തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയവരുടെ കൈവിരലില്‍ മഷി പുരട്ടുന്നത് വ്യാജവോട്ടുകള്‍ തടയുന്നതിന് വേണ്ടിയാണ്. എന്നാല്‍ വിരലില്‍ മഷി പുരട്ടി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നവരുടെ ജീവനെടുക്കാന്‍ കാത്തുനില്ക്കുന്ന മാവോയിസ്റ്റുകള്‍ വഴിയിലുണ്ടെങ്കില്‍ കാര്യങ്ങള്‍ പുലിവാലാകും. ഇവരെ ഭയന്ന് വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് നവംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഈ നിയമത്തില്‍ ഇളവ് നല്‍കണമെന്നാണ് ചത്തീസ്ഗഢ് ഇലക്ഷന് ഓഫീസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമങ്ങള്‍ പ്രകാരം ഒരു വോട്ടര്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നത് തടയാനാണ് ചൂണ്ടുവിരലിലെ മഷിപ്രയോഗം. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാത്രമാകും ഈ മഷി വിരലില്‍ നിന്നും മാഞ്ഞ് തുടങ്ങുക. നമ്മുടെ നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ജനങ്ങളെ ബൂത്തില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള ചത്തീസ്ഗഢ് പോലുള്ള സംസ്ഥാനങ്ങളില്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജനം അംഗമാകുന്നതിനെ ഇവര്‍ എതിര്‍ക്കും, അട്ടിമറിക്കാന്‍ അക്രമങ്ങളും നടത്തും.
ചത്തീസ്ഗഢിലെ 14 പ്രദേശങ്ങളിലാണ്തീവ്ര ഇടത് പ്രവര്‍ത്തകര്‍ സജീവമായിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ മാവോയിസ്റ്റുകള്‍ എതിര്‍ക്കുകയും വോട്ട് ചെയ്യുന്നവരെ അക്രമിക്കുകയും ചെയ്യും. ചൂണ്ടുവിരലിലെ മഷിയാണ് ഇതിനായി ഇവര്‍ പ്രയോജനപ്പെടുത്തുന്നത്. അതേസമയം ഈ മാറ്റം ചുരുങ്ങിയ സമയം കൊണ്ട് നടപ്പാകുമോയെന്ന് ഉറപ്പില്ല.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഈ രീതി അംഗീകരിച്ച് നിയമ മന്ത്രാലയത്തിന്റെ അനുമതി തേടണം. ഇവിടെയും തടസ്സങ്ങളില്ലെങ്കില്‍ 1961-ലെ തെരഞ്ഞെടുപ്പ് നിയമങ്ങളിലെ സെക്ഷന്‍ 49 (കെ) ഭേദഗതി ചെയ്യേണ്ടതായി വരും.