Breaking Now

വൈരവും മുത്തും നഷ്ടപ്പെട്ട വൈരമുത്തുവിന്റെ പ്രതിരോധം; പ്രശസ്തരെ മോശമാക്കുന്നത് ട്രെന്‍ഡെന്ന് കവി; നിങ്ങളൊരു നുണയനെന്ന് തിരിച്ചടിച്ച് ചിന്മയി

വൈരമുത്തുവിനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഗായിക

തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ നിരവധി സ്ത്രീകളാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഗായിക ചിന്മയി ശ്രീപാദ മുതല്‍ പത്രപ്രവര്‍ത്തക സന്ധ്യ മേനോന്‍ വരെയുള്ളവര്‍ വൈരമുത്തുവില്‍ നിന്നും നേരിട്ട അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. കൂടാതെ കവിയുടെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളും പുറത്തുവന്നിരുന്നു.

എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ചാണ് വൈരമുത്തു രംഗത്ത് വന്നിരിക്കുന്നത്. 'പ്രശസ്തരായ ആളുകള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. പലതവണ അപമാനിക്കലിന് ഇരയായിട്ടുണ്ട്. ഈ ആരോപണവും അതില്‍ ഒന്ന് മാത്രം. സത്യമല്ലാതെ മറ്റൊന്നും ഞാന്‍ പരിഗണിക്കില്ല. സമയം സത്യം വെളിപ്പെടുത്തും', വൈരമുത്തു ട്വിറ്ററില്‍ കുറിച്ചു.

ഇതിന് പിന്നാലെ ചിന്മയി ട്വിറ്റിനുള്ള മറുപടി കുറിച്ചു. 'നുണയന്‍' എന്ന ഒറ്റവാക്കിലായിരുന്നു ഗായികയുടെ തിരിച്ചടി. 'ടിവി ചാനലുകളില്‍ ഇരുന്ന് വിചാരണ നടത്തുകയും, എന്നെ മോശം പേരുകള്‍ വിളിക്കുകയും ചെയ്യുന്നവര്‍ കേള്‍ക്കാന്‍, വൈരമുത്തു ഒരു ലൈംഗിക വേട്ടക്കാരനാണ്. മരിക്കും വരെ ഞാന്‍ ഇതില്‍ ഉറച്ചുനില്‍ക്കും', ചിന്മയി കുറിച്ചു.

തനിക്കെതിരെ ട്രോളുകള്‍ പടച്ചുവിടുന്നവര്‍ക്കും ചിന്മയി മറുപടി നല്‍കി. വൈരമുത്തുവിനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഗായിക.




കൂടുതല്‍വാര്‍ത്തകള്‍.