റോഡില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട വാക്കേറ്റം കൈയ്യേറ്റത്തിലെത്തിയതോടെ 55 കാരന് ദാരുണാന്ത്യം.വേങ്ങര പറപ്പൂര് പൊട്ടിപ്പാറ പൂവളപ്പില്‍ കോയ (55) ആണ് ഒരു സംഘം പേരുടെ അടിയും ചവിട്ടും ഏറ്റ് മരിച്ചത്.
ഇന്നലെ രാവിലെ പത്തു മണിയോടെ കോട്ടയ്ക്കല്‍ പറപ്പൂരിന് അടുത്ത് പൊട്ടിപ്പാറയിലാണ് സംഭവം. റോഡില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോയയും മറ്റൊരാളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച നടന്ന ആക്രമണമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. പൊട്ടിപ്പാറ സ്വദേശികള്‍ തന്നെയായ ഒരു സംഘം ചേര്‍ന്ന് കോയയെ അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചു. ബോധം നഷ്ടമായ കോയയെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
സംഭവത്തില്‍ പൊട്ടിപ്പാറ സ്വദേശികളായ നൗഫല്‍, ജബ്ബാര്‍, അസ്കര്‍, ഹക്കിം, മൊയ്തിന്ഷാ എന്നിവര്‍ക്കെതിരെ കേസെടുത്തു.
മരിച്ച കോയ ചുമട്ടുതൊഴിലാളിയാണ്. ഇന്ന് കബറടക്കും. ആസിയാണ് ഭാര്യ. അഞ്ചു മക്കളുണ്ട് .