Breaking Now

വേദിക്ക് സമീപം ബിജെപി മന്ത്രി ആ'ശങ്ക' തീര്‍ത്തു; ചിത്രങ്ങള്‍ വൈറലായി; പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് പുരാതനമായ ആചാരമെന്ന് വിശദീകരണം

മൂത്രമൊഴിക്കുന്നത് മാത്രമല്ല വൃത്തികേടിന് സംഭാവന നല്‍കുന്നതെന്നും ഖേതാസര്‍ അവകാശപ്പെട്ടു

ആചാരങ്ങളുടെ പേരിലുള്ള പിടിവലിയാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. ഇതിനിടെയാണ് പഴയകാലം മുതല്‍ തുടര്‍ന്നുവരുന്ന ഒരു ആചാരത്തെക്കുറിച്ച് രാജസ്ഥാനിലെ ബിജെപി മന്ത്രി പ്രതികരിച്ചത്. രാജസ്ഥാന്‍ മന്ത്രി ശംഭു സിംഗ് ഖേതാസറാണ് മുഖ്യമന്ത്രി വസുന്ധര രാജെയുടെ ചിത്രത്തിന് എതിരെ ഇരുന്ന് സസുഖം മൂത്രശങ്ക തീര്‍ക്കുന്ന ചിത്രങ്ങള്‍ വൈറലായതോടെ പുലിവാല് പിടിച്ചത്.

അജ്‌മേറില്‍ നടന്ന ബിജെപി റാലിക്ക് ഇടെയായിരുന്നു മന്ത്രി പൊതുസ്ഥലത്ത് ആശങ്ക തീര്‍ക്കാന്‍ ഇറങ്ങിയത്. എന്നാല്‍ മൊബൈല്‍ ഫോണുമായി നടക്കുന്ന വിരുതന്‍മാര്‍ വിലസുന്ന കാലമാണെന്ന് പാവം മന്ത്രി മറന്നുപോയി. ചുമരിന് ചേര്‍ന്നിരുന്ന് പ്രശ്‌നം പരിഹരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമായി.

രാജസ്ഥാന്‍ സ്റ്റേറ്റ് സീഡ്‌സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കൂടിയായ ഖേതാസര്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് പുരാതന കാലം മുതലുള്ള ആചാരമാണെന്ന് മന്ത്രി വിശദീകരിക്കുന്നു. മൂത്രമൊഴിക്കുന്നത് മാത്രമല്ല വൃത്തികേടിന് സംഭാവന നല്‍കുന്നതെന്നും ഖേതാസര്‍ അവകാശപ്പെട്ടു.

രാജസ്ഥാനിലെ 33 ജില്ലകളില്‍ 27 എണ്ണവും പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജ്ജനത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഘട്ടത്തിലാണ് മന്ത്രിയുടെ സംഭാവന. ബിജെപിയുടെ പോസ്റ്ററുകള്‍ മറയാക്കിയാണ് ഇത് നടത്തിയതെന്ന് പത്രക്കാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതൊന്നും ശ്രദ്ധിച്ചില്ലെന്നും മന്ത്രി തുറന്ന് സമ്മതിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.