പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ട് സ്വരൂപിക്കാനായി മന്ത്രിമാരുടെ വിദേശ യാത്ര ബുധനാഴ്ച തുടങ്ങാനിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരിക്കുന്നത് മുഖ്യമന്ത്രിയ്ക്ക് മാത്രമാണ്. രണ്ടാഴ്ച മുമ്പ് അനുമതി തേടിയിട്ടും മറ്റ് മന്ത്രിമാര്‍ക്കുള്ള അനുമതി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയ്ക്ക് നല്കിയ അനുമതിയില്‍ രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കരുതെന്ന് വ്യക്തമാക്കിയിട്ടുമുണ്ട് .
വരും ദിവസങ്ങളില്‍ മറ്റു മന്ത്രിമാര്‍ക്കും അനുമതി കിട്ടുമെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ നിശ്ചയിച്ച ദിവസം തന്നെ യാത്ര നടക്കുമോ എന്ന് വ്യക്തമല്ല. 17 മുതല്‍ 22 വരെയാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിതല സംഘത്തിന്റെ സ്പോണ്‍സര്‍മാര്‍ പല രാജ്യങ്ങളിലും വിദേശ മലയാളികള്‍ നേതൃത്വം നല്കുന്ന സംഘടനകളാണ്. ചില സംഘടനകള്‍ രജിസ്ട്രേഷനോ മറ്റ് നടപടി ക്രമങ്ങളോ പാലിച്ചിട്ടില്ലെന്നാണ് എബസി പറയുന്നത്. ഇതു യാത്രയ്ക്ക് തടസ്സം സൃഷ്ടിയ്ക്കും.
എന്നാല്‍ അംഗീകൃത സംഘടനകള്‍ തന്നെയാണ് തങ്ങളെ ക്ഷണിച്ചതെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ വിസ സ്റ്റാമ്പിങ് നടപടികള്‍ പൂര്‍ത്തിയാകൂ. മന്ത്രിമാര്‍ക്കൊപ്പം യാത്ര ചെയ്യേണ്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കഴിഞ്ഞ ദിവസം കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. യാത്രയ്ക്കായി രണ്ടു കോടിയോളം ചിലവ് പ്രതീക്ഷിക്കുന്നു. ഇതനുസരിച്ചുള്ള ഗുണം ലഭിക്കുമോ എന്ന ആശങ്ക മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രകടിപ്പിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ സംഘടനകള്‍ക്കായുള്ള പിരിവ് നിരോധിച്ചിട്ടുണ്ട്. ഇതു തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട് .