CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 46 Seconds Ago
Breaking Now

ഞങ്ങളുടെ പേരു പറയാനുള്ള മാന്യത പോലും മോഹന്‍ലാല്‍ കാണിച്ചില്ല ; കുറ്റാരോപിതനെ പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്ന് വനിതാ സംഘടന

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സിനിമാ സംഘടനയായ അമ്മയ്‌ക്കെതിരെ തുറന്ന പോരുമായി വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗങ്ങള്‍. നടിക്കതിരെ ആക്രമണം നടന്നിട്ട് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടിക്ക് പിന്തുണ ലഭിച്ചില്ലെന്ന് അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഏതാനും ദിവസം മുമ്പ് മോഹന്‍ലാല്‍ നടത്തിയ പത്രസമ്മളേനത്തില്‍ തങ്ങളെ നടിമാര്‍ എന്നാണ് പറഞ്ഞത്. അദ്ദേഹം തങ്ങളുടെ പേര് പറയാനുള്ള മാന്യത പോലും കാണിച്ചില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു.

അമ്മ സംഘടനയില്‍ ഇപ്പോഴും കുറ്റാരോപിതനുണ്ട്. പീഡനം അനുഭവിച്ച വ്യക്തി പുറത്താണ്. കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് സംഘടന ശ്രമിച്ചത്. യുവനടിക്കെതിരെ അതിക്രമം നടന്നിട്ട് വേണ്ടരീതിയിലുള്ള പിന്തുണ കിട്ടിയില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു. അതുകൊണ്ടാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇടവന്നത്. ഇന്ത്യ മുഴുവനും ഒരു മൂവ്‌മെന്റ് നടക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതില്‍ നടപടി എടുക്കുന്നു. സ്ത്രീകള്‍ പറയുന്നത് വിശ്വസിക്കുന്നു. പക്ഷേ സിനിമാസംഘടനകള്‍ വാക്കാലെയല്ലാതെ യാതൊരു പിന്തുണയും നല്‍കിയില്ല. തങ്ങള്‍ കുറച്ച് കൂടി പ്രതീക്ഷിക്കുന്നുവെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്കു മുന്നില്‍ വായിച്ചു.

വെളിപ്പെടുത്തലോ രാജിയോ അല്ല തങ്ങളുടെ ലക്ഷ്യം. വരും തലമുറയ്ക്ക് മാന്യമായി ജോലി ചെയുന്നതിന് അവസരം ഉണ്ടാകണമെന്ന് ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. സിനിമാ മേഖല ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും. മുഖ്യമന്ത്രിയോട് സംസാരിച്ചതനുസരിച്ച് കമ്മിഷന്‍ രൂപീകരിക്കും

ഇത് തുടക്കമാണ്. ആരും അമ്മയില്‍ നിന്ന് രാജി വയ്ക്കുന്നില്ല. സിനിമാ മേഖലയിലെ മികച്ചതാക്കി മാറ്റുന്നതിനാണ് ശ്രമം. അമ്മ സന്തുഷ്ട കുടുംബമല്ല. നേതൃത്വ മാറ്റമല്ല വേണ്ടത്. എന്നാലും അതാണ് അനിവാര്യമെങ്കില്‍ അതിനും തയ്യാറാവണം. നല്ല കുടുംബമാണെന്നും പറഞ്ഞ് ഇങ്ങനെ കണ്ണില്‍ പൊടിയിട്ട് നടക്കാന്‍ പറ്റില്ല. ദിലീപിന്റെ വിഷയമല്ല തങ്ങള്‍ക്ക് പ്രധാനം, അത് നിയമം നോക്കട്ടെ അമ്മയാണ് തങ്ങളുടെ വിഷയം. അമ്മയിലുള്ള വിശ്വാസമല്ല പോയത് നേതൃത്ത്വത്തിലുള്ള വിശ്വാസമാണ്,സംഘടനയോട് എതിര്‍പ്പില്ല. തങ്ങള്‍ എന്തിനാണോ സംഘടന ഫോം ചെയ്തത് അത് നിശ്ചയമായും നടത്തിയിരിക്കും, ഇനി മിണ്ടാതിരിക്കാന്‍ തീരുമാനമില്ലെന്നും പാര്‍വ്വതി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.