മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയത് ലൈംഗീക ബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് 19 കാരന്റെ മൊഴി. തിങ്കളാഴ്ചയാണ് മാനസി ദീക്ഷിത് എന്ന മോഡലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയില്‍ എത്തിയ മാനസി ദീക്ഷിതിനെ ഇന്റര്‍നെറ്റിലൂടെയാണ് മുസാമില്‍ സയിദ് പരിചയപ്പെട്ടത്. മാനസിയെ കാണാന്‍ അന്ധേരിയിലുള്ള അവരുടെ ഫ്ളാറ്റില്‍ സയിദ് എത്തുകയായിരുന്നു. സംസാരത്തിനിടെ തന്റെ താല്പര്യം സയിദ് മാനസിയെ അറിയിച്ചു. ആവശ്യം നിഷേധിച്ചതോടെ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സയിദ് മാനസിയുടെ തലയില്‍ കസേര കൊണ്ട് അടിക്കുകയായിരുന്നു. ബോധം കെട്ടു വീണ മാനസിയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാനസിയുടെ അമ്മ അവിടേയ്ക്ക് എത്തുമെന്ന പരിഭ്രമത്തില്‍ അവളുടെ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് സയിദ് പോലീസിന് നല്കിയ മൊഴി.
മൃതശരീരം സ്യൂട്ട്കേയ്സിലാക്കി ടാക്സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിയിലെത്തിച്ച ശേഷം മൈന്‍ഡ് സ്പേസില്‍ ഉപേക്ഷിക്കുകയായിരുന്നു. ശേഷം സയിദ് ഓട്ടോയില്‍ കയറി പോയി. സെയ്ദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തി. സിസിടിവി ദൃശ്യത്തിലൂടെ സെയ്ദിന്റെ ഓട്ടോ പിന്തുടര്ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. സയിദിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി അന്വേഷണത്തിലാണെന്നും പോലീസ് അറിയിച്ചു .