CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 23 Seconds Ago
Breaking Now

രഹ്നാ ഫാത്തിമയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ നടപടിയുണ്ടായേക്കും

പൊലീസ് സുരക്ഷയോടെ ശബരിമല നടപ്പന്തല്‍ വരെയെത്തിയ എറണാകുളം സ്വദേശി രഹനാ ഫാത്തിമയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൂചന നല്‍കി ബി.എസ്.എന്‍.എല്‍ അധികൃതര്‍. കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമോ ജീവനക്കാരോ ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ കൂട്ടുനില്‍ക്കില്ല. വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും ജീവനക്കാര്‍ ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ നടപ്പിലാക്കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ബി.എസ്.എന്‍.എല്‍ അധികൃതര്‍ വിശദീകരണക്കുറിപ്പ് ഇറക്കിയുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളെ , മാന്യ ശബരിമല വിശ്വാസികളേ,

ഭാരതത്തിന്റെ നിയമവും അഖണ്ഡതയും കാത്തു സൂക്ഷിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലികോം പൊതുമേഖലാ സ്ഥാപനമാണ് ബി.എസ്.എന്‍.എല്‍. ഏതെങ്കിലും മത വികാരത്തെ വ്രണപ്പെടുതാണോ എന്തെങ്കിലും നിയമങ്ങള്‍ ലംഘിക്കാനോ ബി.എസ്.എന്‍.എല്‍ എന്ന സ്ഥാപനം കൂട്ട് നില്‍ക്കില്ല എന്ന് ഞങ്ങളുടെ മാന്യ വരിക്കാരേയും അഭ്യുതയകാംക്ഷികളെയും അറിയിച്ചു കൊള്ളുന്നു.. രണ്ടു ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ ആരെങ്കിലും വ്യക്തിതാല്‍പ്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും മതങ്ങളുടെ വിശ്വാസങ്ങള്‍ വ്രണപ്പെടുത്തുകയോ അതിനു കൂട്ട് നില്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഭാരത സര്‍ക്കാര്‍ അംഗീകരിച്ച നിയമാവലി അനുസരിച്ച് ഉചിതമായ നടപടി സ്വീകരിക്കും എന്നറിയിച്ചു കൊള്ളുന്നു. വ്യക്തിപരമായി ഏതെങ്കിലും ജീവനക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ ബി.എസ്.എന്‍.എലിന്റെ തീരുമാനമായി തെറ്റിദ്ധരിക്കരുത് എന്ന് അപേക്ഷിക്കുന്നു.

ശബരിമലയെ സംബന്ധിച്ച് വര്‍ഷം മുഴുവന്‍ സന്നിധാനത്ത് അവിടുത്തെ ശാന്തിമാരുടെയും ദേവസ്വം ജീവനക്കാരുടേയും മറ്റു ഉദ്യോഗസ്ഥന്മാരുടെയും ഉപയോഗാര്‍ത്ഥം മൊബൈല്‍ ടവര്‍ ഓണ്‍ ആക്കി വെയ്ക്കുന്നത് ഒരു ലാഭത്തിനും വേണ്ടിയല്ല മറിച്ചു നിസ്വാര്‍ഥമായ സേവനം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് ഞങ്ങള്‍ അറിയിച്ചു കൊള്ളുന്നു. . മണ്ഡല മകര വിളക്ക് കാലത്തൊഴികെ മറ്റു മലയാള മാസങ്ങളില്‍ നട തുറക്കുമ്പോഴും ബി.എസ്.എന്‍.എല്‍ മാത്രമാണ് പമ്പ മുതല്‍ സന്നിധാനം വരെ മൊബൈല്‍ കവേറേജ് നല്‍കുന്നത്. വളരെ അധികം നഷ്ടം സഹിച്ചും ഇത് പോലെ ഉള്ള സര്‍വീസ് നല്‍കുന്നത് ഇതൊരു സര്‍ക്കാര്‍ കമ്പനി ആയത് കൊണ്ടും ജനങ്ങളോടുള്ള ഞങ്ങളുടെ നിസ്വാര്‍ത്ഥമായ സേവന മനോഭാവം കൊണ്ടു മാണ്. ബി.എസ്.എന്‍.എലിന്റെ മുഴുവന്‍ നിയന്ത്രണവും കേന്ദ്ര സര്‍ക്കാരില്‍ അര്‍പ്പിതമാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഞങ്ങള്‍ സദാ ബാധ്യസ്ഥാരെന്നും എല്ലാ നല്ലവരായ വരിക്കാരെയും ഭക്തന്മാരെയും ഈ പ്രത്യക സാഹചര്യത്തില്‍ ഞങ്ങള്‍ അറിയിച്ചു കൊള്ളുന്നു.

നമ്മളുടെ എല്ലാം നികുതി പണത്താല്‍ പടുത്തുയര്‍ത്തിയ ബി.എസ്.എന്‍.എല്‍ എന്ന ഈ സ്ഥാപനം കേരളത്തില്‍ ഇപ്പോള്‍ കഴിഞ്ഞു പോയ പ്രളയ കാലത്തും മുന്‍പ് ചെന്നൈയിലും വിശാഖപട്ടണത്തും കാശ്മീരിലും ഉത്തരാഖണ്ഠിലും ഒക്കെ ദുരന്തം വപ്പോള്‍ മറ്റു ഓപ്പറേറ്റര്‍മാര്‍ അവരുടെ സര്‍വീസ് ഓഫ് ചെയ്തപ്പോള്‍ വര്‍ധിച്ച ഇന്ധന ചിലവ് സഹിച്ചും വൈദ്യുതി ഇല്ലാത്ത ദിവസങ്ങളിലും ജനങ്ങളുടെ രക്ഷക്ക് അഹോരാത്രം നിസ്വാര്‍ഥം പ്രവര്‍ത്തിച്ചു എന്നത് നിങ്ങള്‍ ഒക്കെ അനുഭവിച്ചറിഞ്ഞതാണല്ലോ. തുടര്‍ന്നും ഇതേ പോലെ ഉള്ള സേവനങ്ങള്‍ ചെയ്യുന്നതിന് നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് താഴ്മയായി അറിയിച്ചു കൊള്ളുന്നു.

150 വര്‍ഷത്തിനു മുകളില്‍ പാരമ്പര്യം ഉള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ സ്വന്തം സ്ഥാപനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ ഉപദേശവും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിച്ചു കൊള്ളുന്നു. ഭാരതത്തിന്റെ നിയമങ്ങള്‍ കാത്തു സൂക്ഷിച്ചു കൊണ്ട്, ഭാരതത്തിന്റെ മത നിരപേക്ഷത കാത്തു സൂക്ഷിച്ചു കൊണ്ട് നമ്മുടെ സാഹോദര്യം കാത്തു സൂക്ഷിച്ചു കൊണ്ട് ഏതു സമയത്തും എന്നും ഞങ്ങള്‍ കൂടെ ഉണ്ടാകും എന്ന് ഒരിക്കല്‍ കൂടി ഞങ്ങള്‍ ഉറപ്പു തരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.