Breaking Now

തൊലിയുടെ നിറത്തിന്റെ പേരില്‍ രണ്ട് ശമ്പളം വേണ്ട; വെളുത്തവരും, വംശീയ ന്യൂനപക്ഷങ്ങള്‍ക്കും തമ്മിലുള്ള ശമ്പള വ്യത്യാസം പൊളിക്കാന്‍ തെരേസ മേയ്; പതിനായിരം കമ്പനികള്‍ ജോലിക്കാരുടെ ശമ്പളം പ്രസിദ്ധീകരിക്കാന്‍ പദ്ധതി

എന്‍എച്ച്എസ് ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളില്‍ വംശീയ വിവേചനം നിലനില്‍ക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തെരേസ മേയുടെ നടപടി.

നമ്മള്‍ സ്ഥിരമായി പ്രവര്‍ത്തിച്ച് വരുന്ന ഒരു രീതി അത് എത്ര മോശമാണെങ്കിലും മറ്റാരും അറിയാതെ പോകുകയാണെങ്കില്‍ അത് തുടര്‍ന്നുപോവുക തന്നെ ചെയ്യും. ഇതിന്റെ ദുരിതം അനുഭവിക്കുന്നവര്‍ നിശബ്ദം ഈ വിവേചനം ഏറ്റുവാങ്ങും. എന്നാല്‍ സ്വന്തം കര്‍മ്മങ്ങളെക്കുറിച്ച് ചുറ്റുമുള്ളവര്‍ അറിയുമെന്ന ഘട്ടം വന്നാല്‍ മാന്യനാകാന്‍ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകും. ഇത് കണക്കിലാക്കിയാണ് പ്രധാനമന്ത്രി തെരേസ മേയ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. വെളുത്തവനും, വംശീയ ന്യൂനപക്ഷങ്ങള്‍ക്കും രണ്ട് ശമ്പളം നല്‍കുന്ന വിവേചനം അവസാനിപ്പിക്കുകയാണ് മേയുടെ ലക്ഷ്യം. 

വെളുത്തവര്‍ക്കും, വംശീയ ന്യൂനപക്ഷമായ ജീവനക്കാര്‍ക്കും നല്‍കുന്ന ശമ്പളത്തിലെ വ്യത്യാസം വ്യക്തമാക്കുന്ന തരത്തില്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കുക. ഈ വര്‍ഷം ആദ്യം ലിംഗവിവേചനം അനുസരിച്ചുള്ള ശമ്പള വ്യത്യാസം വെളിപ്പെടുത്താന്‍ സ്വീകരിച്ച നടപടികളുടെ ആവര്‍ത്തനമാണ് വംശീയതയെ നേരിടാനും ഉപയോഗിക്കുന്നത്. 250-ല്‍ അധികം ജീവനക്കാരുള്ള പതിനായിരത്തിലേറെ കമ്പനികള്‍ക്കാണ് കണക്കുകള്‍ പ്രസിദ്ധീകരിക്കേണ്ടി വരിക. 10 മില്ല്യണ്‍ ജീവനക്കാരാണ് ഇതില്‍ ഉള്‍പ്പെടുക. 

കരിയറില്‍ മുന്നോട്ട് പോകുമ്പോള്‍ മതിലില്‍ ചെന്നിടിക്കുന്നതായി വംശീയ ന്യൂനപക്ഷ തൊഴിലാളികള്‍ക്ക് അനുഭവപ്പെടാറുണ്ടെന്ന് തെരേസ മേയ് വ്യക്തമാക്കി. പുതിയ നടപടികള്‍ സ്ഥാപനത്തില്‍ മാന്യവും, വൈവിധ്യമാര്‍ന്നതുമായ തൊഴിലിടം രൂപപ്പെടുന്നതിന് വഴിയൊരുക്കും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കാനാണ് 250 ജീവനക്കാരെന്ന പരിധി നിശ്ചയിച്ചിരിക്കുന്നത്. കുടിയേറ്റക്കാര്‍ക്ക് ഭാഷയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇത് തലക്കെട്ടുകളില്‍ ഇടംനേടാനുള്ള നീക്കം മാത്രമാണെന്നുമാണ് വിമര്‍ശകര്‍ വ്യക്തമാക്കുന്നത്. കൂടാതെ ബിസിനസ്സുകള്‍ക്ക് പദ്ധതി അധിക ചെലവും വരുത്തിവെയ്ക്കും. 

എന്‍എച്ച്എസ് ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളില്‍ വംശീയ വിവേചനം നിലനില്‍ക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തെരേസ മേയുടെ നടപടി. വംശീയ ന്യൂനപക്ഷങ്ങളുടെ പിന്തുണ പ്രധാനമന്ത്രിക്ക് ലഭ്യമാക്കാന്‍ അനുകൂലമായ സാഹചര്യം കൂടി ഒരുക്കുന്നതാണ് നടപടി.  




കൂടുതല്‍വാര്‍ത്തകള്‍.