Breaking Now

മരണമെന്ന യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍' പതിനഞ്ചാം വര്‍ഷത്തില്‍ അഭിമാനത്തോടെ, മാതൃകയായി 'അഭിമാനത്തോടെ ഒരു മടക്കയാത്രയുമായി എം.എം.സി.എ'....

മാഞ്ചസ്റ്റര്‍: ലോകമെമ്പാടുമുള്ള മലയാളി പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായി മാറുകയാണ് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ). പ്രവാസ ലോകത്ത് മലയാളി സംഘടനകള്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വിത്യസ്തമാവുകയാണ് എം.എം.സി.എയുടെ പ്രവര്‍ത്തനങ്ങള്‍. നമ്മുടെയിടയില്‍ മരണം സംഭവിച്ച് കഴിയുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാന്‍ പിരിവുമായി ആളുകളെ സമീപിക്കുന്ന പതിവു രീതി ഇനി മുതല്‍ എം.എം.സി.എ കുടുംബാംഗങ്ങള്‍ക്ക് ആവശ്യമാകില്ല. നമ്മുടെ കുടുംബാംഗങ്ങളുടെ വേര്‍പാടിന്റെ വേദനയ്‌ക്കൊപ്പം നാട്ടുകാരുടെയും സുഹൃത്തുക്കളടെയും മുന്നില്‍ കൈ നീട്ടി യാചിക്കേണ്ട ഏറ്റവും ദയനീയമായ അവസ്ഥയിലൂടെ കടന്ന് പോവുക എന്നത് തീര്‍ത്തും ഹൃദയഭേദകമാണ്.

ഇതിനൊരു മാറ്റം വരുത്തുക എന്ന സുദ്ദേശത്തോടെ ടീം എം.എം.സി.എ എടുത്ത ധീരവും ശക്തവുമായ തീരുമാനത്തെ അംഗങ്ങള്‍ സ്വാഗതം ചെയ്തത്.   ശ്രീ.ജോബി മാത്യു പ്രസിഡന്റും അലക്‌സ് വര്‍ഗ്ഗീസ് സെക്രട്ടറിയും സിബി മാത്യു ട്രഷറുമായ ടീം എം.എം.സി.എ. അഭിമാനത്തോടെ ഒരു മടക്കയാത്ര എന്ന സ്വപ്ന പദ്ധതിയുമായി അംഗങ്ങളെ സമീപിച്ചത്.  മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടാത്ത ഒരു സമൂഹമായി തങ്ങളുടെ അംഗങ്ങളെ മാറ്റുക എന്ന വലിയ സന്ദേശവും, ലക്ഷ്യവുമായി അംഗങ്ങളുടെ അഭിപ്രായം അറിയുന്നതിനായി ''അഭിമാനത്തോടെ ഒരു മടക്കയാത്ര' എന്ന സ്വപ്ന പദ്ധതി 2017 ഏപ്രില്‍ 2 ന് സമര്‍പ്പിച്ചു. വീണ്ടും അതേ മാസം 8 ന് കൂടുതല്‍ വ്യക്തത വരുത്തുവാന്‍ ആകെ അംഗങ്ങളുടെ മുന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകുകയുള്ളൂ എന്ന് വ്യക്തമാക്കി  അംഗങ്ങളുടെയിടയില്‍ റഫറണ്ടം നടത്തി  അഭിപ്രായം ശേഖരിച്ചപ്പോള്‍ 90 ശതമാനം അംഗങ്ങളും  പിന്തുണച്ചതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുവാന്‍ തീരുമാനിച്ചു.

 തുടര്‍ന്ന് നിരവധിയായ ചര്‍ച്ചകള്‍ക്കൊടുവില്‍ 2017 ജൂലൈ 17ന് മുന്‍ പ്രസിഡന്റ് ശ്രീ. കെ.കെ.ഉതുപ്പ് അവര്‍കളില്‍ നിന്നും ആദ്യ ചെക്ക് കൈപ്പറ്റി അന്നത്തെ  പ്രസിഡന്റ് ശ്രീ.ജോബി മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു.  അതിന്റെ നടപടി ക്രമങ്ങള്‍ നടന്ന് വരുന്നതിനിടയില്‍ ഭരണ സമിതിയുടെകാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പുതിയതായി ശ്രീ.അലക്‌സ് വര്‍ഗ്ഗീസ് പ്രസിഡന്റും ജനീഷ് കുരുവിള സെക്രട്ടറിയും സാബു ചാക്കോ ട്രഷററായുമുള്ള  കമ്മിറ്റി പുതിയതായി ചുമതലയേല്‍ക്കുകയും പദ്ധതിയുമായി ആത്മാര്‍ത്ഥതയോടെ മുന്നോട്ട് കൊണ്ട് പോകുകയും അതിനെ തുടര്‍ന്ന് എം.എം.സി.എയുടെ സ്വപ്ന പദ്ധതി 'അഭിമാനത്തോടെ ഒരു മടക്കയാത്ര ' 130 അംഗങ്ങള്‍ സ്വമനസാലെ, അഭിമാനപുരസ്സരം പ്രസ്തുത പദ്ധതിയുടെ ഭാഗമായതിനാല്‍ ഒക്‌ടോബര്‍ മാസം പതിനഞ്ചാം തീയ്യതി (ഒക്ടോബര്‍ 15  2018) തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരുകയുണ്ടായി. 

മരണം മൂലമുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളില്‍ കുടുംബത്തിന് താങ്ങാവുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. 50 പൗണ്ടാണ് പദ്ധതിയുടെ അംഗത്വ ഫീസ്. പരമാവധി 4000 പൗണ്ട് കുടുംബത്തിന് ആവശ്യമെങ്കില്‍ ലഭിക്കും. തുടര്‍ന്ന് ഒരു നിശ്ചിത കാലാവധിക്കുള്ളില്‍ പ്രസ്തുത തുക തിരികെ കൊടുത്താല്‍ മതിയാകും. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദനയോടൊപ്പം നാട്ടുകാരുടെ മുന്നില്‍ യാചിച്ച് അവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയതിന്റെ നാണക്കേടില്‍ ശിഷ്ടകാലം മുഴുവനും നാണംകെട്ട് ജീവിക്കേണ്ട വലിയ ബുദ്ധിമുട്ടാണ് ഈ പദ്ധതി മൂലം അംഗങ്ങള്‍ക്ക് ഒഴിവാകുന്നത്. എടുത്ത പണം തിരികെ അടച്ചു കഴിഞ്ഞാല്‍ ബാധ്യത തീരുകയും തല കുനിക്കാതെ ജീവിക്കുകയും  ചെയ്യാം.

അലക്‌സ് വര്‍ഗ്ഗീസ് പ്രസിഡന്റും, ഹരികുമാര്‍ പി.കെ വൈസ് പ്രസിഡന്റും, ജനീഷ് കുരുവിള സെക്രട്ടറിയും, സജി സെബാസ്റ്റ്യന്‍ ജോയിന്റ് സെക്രട്ടറിയും, സാബു ചാക്കോ ട്രഷററായുമുള്ള കമ്മിറ്റിയില്‍ ജോബി മാത്യു, ജോബി തോമസ്, ജോബി രാജു, ജോബി മാത്യു, ആഷന്‍ പോള്‍, മോനച്ചന്‍ ആന്റണി, കുര്യാക്കോസ് ജോസഫ്, റോയ് ജോര്‍ജ്, ബിജു. പി.മാണി, ലിസി എബ്രഹാം എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. ചാരിറ്റി ഉള്‍പ്പെടെ നിരവധിയായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്ന എം.എം.സി.എ കരാട്ടേ ക്ലാസ്സുകള്‍, ഡാന്‍സ് ക്ലാസ്സുകള്‍ തുടങ്ങിയവയുള്‍പ്പെടെ നിരവധിയായി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.       

ഹരികുമാര്‍ പി.കെ.

 
കൂടുതല്‍വാര്‍ത്തകള്‍.