CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 20 Seconds Ago
Breaking Now

നവകരേള സൃഷ്ടിക്കായി പ്രവാസി മലയാളി സമൂഹത്തിന്റെ സഹായം തേടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യുകെയിലേക്ക്; വിവിധ മലയാളി അസോസിയേഷനുകള്‍ തുക കൈമാറും

മലയാളി സമൂഹങ്ങള്‍ അധിവസിക്കുന്ന രാജ്യങ്ങളില്‍ വിവിധ മലയാളി അസോസിയേഷനുകളുമായി സഹകരിച്ച് കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍.

കേരളം ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. പ്രളയദുരിതം വരുത്തിവെച്ച പ്രത്യാഘാതങ്ങളില്‍ നിന്നും മുക്തിനേടാന്‍ ദൈവത്തിന്റെ സ്വന്തം നാടിന് ഇനിയുമേറെ പിന്തുണ ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് നാടുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും മികച്ച രീതിയില്‍ ഇടപെടല്‍ നടത്തിയിട്ടുള്ള യുകെ മലയാളി സമൂഹത്തിന്റെ പിന്തുണ തേടാന്‍ സംസ്ഥാന സഹരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യുകെയിലേക്ക് എത്തുന്നത്. കേരളത്തിന്റെ വികസനത്തില്‍ സുപ്രധാന പങ്കുവഹിച്ച സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തിന്റെ നട്ടെല്ലായ പ്രവാസികളായ മലയാളികളുടെ സംഭാവനകള്‍ സ്മരിച്ച് കൊണ്ട് ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നതാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ യുകെ യാത്ര. 

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരളം എന്ന ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. പുനര്‍നിര്‍മ്മാണം ദീര്‍ഘമായ നടപടി തന്നെയായതിനാല്‍ ഒരുമിച്ച് നിന്നാല്‍ മാത്രമാണ് ശക്തമായ ഒരു കേരളം പടുത്തുയര്‍ത്താന്‍ സാധിക്കൂവെന്ന് കടകംപള്ളി സുരേന്ദ്രന്‍ സന്ദേശത്തില്‍ വ്യക്തമാക്കി. മലയാളി സമൂഹങ്ങള്‍ അധിവസിക്കുന്ന രാജ്യങ്ങളില്‍ വിവിധ മലയാളി അസോസിയേഷനുകളുമായി സഹകരിച്ച് കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സര്‍ക്കാര്‍. 

ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 19 മുതല്‍ 21 വരെയാണ് കടകംപള്ളി സുരേന്ദ്രന്റെ യുകെ സന്ദര്‍ശനം.വിവിധയിടങ്ങളില്‍ മന്ത്രിയും, മലയാളി അസോസിയേഷനുകളും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മ്മാക്കാനും, ഇതിന് ആവശ്യമായ ടെക്‌നിക്കല്‍ വൈദഗ്ധ്യം ലഭ്യമാക്കാനും, നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ക്ക് നിക്ഷേപങ്ങള്‍ കണ്ടെത്താനും ചര്‍ച്ചകളില്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 

ഒക്ടോബര്‍ 19ന് ലണ്ടന്‍, 20ന് മിഡ്‌ലാന്‍ഡ്‌സ്, 21ന് മാഞ്ചസ്റ്റര്‍ എന്നിങ്ങനെയാണ് വേദികള്‍ നിശ്ചയിച്ചിരിക്കുന്നത്. യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളി സമൂഹം ഈ വേദികളില്‍ അനുയോജ്യമായ ഇടത്ത് എത്തിച്ചേരുമെന്നാണ് കരുതുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടരി മഹേഷ് ചന്ദ്രനെ ബന്ധപ്പെടാം: +91 95677 60929 or uknrks@gmail.com

 

 




കൂടുതല്‍വാര്‍ത്തകള്‍.