CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 29 Minutes 49 Seconds Ago
Breaking Now

2017 ശൈത്യകാലത്ത് ഫ് ളൂ വാക്‌സിന്‍ ഏശിയില്ല; 15000 പേരുടെ ജീവന്‍ പൊലിഞ്ഞു; ഇക്കുറി ഡോസ് കൂട്ടിയ മെഗാ ഇഞ്ചക്ഷന്‍ ഇറക്കും; വൈറസിന് മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ പ്രതിരോധ ഇഞ്ചക്ഷന്‍ എടുക്കണമെന്ന് വിദഗ്ധര്‍

65ന് മുകളിലുള്ളവര്‍ക്ക് പുതിയ കരുത്തുറ്റ വാക്‌സിനാണ് ഇക്കുറി നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ശൈത്യകാലം അതിരൂക്ഷമായിരുന്നു. ആ സമയത്ത് ഫ് ളൂ വൈറസ് പടര്‍ന്നുപിടിക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാന്‍ ഇറക്കിയ ഫ് ളൂ വാക്‌സിന്‍ ഏശാതെ പോയതോടെ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഭൂരിപക്ഷം ആളുകളിലും വാക്‌സിന്‍ ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചിരുന്നു. 2017-ല്‍ ഫ് ളൂ പ്രതിരോധ ഇഞ്ചക്ഷന്‍ എടുത്ത 15 മില്ല്യണ്‍ പേരില്‍ വെറും 15 ശതമാനത്തിനാണ് പൂര്‍ണ്ണമായ സംരക്ഷണം ലഭിച്ചതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കണക്കുകള്‍ തെളിയിക്കുന്നു. മുന്‍ വര്‍ഷങ്ങളേതിനേക്കാള്‍ മോശം പ്രകടനമാണ് ഇക്കാര്യത്തില്‍ കാഴ്ചവെച്ചത്. 

65 വയസ്സിന് മുകളിലുള്ളവരിലാണ് വാക്‌സിന്‍ ഏറ്റവും മോശമായി പ്രതികരിച്ചത്. ഈ ഗ്രൂപ്പ് തന്നെയാണ് ഫ് ളൂവിന്റെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്നതും. ഇവരില്‍ 10% പേര്‍ മാത്രമാണ് സംരക്ഷിതരായത്. ഇതോടെ ഏഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ദുരന്തമായി ഫ് ളൂ സീസണ്‍ രൂപമെടുത്തു. രോഗം ബാധിച്ച് 15000 മരണങ്ങളാണ് സംഭവിച്ചത്. ശരാശരിയുടെ ഇരട്ടി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓസ്‌ട്രേലിയയില്‍ നാശംവിതച്ച ഓസി ഫ് ളൂവിന് എതിരെ ബ്രിട്ടന്റെ പ്രതിരോധം മോശമായിരുന്നെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. പോള്‍ കോസ്‌ഫോര്‍ഡ് സമ്മതിച്ചു. 

എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ ഏത് തരത്തിലുള്ള സ്‌ട്രെയിനാണ് ഫ് ളൂ പരത്തുകയെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പ്രവചിക്കും, അതിനാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ മുന്‍കൂട്ടി തയ്യാറാക്കുകയും ചെയ്യും. ആറ് മാസത്തിന് മുന്‍പ് ഒരുക്കുന്ന വാക്‌സിന്‍ ചിലപ്പോഴെല്ലാം ഏശാതെ പോകാറുണ്ട്. ചെറിയ രീതിയിലെങ്കിലും വൈറസ് രൂപമാറ്റം വരുത്തുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ വര്‍ഷം വാക്‌സിന്‍ ഏല്‍ക്കാതെ പോകാനുള്ള കാരണം ഇതാണെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു. ഇത് പരിഗണിച്ച് ഈ വര്‍ഷം പ്രതിരോധ വാക്‌സിന്‍ ഉറപ്പായും സ്വീകരിക്കണമെന്നാണ് ഇവരുടെ ആഹ്വാനം. 

65 വയസ്സിന് മുകളിലുള്ളവര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പ്രമേഹം പോലുള്ള പ്രശ്‌നങ്ങളുമായി ഫ് ളൂ പിടിപെടാന്‍ സാധ്യതയുള്ളവര്‍ എന്നിവരെല്ലാം പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്നാണ് വിദഗ്ധരുടെ ഉപദേശം. 65ന് മുകളിലുള്ളവര്‍ക്ക് പുതിയ കരുത്തുറ്റ വാക്‌സിനാണ് ഇക്കുറി നല്‍കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.