CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 33 Seconds Ago
Breaking Now

ദൈവവിശ്വാസം അമിതമായാലും ആപത്ത്; വികലാംഗനായി പിറന്ന മകന്‍ ദൈവത്തിന്റെ സമ്മാനമെന്ന് വിശ്വസിച്ച് മതനിഷ്ഠരായ മാതാപിതാക്കള്‍; 30 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരി വളര്‍ന്ന് അഭിഭാഷകയായി ആശുപത്രിക്കെതിരെ കേസ് കൊടുത്തു; എന്‍എച്ച്എസ് വീഴ്ചകള്‍ക്ക് 4.3 മില്ല്യണ്‍ നഷ്ടപരിഹാരം

തലച്ചോറിന് ഗുരുതരമായി പരുക്കേറ്റതില്‍ അഗാധമായ ഖേദമാണ് ട്രസ്റ്റ് രേഖപ്പെടുത്തിയത്

അമിതമായാല്‍ അമൃതും വിഷമാണെന്ന് നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞുവെച്ചത് വെറുതെയല്ല. എന്ത് വിഷയത്തിലും പരിധി വിട്ടാല്‍ അത് അപകടകരമാകും. ഇനിയത് ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ ആയാല്‍ പോലും. ദൈവിശ്വാസം സാമാന്യ ബോധത്തെ കവച്ചുവെയ്ക്കുന്നതായാല്‍ അത് അന്ധവിശ്വാസമായി വളരും. അതുകൊണ്ട് തന്നെയാണ് പിറന്നുവീണ കുഞ്ഞിന് വികലാംഗത്വം ബാധിച്ചപ്പോള്‍ അത് ചികിത്സയിലെ പ്രശ്‌നങ്ങളാണെന്ന് തിരിച്ചറിയാതെ ദൈവത്തിന്റെ വരദാനമായി കരുതി ആ മാതാപിതാക്കള്‍ വീട്ടിലേക്ക് മടങ്ങിയത്. 

30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൂട്ടണ്‍ ആശുപത്രിയില്‍ പിറന്ന മകന്‍ വികലാംഗനായത് ദൈവത്തിന്റെ സമ്മാനമായാണ് കടുത്ത ഈശ്വരവിശ്വാസികളായ മാതാപിതാക്കള്‍ കണക്കാക്കിയത്. എന്നാല്‍ സഹോദരന് പിറന്നുവീണ സഹോദരി പഠിച്ച് വളര്‍ന്ന് ഒരു അഭിഭാഷകയായി മാറിയപ്പോള്‍ മാതാപിതാക്കളുടെ വിശ്വാസം തികച്ചും അന്യായമാണെന്ന് ബോധ്യപ്പെട്ട് കോടതിയില്‍ നിന്നും നീതി ആവശ്യപ്പെട്ട് കേസ് നല്‍കി. ഇതോടെയാണ് എന്‍എച്ച്എസിന്റെ വീഴ്ചകള്‍ക്ക് 4.3 മില്ല്യണ്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി വരുന്നത്. ഈ വര്‍ഷക്കാലമത്രയും ദമ്പതികള്‍ മകന് ആവശ്യമായ പരിചരണം നല്‍കാന്‍ സോഷ്യല്‍ സര്‍വ്വീസുമായി പോരാട്ടത്തിലായിരുന്നു. 

1987-ല്‍ നടന്ന സിസേറിയനില്‍ അപകടകരമായ കാലതാമസം നേരിട്ടതായി അഭിഭാഷകര്‍ വാദിച്ചു. കുട്ടിക്ക് ഏറ്റ പരുക്കുകളുടെ 50% ഉത്തരവാദിത്വം ട്രസ്റ്റ് ഏറ്റെടുക്കുകയും ചെയ്തു. മകള്‍ ഒരു അഭിഭാഷകയായി യോഗ്യത നേടിയപ്പോള്‍ മാത്രമാണ് കുടുംബം ലൂട്ടണ്‍ & ഡണ്‍സ്‌റ്റേബിള്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് എതിരെ കേസിന് പോകാന്‍ തീരുമാനിച്ചത്. 30-കളില്‍ പ്രായം എത്തിയപ്പോഴാണ് കുറ്റകരമായ മെഡിക്കല്‍ അനാസ്ഥയ്ക്ക് സെറ്റില്‍മെറ്റില്‍ എത്താമെന്ന് ട്രസ്റ്റ് സമ്മതിച്ചത്. ലണ്ടന്‍ ഹൈക്കോടതിയില്‍ 4,312,159 പൗണ്ടാണ് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചത്. മകന്‍ ദൈവത്തിന്റെ വരദാനമാണെന്ന കുടുംബത്തിന്റെ വിശ്വാസം ഇപ്പോഴാണ് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ശരിയായതെന്ന് ജഡ്ജ് ബാരി കോട്ടര്‍ ക്യുസി പ്രതികരിച്ചു. 

യുവാവിന്റെ അഭിഭാഷകയായ സഹോദരിയെയും ജഡ്ജ് അഭിനന്ദിച്ചു. നിയമപരമായ പരിശീലനമാണ് സഹോദരന്റെ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ വഴിയൊരുക്കിയത്. തലച്ചോറിന് ഗുരുതരമായി പരുക്കേറ്റതില്‍ അഗാധമായ ഖേദമാണ് ട്രസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ 30 വര്‍ഷത്തോളം കുടുംബം ഇതിനെ ചോദ്യം ചെയ്യും വരെ ട്രസ്റ്റ് നിശബ്ദത പാലിച്ചത് എന്ത് കൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.