Breaking Now

നഴ്‌സുമാര്‍ക്കും, ടീച്ചേഴ്‌സിനും വെറും 3% നക്കാപ്പിച്ച വര്‍ദ്ധനവ്; ജഡ്ജിമാര്‍ക്ക് 60,000 പൗണ്ട് വര്‍ദ്ധനവ് പ്രഖ്യാപിച്ചതില്‍ രോഷം ആളിക്കത്തുന്നു; ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 32% ശതമാനം വര്‍ദ്ധനവ്

നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ ഇംഗ്ലണ്ട്, വെയില്‍സ് ജഡ്ജിമാര്‍ക്ക് ആഴ്ചയില്‍ 4615 പൗണ്ട് വര്‍ദ്ധനവാണ് ലഭ്യമാകുക

നഴ്‌സുമാരും, അധ്യാപകരും നല്‍കുന്ന സേവനം സമൂഹത്തിന് എത്രത്തോളം സുപ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ചെയ്യുന്ന ജോലിക്ക് അനുയോജ്യമായ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തവുമാണ്. ഇതിനിടെയാണ് ജഡ്ജിമാര്‍ക്ക് വമ്പന്‍ ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിച്ച് മന്ത്രിമാര്‍ നഴ്‌സുമാരെയും, അധ്യാപകരെയും കൂടുതല്‍ അപഹാസ്യരാക്കുന്നത്. വെറും 3 ശതമാനം ശമ്പളവര്‍ദ്ധന കൊണ്ട് തൃപ്തിപ്പെടാന്‍ ആവശ്യപ്പെട്ട ശേഷമാണ് ജഡ്ജിമാര്‍ക്ക് 60,000 പൗണ്ട് വര്‍ദ്ധനവ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

മന്ത്രിമാര്‍ നിയോഗിച്ച കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് 32 ശതമാനം ശമ്പള വര്‍ദ്ധനവ് നടപ്പാക്കാന്‍ ഉപദേശം നല്‍കിയത്. ഇതോടെ ഇവരുടെ വാര്‍ഷിക ശമ്പളം 181,500 പൗണ്ടില്‍ നിന്നും 240,000 പൗണ്ടായി കുതിച്ചുയരും. ഈയടുത്ത മാസങ്ങളിലാണ് പൊതുമേഖലാ ജീവനക്കാര്‍ 3 ശതമാനം വര്‍ദ്ധനവ് കൊണ്ട് തൃപ്തിപ്പെടാന്‍ ഉത്തരവുണ്ടായത്. നിര്‍ദ്ദേശങ്ങള്‍ ഇപ്പോള്‍ തന്നെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.

ദീര്‍ഘവും, സമ്മര്‍ദവും നിറഞ്ഞ മണിക്കൂറുകള്‍ ജോലിയെടുക്കുന്ന ജുഡീഷ്യറിക്ക് ഈ വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് സീനിയര്‍ സാലറീസ് റിവ്യൂ ബോഡി പറയുന്ന ന്യായീകരണം. ബജറ്റ് അവതരണത്തിന് രണ്ടാഴ്ച മുന്‍പാണ് നിര്‍ദ്ദേശമെന്നതിനാല്‍ സാധാരണക്കാരായ തൊഴിലാളികളുടെ നികുതി വര്‍ദ്ധനവിന് കൂടി ഇത് കാരണമാകും. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പുറമെ സര്‍ക്യൂട്ട് ജഡ്ജിന് 22%, ഡിസ്ട്രിക്ട് ജഡ്ജിന് 8% വര്‍ദ്ധനവുകളാണ് നിര്‍ദ്ദേശം.

ജഡ്ജിമാരെ റിക്രൂട്ട് ചെയ്യാനും നിലനിര്‍ത്താനുമാണ് വമ്പന്‍ ശമ്പളവര്‍ദ്ധനവിന്റെ ഉദ്ദേശമെന്ന് ജസ്റ്റിസ് മന്ത്രാലയം തെരേസ മേയ്ക്ക് അയച്ച കത്തില്‍ വിശദീകരിക്കുന്നു. നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടാല്‍ ഇംഗ്ലണ്ട്, വെയില്‍സ് ജഡ്ജിമാര്‍ക്ക് ആഴ്ചയില്‍ 4615 പൗണ്ട് വര്‍ദ്ധനവാണ് ലഭ്യമാകുക.




കൂടുതല്‍വാര്‍ത്തകള്‍.