CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 31 Seconds Ago
Breaking Now

കരാര്‍ കിട്ടിയില്ലെങ്കിലും കാശ് ചെലവാകും; ബ്രസല്‍സുമായി കരാര്‍ നേടാതെ ഇറങ്ങിപ്പോന്നാല്‍ 36 ബില്ല്യണ്‍ പൗണ്ട് ബില്‍ നല്‍കേണ്ടി വരുമെന്ന് ചാന്‍സലര്‍; ബ്രക്‌സിറ്റ് വാഗ്ദാനങ്ങള്‍ വെറും പൊളിവോ?

കരാര്‍ നേടാതെ പുറത്തുവന്നാല്‍ ഒരൊറ്റ നയാപൈസ യൂറോപ്യന്‍ യൂണിയന് കൊടുക്കേണ്ടി വരില്ലെന്ന വാദങ്ങളാണ് ചാന്‍സലര്‍ തള്ളിയത്

ഏത് ബന്ധവും കൂട്ടിച്ചേര്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അത് പൊളിച്ചെറിയാന്‍ എളുപ്പവും. ഇതുവരെ ഇങ്ങനെയാണ് കരുതിയിരുന്നതെങ്കിലും ബ്രിട്ടന്റെ അനുഭവം മറിച്ചാണ്. യൂറോപ്യന്‍ യൂണിയന്‍ സൃഷ്ടിക്കാനും പങ്കുചേരാനും എടുത്ത കഷ്ടപ്പാടിനേക്കാള്‍ വലിയ ബുദ്ധിമുട്ടാണ് അവിടെ നിന്നും ഇറങ്ങിപ്പോരാനുള്ള ശ്രമങ്ങള്‍ വഴിയൊരുക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരുകളെ വീഴ്ത്തുകയും, പ്രധാനമന്ത്രിമാരെ മാറ്റുകയും, രാഷ്ട്രീയകക്ഷികളില്‍ ഉള്‍പ്പോരും, ജനങ്ങളില്‍ ഭിന്നിപ്പും സൃഷ്ടിച്ച് മുന്നേറുകയാണ് ബ്രക്‌സിറ്റ്. ബ്രസല്‍സുമായി കരാര്‍ ഉണ്ടാക്കിയ ശേഷം ഇറങ്ങിപ്പോരാനുള്ള ശ്രമങ്ങളും എങ്ങുമെത്തിയിട്ടില്ല. ഇതിനിടെയാണ് ബ്രക്‌സിറ്റ് പ്രേമികളെ ഞെട്ടിച്ച് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ആ വെളിപ്പെടുത്തല്‍ നടത്തുന്നത്. 

കരാര്‍ നേടാതെ പുറത്തുവന്നാല്‍ ഒരൊറ്റ നയാപൈസ യൂറോപ്യന്‍ യൂണിയന് കൊടുക്കേണ്ടി വരില്ലെന്ന വാദങ്ങളാണ് ചാന്‍സലര്‍ തള്ളിയത്. വ്യാപാര കരാര്‍ ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കൊടുക്കാനുളള്ള ബില്‍ അടയ്ക്കുക തന്നെ വേണമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 36 ബില്ല്യണ്‍ പൗണ്ടാണ് ബ്രിട്ടന് ചെലവ് വരിക. ബ്രക്‌സിറ്റ് ബില്‍ അടയ്ക്കാതെ രക്ഷപ്പെടാനുള്ള നിയമപോരാട്ടത്തില്‍ ബ്രിട്ടന് നേട്ടങ്ങള്‍ ഉണ്ടാകില്ല. കൂടിപ്പോയാല്‍ 3 ബില്ല്യണ്‍ മുതല്‍ 9 ബില്ല്യണ്‍ പൗണ്ട് വരെ ലാഭം നേടാമെന്ന് മാത്രം, ക്യാബിനറ്റ് മന്ത്രിമാരോട് ചാന്‍സലര്‍ വിശദീകരിച്ചു. 

വ്യാപാര കരാര്‍ നല്‍കിയില്ലെങ്കില്‍ യുകെ പണം നല്‍കാന്‍ വിസമ്മതിക്കുമെന്ന ബ്രക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബിന്റെ അവകാശവാദങ്ങള്‍ തള്ളിക്കൊണ്ടാണ് ചാന്‍സലര്‍ ഈ സത്യാവസ്ഥ വെളിപ്പെടുത്തിയത്. കരാര്‍ നേടാതെ പുറത്തുവന്നാലും 30-36 ബില്ല്യണ്‍ പൗണ്ട് വരെ ഇയുവിന് നല്‍കേണ്ടി വരുമെന്നാണ് ട്രഷറിക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. അന്താരാഷ്ട്ര വ്യവഹാരത്തിന് ശ്രമിച്ചാലും വിജയിക്കാനുള്ള സാധ്യത കുറവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ വാദങ്ങള്‍ യൂറോപ്പ് വിരുദ്ധരെ രോഷാകുലരാക്കുകയാണ്. 

ഐറിഷ് അതിര്‍ത്തി ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങളില്‍ അന്തിമ തീരുമാനത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് ബ്രസല്‍സില്‍ ചര്‍ച്ചകള്‍ക്കായി പോകുന്നതിന് തൊട്ടുമുന്‍പാണ് ചാന്‍സലറുടെ ഈ നിലപാട്. ബ്രിട്ടന്റെ ഭാഗത്ത് നിന്നും ശക്തമായ പദ്ധതികളില്ലാതെ ചര്‍ച്ച മുന്നോട്ട് പോകില്ലെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.