ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതീ പ്രവേശത്തിനെതിരെ നിലയ്ക്കലിലും പമ്പയിലും സമരം നടത്തിയിരുന്നവര്‍ അഴിച്ചുവിട്ടത് വന്‍ ആക്രമണം. ഹിന്ദു ഐക്യവേദിയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ എത്തിയിരുന്നു. ഉച്ചയോടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയുമടക്കമുള്ളവര് നിലയ്ക്കലില്‍ നിന്നും പിന്മാറി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ അക്രമാസക്തരാകുകയും ആക്രമണങ്ങള്‍ അഴിച്ചുവിടുകയുമായിരുന്നു. പമ്പയിലേയ്ക്ക് പോകുകയായിരുന്ന 13 കെ.എസ്.ആര്.ടി.സി ബസ്സുകള്‍ അക്രമകാരികള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഇലവുങ്കലില്‍ പൊലീസ് വാഹനം കൊക്കയിലേക്ക് മറിച്ചിട്ടു. മാധ്യമസ്ഥാപനങ്ങളുടെ വാഹനം അടിച്ചും എറിഞ്ഞും തകര്‍ത്തു. സംഘപരിവാര്‍ സംഘടനകളുടെ പിന്‍ബലത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലിലെത്തി ബസ്സില്‍ പോകാന്‍ ശ്രമിച്ച യുവതികളെ ബലംപ്രയോഗിച്ച് പിടിച്ചിറക്കി. പമ്പയേയും നിലയ്ക്കലിനേയും കലാപഭൂമിയാക്കിയായിരുന്നു ആക്രമണം.
പമ്പയിലേക്കുപോയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയായിരുന്നു ആദ്യം അക്രമം അഴിച്ചുവിട്ടത്. ഇംഗ്ലീഷ് വാര്‍ത്താചാനലുകളുടെ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ എത്തിയ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ന്യൂസ് മിനിറ്റിലെ റിപ്പോര്‍ട്ടര്‍ സരിതയടക്കം നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. റിപ്പബ്ലിക് ടി.വി റിപ്പോര്‍ട്ടര്‍ പൂജാ പ്രസന്നയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.
നിലയ്ക്കലില്‍ വെച്ചാണ് റിപ്പബ്ലിക് ടി.വിയുടെ കാറിന് നേരെ ആക്രമണമുണ്ടായത്. കാറിന്റെ ചില്ലും കണ്ണാടിയും തകര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനല്‍, ഏഷ്യാനെറ്റ്, മാതൃഭൂമി എന്നീ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെയും കല്ലേറുമുണ്ടായി. എ.ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
നിലയ്ക്കലില്‍ അക്രമം അഴിച്ചുവിട്ട സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് തുടര്‍ച്ചയായി ലാത്തിച്ചാര്‍ജ് നടത്തി. കല്ലേറില്‍ പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. പമ്പയില്‍ നാമജപ പ്രതിഷേധം നടത്തിയവരെ നീക്കാന്‍ പൊലീസ് നടത്തിയ ശ്രമം കല്ലേറിലും ലാത്തിച്ചാര്‍ജിലും കലാശിച്ചു. സ്ത്രീകളടക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. പമ്പയില്‍ നാമജപസമരം നടത്തിയവരെ പൊലീസ് നീക്കി. അവഗണിച്ചവരെ ബലം പ്രയോഗിച്ച് നീക്കാന്‍ തുടങ്ങിയതോടെ ചിതറിയോടിയവര് പൊലീസിനെ കല്ലെറിഞ്ഞു. ഒന്നരമണിക്കൂറോളം പണിപെട്ടാണ് പൊലീസ് അക്രമകാരികളെ നിയന്ത്രിച്ചത്.