CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 21 Seconds Ago
Breaking Now

സോഷ്യലിസം വിജയിക്കട്ടെ, യൂറോപ്യന്‍ യൂണിയന്‍ നീണാള്‍ വാഴട്ടെ; തെരേസ മേയെ കടന്നാക്രമിച്ച് ജെറമി കോര്‍ബിന്‍; ബ്രസല്‍സുമായി ഉഗ്രന്‍ കരാര്‍ നേടാന്‍ ലേബര്‍ പാര്‍ട്ടിക്ക് വഴിയൊരുക്കണം; കസ്റ്റംസ് യൂണിയന്‍ ഇല്ലെങ്കില്‍ കരാറിനെ വോട്ടിനിട്ട് വീഴ്ത്തും; ബ്രക്‌സിറ്റ് ആയുധമാക്കി കോര്‍ബിന്‍

കോമണ്‍സില്‍ കരാര്‍ വോട്ടിനിടുന്ന ഘട്ടത്തില്‍ എതിര്‍ത്ത് സര്‍ക്കാരിനെ വീഴ്ത്താമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍

ബ്രക്‌സിറ്റ് പലര്‍ക്കും പലരെയും വീഴ്ത്താനുള്ള ആയുധമാണ്. രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും. ഭരണപക്ഷത്ത് പ്രധാനമന്ത്രിയെ അട്ടിമറിച്ച് ആ കസേര സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കുറച്ചുപേര്‍. മറുഭാഗത്ത് സര്‍ക്കാരിനെ താഴെയിറക്കി അധികാരം പിടിക്കാന്‍ മോഹിക്കുന്ന പ്രതിപക്ഷമായ ലേബര്‍. ഇതിനെല്ലാം ഇടയില്‍ യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കണമെന്ന് വിധിയെഴുതിയ പൊതുജനം കഴുതയാകുമോയെന്നാണ് ഇപ്പോള്‍ ആശങ്ക. യുകെയെ കസ്റ്റംസ് യൂണിയനില്‍ നിലനിര്‍ത്താത്ത ഏതെങ്കിലും തരത്തിലുള്ള കരാറുമായി സര്‍ക്കാര്‍ വന്നാല്‍ വോട്ടിനിട്ട് വീഴ്ത്തുമെന്നാണ് ജെറമി കോര്‍ബിന്‍ വ്യക്തമാക്കിയത്. 

കോമണ്‍സില്‍ കരാര്‍ വോട്ടിനിടുന്ന ഘട്ടത്തില്‍ എതിര്‍ത്ത് സര്‍ക്കാരിനെ വീഴ്ത്താമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. തെരേസ മേയെ സമ്മര്‍ദത്തിലാക്കാനുള്ള പല വഴികളും ഇവര്‍ മുന്നോട്ട് വെയ്ക്കുന്നു. കരാര്‍ നേടാന്‍ കാലാവധി വെയ്‌ക്കേണ്ടെന്നാണ് കോര്‍ബിന്‍ ആവശ്യപ്പെടുന്നത്. കൂടാതെ ടോറികള്‍ തങ്ങള്‍ക്കായി വഴിമാറിനല്‍കണം. ബ്രസല്‍സുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് നയിച്ച് നല്ലൊരു കരാര്‍ നേടാന്‍ ലേബര്‍ പാര്‍ട്ടിക്ക് സാധിക്കും. പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിയില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കോര്‍ബിന്‍ വെല്ലുവിളിക്കുന്നു. 

അടുത്ത ദിവസം ബ്രസല്‍സില്‍ മൈക്കിള്‍ ബാര്‍ണയറെ കാണുന്ന കോര്‍ബിന്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് നിലപാടുകള്‍ വ്യക്തമാക്കിയത്. തന്റെ ടീം ഉത്തരവാദിത്വം ഏറ്റെടുത്ത് ഭിന്നിച്ച് നില്‍ക്കുന്ന രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറാണ്. ഇതിനായി തീവ്ര ഇടത് പരിപാടികളാണ് ആവിഷ്‌കരിക്കുക. എന്നാല്‍ സ്വന്തം നേട്ടത്തിനായി അവസരം വിനിയോഗിക്കുന്ന കോര്‍ബിനെതിരെ ബ്രക്‌സിറ്റ് അനകൂലികളില്‍ പ്രതിഷേധം പുകയുകയാണ്. ആര്‍ത്തി നല്ലതാണെന്ന രീതിയിലുള്ള ബ്രിട്ടന്റെ മുതലാളിത്ത രീതികള്‍ അവസാനിപ്പിച്ച് പുതിയ ഇടത് ബ്രിട്ടന്‍ സൃഷ്ടിക്കുമെന്നാണ് കോര്‍ബിന്റെ വാഗ്ദാനം. 

ജോലിക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തില്‍ ബാങ്കിംഗ് രീതികളില്‍ മാറ്റം വരണമെന്നും കോര്‍ബിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോര്‍ബിന്‍ പ്രധാനമന്ത്രി പദത്തില്‍ എത്തുന്നത് തടയാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും ശ്രമിക്കുമെന്നതിനാല്‍ ഈ വാഗ്ദാനം എവിടെയെത്തുമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. 




കൂടുതല്‍വാര്‍ത്തകള്‍.