CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 44 Minutes 28 Seconds Ago
Breaking Now

ഈ തമാശ എരിതീയില്‍ എണ്ണ പകരുമോ? തെരേസ മേയെ അനുകരിച്ച് ഇയു കമ്മീഷന്‍ മേധാവിയുടെ നൃത്തം; ഒരിക്കല്‍ പുച്ഛിച്ച് തള്ളിയവരുടെ തമാശ പ്രധാനമന്ത്രിയെ രോഷാകുലയാക്കുമോ; സുപ്രധാന വിഷയങ്ങളില്‍ തീരുമാനമാകാന്‍ വെറും ഒരാഴ്ച മാത്രം

വലിയ പ്രശ്‌നങ്ങള്‍ ഇനിയും തീര്‍ക്കാന്‍ ബാക്കിയുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയ വേളയിലാണ് ജങ്കറുടെ പരിഹാസം

ബ്രക്‌സിറ്റിന്റെ എരിതീയിലേക്ക് എണ്ണയൊഴിച്ച് ഇയു കമ്മീഷന്‍ ചെയര്‍മാന്‍ ജീന്‍ ക്ലോഡ് ജങ്കറുടെ നൃത്തച്ചുവടുകള്‍. പ്രധാനമന്ത്രി തെരേസ മേയെ അനുകരിച്ച് കൊണ്ട് നടത്തിയ നൃത്തമാണ് വേദിയില്‍ ചിരി ഉയര്‍ത്തിയെങ്കിലും മറുവശത്ത് രോഷം ഉയര്‍ത്തുന്നത്. ബ്രസല്‍സില്‍ പ്രസംഗിക്കുന്നതിന് മുന്നോടിയായാണ് ഇയു മേധാവിയുടെ തമാശ. വേദിയില്‍ വെളിച്ചം വരുകയും, തീം മ്യൂസിക് ഒഴുകിയെത്തുകയും ചെയ്തപ്പോഴാണ് മേയെ അനുകരിച്ച് ഡാന്‍സിംഗ് ക്യൂന്‍ ചലനം ജങ്കര്‍ നടത്തിയത്. കഴിഞ്ഞ ആഴ്ച അവസാനിച്ച ടോറി കോണ്‍ഫറന്‍സിലെ അധ്യക്ഷ പ്രസംഗത്തിന് മുന്നോടിയായി തെരേസ മേയ് ഈ നൃത്തം കാണിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

ബ്രക്‌സിറ്റില്‍ സുപ്രധാന ചര്‍ച്ചകള്‍ക്ക് ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. വലിയ പ്രശ്‌നങ്ങള്‍ ഇനിയും തീര്‍ക്കാന്‍ ബാക്കിയുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയ വേളയിലാണ് ജങ്കറുടെ പരിഹാസം. വഴിത്തിരിവ് സൃഷ്ടിക്കുന്നതിന് പകരം യുകെയ്ക്ക് മേല്‍ സമ്മര്‍ദം ഉയര്‍ത്താനാണ് ഇയു നേതാക്കള്‍ ശ്രമിക്കുന്നതെന്നാണ് തെരേസ മേയുടെ ആരോപണം. ഇംഗ്ലീഷ് ഭാഷയെ കുത്തിക്കൊണ്ടായിരുന്നു ജങ്കറുടെ പ്രസംഗം ആരംഭിച്ചത്. 'ഞാന്‍ ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തില്ല. ഇയുവിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് മാത്രമല്ല. കാര്യങ്ങള്‍ ഈ വിധമായ സ്ഥിതിക്ക് ഞാന്‍ ഫ്രഞ്ചില്‍ സംസാരിക്കാം', ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷിനെ കുത്തിക്കൊണ്ട് ഇയു കമ്മീഷന്‍ മേധാവി വ്യക്തമാക്കി. 

യൂറോപ്പില്‍ മണ്ടത്തരം വിളമ്പുന്ന പോപ്പുലിസ്റ്റുകളുടെ എണ്ണം ഏറി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വ്യക്തമായ അഭിപ്രായമുള്ള ദേശീയവാദികളുമുണ്ട്. ഇവരുമായി സംസാരിക്കണം. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം, ജങ്കര്‍ പ്രസ്താവിച്ചു. എന്നാല്‍ ജങ്കര്‍ മേയെ കളിയാക്കിയതാണെന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ വക്താവ് തള്ളി. പ്രധാനമന്ത്രിയോട് ഏറെ ബഹുമാനമുള്ള വ്യക്തിയാണ് ജങ്കര്‍. പ്രസംഗം ആരംഭിക്കുന്നതിന് മുന്‍പ് ഏറെ നേരം സംഗീതം നീണ്ടപ്പോള്‍ കാര്യങ്ങള്‍ രസകരമാക്കാനാണ് നൃത്തചലനങ്ങള്‍ കാണിച്ചത്. പ്രധാനമന്ത്രിയോടുള്ള ആദരവ് പ്രവൃത്തി കൊണ്ടും, നിലപാടുകള്‍ കൊണ്ടും പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്, വക്താവ് വിശദീകരിച്ചു. 

സുപ്രധാന വിഷയങ്ങളില്‍ ഇനിയും തീരുമാനം ആയില്ലെന്ന് പ്രധാനമന്ത്രി മേയ് തന്നെ സമ്മതിച്ചതോടെ ബ്രക്‌സിറ്റ് പിടിവലി തുടരുകയാണെന്നാണ് വ്യക്തമാകുന്നത്. കണ്ണുംപൂട്ടി ഇറങ്ങിപ്പോരുന്ന ബ്രക്‌സിറ്റ് നടപ്പാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഭാവിയിലേക്കുള്ള നിബന്ധനകള്‍ ഉറപ്പിച്ച ശേഷം തന്നെയാകും മടക്കമെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് തറപ്പിച്ച് പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.