വെസ്റ്റിന്‍ഡീസിനെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ കുറിച്ചത് നിരവധി റെക്കോര്‍ഡുകള്‍. രാജ്കോട്ടിലെ എസ്സിഎ സ്റ്റേഡിയത്തില്‍ ടെസ്റ്റ് മത്സരത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഇന്ത്യ കരസ്ഥമാക്കിയത്. കേവലം മൂന്ന് ദിവസം മാത്രം നീണ്ടുനിന്ന മത്സരത്തില്‍ ഇന്നിംഗ്സിനും, 272 റണ്ണിനുമാണ് ഇന്ത്യ വിജയം കൊയ്തത്. ഈ വിജയം ടീം ഇന്ത്യയുടെ റെക്കോര്‍ഡ് പുസ്തകത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെടും.
സ്വന്തം മണ്ണില്‍ 100 ടെസ്റ്റ് വിജയങ്ങള്‍ കുറിച്ച് കൊണ്ടാണ് വിരാട് കോലിയുടെ ഇന്ത്യന്‍ സംഘം സ്വന്തം റെക്കോര്‍ഡ് കുറിച്ചത്. ഇന്ത്യയുടെ 266-ാമത് മത്സരത്തിലാണ് ഈ നേട്ടം. മത്സരത്തില്‍ ഉടനീളം ഇന്ത്യന്‍ ടീം എല്ലാ മേഖലകളിലും എതിരാളികളെ നിഷ്പ്രഭമാക്കി. ഒന്നാം ഇന്നിംഗ്സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്ണാണ് ഇന്ത്യ സ്കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിന്‍ഡീസിനെ മൂന്നാം ദിനത്തില്‍ രണ്ട് വട്ടമാണ് ഇന്ത്യ വീഴ്ത്തിയത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഇന്ത്യ 1-0ന് മുന്നിലാണ്.
ഉച്ചഭക്ഷണത്തിന് മുന്‍പ് 48 ഓവര്‍ പിന്നിടുമ്പോഴേക്കും 181 റണ്ണിന് വിന്‍ഡീസിനെ ചുരുട്ടിക്കെട്ടി ഫോളോഓണ്‍ ചെയ്യാന്‍ വിട്ടു. രണ്ടാം ഇന്നിംഗ്സിലും പ്രകടനം മെച്ചപ്പെടുത്താന്‍ അതിഥികള്ക്കായില്ല. 50.5 ഓവറില്‍ 196 റണ്‍ നേടുന്നതിനിടെ എല്ലാവരും പുറത്തായിക്കൊണ്ട് ആദ്യ ടെസ്റ്റ് മത്സരത്തില്‍ അവര്‍ തിരശ്ശീല വീഴ്ത്തി. സ്വദേശത്ത് നൂറ് വിജയങ്ങള്‍ കുറിയ്ക്കുന്ന നാലാമത്തെ ടീമാണ് ഇന്ത്യ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവരാണ് ഇതിന് മുന്‍പ് ഈ നാഴികക്കല്ല് താണ്ടിയവര്‍.
415 മത്സരങ്ങളില്‍ 238 വിജയങ്ങളുള്ള ഓസീസ് ഒന്നാം സ്ഥാനത്താണ്. 515 ടെസ്റ്റില്‍ നിന്നാണ് ഇംഗ്ലണ്ടിന്റെ 217 വിജയങ്ങള്‍. സൗത്ത് ആഫ്രിക്ക കേവലം 230 മത്സരങ്ങളില്‍ നിന്നും 104 വിജയങ്ങള്‍ നേടിയവരാണ്. 1933/34 കാലത്ത് ഇംഗ്ലണ്ടിന് എതിരെയാണ് ഇന്ത്യ നാട്ടിലെ ആദ്യ ടെസ്റ്റിന് ഇറങ്ങിയത്. രണ്ട് ദശകത്തിന് അടുത്ത് എടുത്താണ് അവര്‍ ആദ്യ വിജയം കുറിച്ചത്. 1952-ല്‍ ഇംഗ്ലണ്ടിനെതിരെ 8 റണ്ണിന് വിജയിച്ചാണ് ഇന്ത്യയുടെ ആദ്യ സ്വദേശി വിജയം.