CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 45 Minutes 37 Seconds Ago
Breaking Now

വൈഡ് എറിഞ്ഞ് സമനിലയാക്കിയാല്‍ 2 ലക്ഷം ഡോളര്‍ കോഴ; വാഗ്ദാനം നല്‍കിയ പാക് താരത്തിന്റെ പേര് വെളിപ്പെടുത്തി ഷെയിന്‍ വോണ്‍; സച്ചിനെ വാനോളം പുകഴ്ത്തി ഓസീസ് സ്പിന്നര്‍

തന്റെ കാഴ്ചപ്പാടില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും, ബ്രയന്‍ ലാറയുമാണെന്നും വോണ്‍

നല്ലതും ചീത്തയുമായ കാര്യങ്ങള്‍ക്ക് വാര്‍ത്തകളില്‍ നിറയുന്ന താരമാണ് ഓസീസ് സ്പിന്നര്‍ ഷെയിന്‍ വോണ്‍. ക്രിക്കറ്റ് അവസാനിപ്പിച്ചിട്ടും വിവിധ കാരണങ്ങള്‍ ഉയര്‍ത്തി വോണ്‍ പേജ് 3യിലെ ചൂടന്‍ വാര്‍ത്തകള്‍ സമ്മാനിക്കുന്നു. അടുത്തിടെ നോ സ്പിന്‍ എറൗണ്ട് ദി കോര്‍ണര്‍ എന്ന പുസ്തകം കൂടി ഇറക്കി സ്പിന്‍ മജീഷ്യന്‍ വിവാദങ്ങള്‍ക്കും തിരികൊളുത്തി. മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിക്കുന്നതാണ് പുസ്തകം.

ഇതിനിടെയാണ് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് കോഴ നല്‍കാന്‍ ശ്രമിച്ച പാക് ക്രിക്കറ്റ് താരത്തിന്റെ പേര് ഷെയിന്‍ വോണ്‍ വെളിപ്പെടുത്തിയത്. 1994-95 കാലത്തെ മത്സരത്തില്‍ അവസാന പന്ത് ഓഫില്‍ വൈഡ് എറിഞ്ഞ് മത്സരം സമനില ആക്കിയാല്‍ 2 ലക്ഷം യുഎസ് ഡോളര്‍ അരമണിക്കൂറിനുള്ളില്‍ മുറിയില്‍ എത്തിക്കാമെന്നാണ് സലീം മാലിക് ഓഫര്‍ നല്‍കിയത്, വോണ്‍ വെളിപ്പെടുത്തി.

കാസിനോയില്‍ ഒരിക്കല്‍ 5000 ഡോളര്‍ നഷ്ടപ്പെട്ടപ്പോഴും സമാനമായ അനുഭവം നേരിട്ടു. മാര്‍ക്ക് വോയുടെ സുഹൃത്തായ വാതുവെപ്പുകാരന്‍ ഈ സമയത്ത് അരികിലെത്തി 5000 ഡോളര്‍ എടുത്ത് നീട്ടി. എന്നാല്‍ പണം നിരാകരിച്ചപ്പോള്‍ യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു അയാളുടെ മറുപടി.

തന്റെ കാഴ്ചപ്പാടില്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും, ബ്രയന്‍ ലാറയുമാണെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു. ഒരു ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം സെഞ്ചുറിഅടിക്കാന്‍ ലാറയെയാണ് തെരഞ്ഞെടുക്കുക. എന്നാല്‍ ദിവസം ഉടനീളം ബാറ്റ് ചെയ്യാന്‍ സച്ചിനെ അയയ്ക്കും, അദ്ദേഹം അത്ര ക്ലാസാണ്, ഷെയിന്‍ വോണ്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.