CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 57 Seconds Ago
Breaking Now

മദ്യം ഇനി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം; സംഗതി വീട്ടിലെത്തും

മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം

മദ്യപിച്ച് വാഹനം ഓടിക്കുന്നത് വളരെ അപകടകരമായ സംഗതിയാണ്. ഇത്തരത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഇതില്‍ വലിയ പ്രശ്‌നം തോന്നില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ഇതിന്റെ ബുദ്ധിമുട്ട് നന്നായറിയാം. വാഹനത്തിന്റെ നിയന്ത്രണം അകത്തുള്ള മദ്യം ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകാനുള്ള സാധ്യത ഏറെയാണ്. ഈ പ്രശ്‌നം ഒഴിവാക്കാന്‍ വഴിയില്‍ നിന്ന് ഊതിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് മഹാരാഷ്ട്രയില്‍ ഈ പുതിയ ഐഡിയ പ്രയോഗിക്കുന്നത്. 

ആവശ്യമുള്ള മദ്യം വീട്ടിലിരുന്ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം. സംഗതി വീട്ടുപടിക്കല്‍ ഡെലിവെറി ചെയ്യും. മദ്യപിച്ച് വാഹനം ഓടിക്കുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാനുള്ള ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും, ഹോം ഡെലിവെറിക്കും അനുമതി നല്‍കിയിരിക്കുന്നത്. എന്ന് മുതലാണ് ഈ രീതി പ്രാബല്യത്തില്‍ വരികയെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

'മദ്യപിച്ച് വാഹനം ഓടിക്കുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യം. മദ്യം വീട്ടിലെത്തിച്ച് നല്‍കുന്നതോടെ ഇത് പരിഹരിക്കാം', സംസ്ഥാന എക്‌സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവാന്‍കുളെ വ്യക്തമാക്കി. എന്നാല്‍ ജനത്തെ സേവിക്കുക മാത്രമല്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം വരുമാനം ഉയര്‍ത്തുകയെന്ന ലക്ഷ്യവും ചേര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. 

ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖര്‍ ഇതോടെ മദ്യവിപണിയിലേക്ക് കടന്നെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈവേകള്‍ക്ക് സമീപമുള്ള 3000 മദ്യ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ സര്‍ക്കാരിന് വന്‍ എക്‌സൈസ് ടാക്‌സ് നഷ്ടമാണ് സംഭവിക്കുന്നത്. 2017-18 കാലത്ത് മദ്യത്തിന്റെ വിറ്റുവരവില്‍ എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ സംസ്ഥാന ഖജനാവിലേക്ക് ഒഴുകിയത് 15,343 കോടി രൂപയാണ്. 

കൂടാതെ പെട്രോള്‍, ഡീസല്‍ നികുതി കുറക്കാനുള്ള തീരുമാനം ഖജനാവിന്റെ വരുമാനം കുറയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മദ്യം ഓണ്‍ലൈനില്‍ വില്‍പ്പന നടത്തി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുവഴി കൂടുതല്‍ വരുമാനം കണ്ടെത്താമെന്നാണ് പ്രതീക്ഷ. 

 




കൂടുതല്‍വാര്‍ത്തകള്‍.