതാണ് വാസ്തവം. 2011 മുതല്‍ 2013 വരെയുള്ള കാലത്ത് ശവക്കല്ലറകള്‍ തുറന്ന 44 സംഭവങ്ങളെക്കുറിച്ച് ഇയാള്‍ കുറ്റസമ്മതം നടത്തി. മൂന്ന് മുതല്‍ 12 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ മൃതദേഹങ്ങളാണ് മോസ്ക്വിന്‍ മോഷ്ടിച്ചത്. ഷിസോഫ്രെനിയ ബാധിച്ചതായി സ്ഥിരീകരിച്ചതിനാല്‍ ഇയാളെ വിചാരണയ്ക്ക് വിധേയമാക്കാതെ ഒരു സൈക്യാട്രിക് ക്ലിനിക്കിലേക്കാണ് അയച്ചത്.
ബുദ്ധിമാന് എന്ന് ഖ്യാതി നേടിയ ചരിത്രകാരനായ പ്രതി നിരവധി ശാസ്ത്രീയ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. കുട്ടികളെ ജീവനോടെ തിരിച്ചെത്തിക്കാനുള്ള വഴികളെക്കുറിച്ചാണ് താന്‍ അന്വേഷിച്ചിരുന്നതെന്ന് മോസ്ക്വിന്‍ പറയുന്നു. ഒപ്പം മമ്മികളെ സൃഷ്ടിക്കാനുള്ള വൈദഗ്ധ്യത്തിനും ഈ ഹോബി ഇയാള്‍ വിനിയോഗിച്ചു. എന്തായാലും ഇയാളുടെ രീതികളെക്കുറിച്ച് അറിയാതെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന മാതാപിതാക്കളാണ് ഇപ്പോള്‍ അമ്പരന്നിരിക്കുന്നത്. ഇതുവരെ മകന്റെ പാവകളെന്ന് കരുതിയതവയെല്ലാം യഥാര്‍ത്ഥ മനുഷ്യജീവികളുടെ ജഡങ്ങളെന്ന് തിരിച്ചറിഞ്ഞാല്‍ എങ്ങിനെ ഞെട്ടാതിരിക്കും.