CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 14 Minutes 14 Seconds Ago
Breaking Now

അപകട വേദനയിലും വിഷം ചീറ്റുന്ന പോസ്റ്റുകള്‍ ; കമന്റിനെതിരെ പ്രതിഷേധം ശക്തം

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കഴിയുന്ന ബാലഭാസ്‌കറിനെതിരെ സോഷ്യല്‍മീഡിയയില്‍ മോശം പരാമര്‍ശം. പ്രബി ലൈഫി എന്ന ഫേസ്ബുക്ക് പൊഫൈലില്‍ നിന്നാണ് പരാമര്‍ശം. മകളെ നഷ്ടപ്പെട്ടെങ്കിലെന്താ, അവന് അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ എന്നായിരുന്നു കമന്റ്. ഇയാളുടെ അഭിപ്രായത്തിനെതിരെ സുഹൃത്തുക്കളും സോഷ്യല്‍ലോകവും പ്രതികരിക്കുകയാണ്. ബാലഭാസ്‌കറിന്റെ സുഹൃത്തും റേഡിയോ ജോക്കിയുമായ കിടിലം ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ

പോസ്റ്റിങ്ങനെ

ഒരുപാട് ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത് .ബാലഭാസ്‌കര്‍ എന്ന അതുല്യനായ കലാകാരന്റെ നൂറുകണക്കിന് സുഹൃത്തുക്കള്‍ ആശുപത്രി വരാന്തയില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞ നാലു ദിവസമായി എങ്ങുംപോകാതെ അവിടെത്തന്നെയുണ്ട് .അവര്‍ക്കായാണ് ,ആ നൊമ്പരങ്ങള്‍ക്കും,പിന്നെ ലക്ഷക്കണക്കിന് ലോകമലയാളികള്‍ക്കുമായാണ് ഈ കുറിപ്പ് .

ബാലുച്ചേട്ടന്റെ അപകടം നടന്ന ദിവസത്തില്‍ മനസ്സു വിങ്ങിയപ്പോള്‍ സങ്കടം കൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മ പങ്കുവച്ചുകൊണ്ട് ഞാനൊരു കുറിപ്പിട്ടിരുന്നു .അത് ഒരുപാടുപേര്‍ കാണുകയും പ്രാര്‍ത്ഥനകള്‍ പങ്കുവയ്ക്കുകയുമുണ്ടായി .ലക്ഷക്കണക്കിന് പേരുടെ അകമഴിഞ്ഞ പ്രാര്‍ഥനകള്‍ക്കിടയില്‍ ,ഈ സഹോദരന്‍ ,ഇയാള്‍ മാത്രം പറയാന്‍ പാടില്ലാത്തത് കമന്റ് ചെയ്തു .വളരെ പെട്ടെന്ന് ആ പ്രൊഫൈല്‍ അപ്രത്യക്ഷമാവുകയും ചെയ്തു .പിന്നീട് ഇയാളുടെ രാഷ്ട്രീയവും ഇയാളുടെ ദുബായിലെ ജോലിയും ഒക്കെ ചര്‍ച്ചയായി .

ആശുപത്രിയിലെ നോവുഭാരങ്ങള്‍ക്കിടയില്‍ ബാലുച്ചേട്ടന്റെ അടുത്ത സുഹൃത്തുക്കള്‍ ഇയാളുടെ പിറകെ പോയതുമില്ല . പക്ഷേ ഇന്നലെ വൈകുന്നേരം ആശുപത്രിയില്‍ ചെന്നപ്പോള്‍ നെഞ്ച് നുറുങ്ങുന്ന വേദനയോടെ ബാലുച്ചേട്ടന്റെ ഒപ്പം എല്ലായ്‌പ്പോഴും ഒരുമിച്ചുള്ള സുഹൃത്തുക്കള്‍ ഇവന്റെ കമന്റിനെക്കുറിച്ചും എന്തിനാണിവനെങ്ങനെ പറഞ്ഞതെന്നതും ഒക്കെ ചര്‍ച്ചയാക്കി .രാഷ്ട്രീയവല്‍ക്കരിക്കരുത് ഈ ആവശ്യത്തെ .ദുബായിലുള്ള എന്റെ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കള്‍ prabe lify എന്ന ഈ ചെറുപ്പക്കാരനെ ഒന്ന് കണ്ടെത്തണം . എന്നിട്ടവനോട് പറയണം ,

ഇവിടെ ഈ ആകാശത്തിനു കീഴില്‍ അടക്കം ചെയ്യപ്പെട്ട ഏറ്റവും പ്രിയപ്പെട്ട കുഞ്ഞാവയെ കാണാനാകാതെ ബോധമില്ലാത്ത ഒരച്ഛനെ കുറിച്ചാണ് അവന്‍ മനുഷ്യത്വമില്ലാത്ത വാക്കുകള്‍ പുലമ്പി നിറച്ചതെന്ന് .

പതിനാറു വര്‍ഷത്തിനൊടുവില്‍ കാത്തിരുന്നു കിട്ടിയകണ്മണിക്കുരുന്നിനെ ലാളിച്ചു തീരും മുന്നേ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്ന ഒരമ്മയെ അതൊരുപാട് നോവിച്ചുവെന്ന് .

അത്യാസന്ന മുറിയില്‍ നിന്നും പോസിറ്റീവ് ആയി ഒരു വാക്കുകേള്‍ക്കാനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന വലിയവരും ചെറിയവരും ,അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നൂറോളം സുഹൃത്തുക്കളെ ഇവന്‍ വല്ലാതെ ബാധിച്ചു കളഞ്ഞെന്ന് !

 

ഇവനെ ഒന്ന് കണ്ടെത്തിത്തരണം .

ഒരൊറ്റ നോട്ടത്തില്‍ ആത്മാവുരുകി ചാമ്പലാക്കാനുള്ള ശാപങ്ങള്‍ അവനെ കാത്തിരിക്കുന്നെന്ന് പറയണം.

തെറ്റുപറ്റിയെന്ന് ബോധ്യമുണ്ടെങ്കില്‍ മാപ്പ് എന്ന രണ്ടക്ഷരങ്ങള്‍ ആശുപത്രിക്കിടക്കയിലുള്ള ഒരച്ഛന്റെയും അമ്മയുടെയും കാല്പാദങ്ങളില്‍ കൊണ്ട് വയ്ക്കാന്‍ പറയണം .

അവന്‍ പരസ്യമായി മാപ്പു പറഞ്ഞു തന്നെയാകണം .

ബാലുച്ചേട്ടന്‍ തിരികെ വരും .വരികതന്നെ ചെയ്യും .ആരോഗ്യനില പുരോഗതിയില്‍ തന്നെയാണ് .ആ മനുഷ്യന്റെ നേരിയ ചലനങ്ങള്‍ പോലും കണ്ണിമചിമ്മാതെ നോക്കിയിരിക്കുന്ന അദ്ദേഹത്തിനായി കഴിഞ്ഞ നാലു ദിനരാത്രങ്ങള്‍ കൂട്ടിരിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ബാലുച്ചേട്ടന് കാവലുണ്ട് !!

 

 

 




കൂടുതല്‍വാര്‍ത്തകള്‍.