Breaking Now

മലയാളി പക്ഷെ ഓസ്‌ട്രേലിയന്‍ പൗരന്‍; യുകെയില്‍ വര്‍ക്ക് വിസ കാലാവധി കഴിഞ്ഞ് മടങ്ങവെ ഹൃദയാഘാതം; കുടുംബത്തോടൊപ്പം ഹീത്രൂ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലില്‍ കുടുങ്ങി; നിര്‍ബന്ധിതമായി നാടുകടത്താന്‍ നാല് ഡോക്ടര്‍മാര്‍ അകമ്പടിയേകും

ബാലചന്ദ്രനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി യാത്ര ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി ഹോം ഓഫീസ്

യുകെ ഇമിഗ്രേഷന്റെ കടുപ്പം അനുഭവിച്ചറിഞ്ഞ് ഒരു മലയാളി കുടുംബം. വിമാനയാത്രയില്‍ സ്‌ട്രോക്ക് ഉണ്ടാകുമെന്ന് ഭയന്ന് നാല് ഡോക്ടര്‍മാരുടെ അകമ്പടിയിലാണ് ഇദ്ദേഹത്തെയും കുടുംബത്തെയും യുകെയില്‍ നിന്നും നീക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഓസ്‌ട്രേലിയന്‍ പൗരനായ ശങ്കരപിള്ള ബാലചന്ദ്രന് മൂന്ന് തവണ സ്‌ട്രോക്ക് നേരിട്ടിട്ടുണ്ട്. 2007-ല്‍ യുകെയിലെത്തിയ 60-കാരനൊപ്പം ഭാര്യസ മകന്‍, രണ്ട് പെണ്‍മക്കള്‍ എന്നിവരെയാണ് വര്‍ക്ക് വിസ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തുന്നത്.

ഇദ്ദേഹത്തിന്റെ സ്ഥിതി നിരീക്ഷിക്കാന്‍ 27 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ നാലംഗ ഡോക്ടര്‍മാരുടെ സംഘം ഒപ്പമുണ്ടാകും. സെപ്റ്റംബര്‍ മുതല്‍ രാജ്യത്ത് നിന്നും മടങ്ങാന്‍ കഴിയാതെ ഹീത്രൂ വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു കുടുംബം. ഫെബ്രുവരില്‍ ബാലചന്ദ്രനും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ തയ്യാറായി വിമാനത്തില്‍ കയറിയെങ്കിലും രോഗബാധിതനായതോടെ തിരികെ ഇറങ്ങേണ്ടിവന്നു.

വിമാനത്തില്‍ കയറിയപ്പോഴാണ് പിതാവിന്റെ പ്രതികരണത്തില്‍ പ്രശ്‌നങ്ങള്‍ തോന്നിയതെന്ന് 23-കാരനായ മകന്‍ പ്രണവന്‍ പറഞ്ഞു. പെട്ടെന്ന് വിയര്‍ക്കാനും, മുന്‍പ് സ്‌ട്രോക്ക് ഉണ്ടായ സമയത്ത് കാണിച്ച ലക്ഷണങ്ങളും പ്രകടിപ്പിച്ചു. എയര്‍ലൈന്‍ അറ്റന്‍ഡന്റാണ് വിമാനത്തില്‍ നിന്നും തിരികെ ഇറങ്ങാന്‍ നിര്‍ദ്ദേശിച്ചത്. ഓസ്‌ട്രേലിയയിലേക്ക് മടങ്ങാന്‍ മൂന്ന് മാസത്തിനിടെ രണ്ടാം വട്ടം സമ്മതിച്ച ഘട്ടത്തിലാണ് ഈ സംഭവം.

2017 ഡിസംബറില്‍ പിതാവിന്റെ അവസ്ഥ മൂലം എയര്‍പോര്‍ട്ട് വരെ പോലും പോകാന്‍ സാധിച്ചില്ല. ബാലചന്ദ്രനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി യാത്ര ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തിയതായി ഹോം ഓഫീസ് പറയുന്നു. 2007-ലാണ് എഞ്ചിനീയറായി ഓസ്‌ട്രേലിയയില്‍ നിന്നും യുകെയിലേക്ക് ബാലചന്ദ്രന്‍ എത്തിയത്. 2012 നവംബറില്‍ വര്‍ക്ക് പെര്‍മിറ്റ് വിസ കാലാവധി കഴിഞ്ഞതോടെ 2013 മാര്‍ച്ചില്‍ ടിയര്‍ 1 ഹൈലിസ്‌കില്‍ഡ് മൈഗ്രന്റ് വിസ അനുവദിക്കപ്പെട്ടു.

ബാലചന്ദ്രന്റെ വര്‍ക്ക് വിസ കാലാവധി കഴിഞ്ഞതോടെ കുടുംബം രാജ്യത്ത് തുടരാന്‍ അനുമതി തേടിയെങ്കിലും 2013 ജൂണില്‍ ഹോം ഓഫീസ് ഈ ആവശ്യം നിഷേധിച്ചു. 2015 ഏപ്രിലില്‍ അവരുടെ അപ്പീലും നഷ്ടമായി. ഓസ്‌ട്രേലിയയിലേക്ക് തിരികെ പോകാതിരിക്കാന്‍ കാരണങ്ങളില്ലെന്നായിരുന്നു ന്യായീകരണം. ബാലചന്ദ്രന്റെ ഭാര്യ ശാന്തി (53), മക്കളായ കാര്‍ത്തിക (30), സിന്ധുജ (28), പ്രണവന്‍ എന്നിവരെല്ലാം ഓസ്‌ട്രേലിയന്‍ പൗരന്‍മാരുമാണ്.

എന്നാല്‍ പിതാവിന് ഇനിയും സ്‌ട്രോക്ക് നേരിട്ടാല്‍ യുകെ വിട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാകുമെന്ന് പ്രണവന്‍ പറയുന്നു. കാലൊടിഞ്ഞത് പോലെ സ്‌ട്രോക്കിന് വിമാനത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ എന്തിനാണ് ഈ നാല് ഡോക്ടര്‍മാരെ കൂടെ അയയ്ക്കാന്‍ ഹോം ഓഫീസ് തയ്യാറാകുന്നതെന്ന് വ്യക്തമല്ല, പ്രണവന്‍ വ്യക്തമാക്കി.
കൂടുതല്‍വാര്‍ത്തകള്‍.