CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 55 Seconds Ago
Breaking Now

സെമിത്തേരിയില്‍ കിടന്ന് മരിക്കാന്‍ യോഗം; സൈക്കിളില്‍ നിന്നും വീണ സ്ത്രീ ഹള്ളില്‍ തണുത്ത് മരവിച്ച് മരിച്ചു; പരുക്കേറ്റു കിടന്ന ഇവരെക്കുറിച്ച് വഴിപോക്കന്‍ 999-ല്‍ അറിയിച്ചു; പക്ഷെ പോലീസിന്റെ കണ്ണില്‍പെട്ടില്ല; 12 മണിക്കൂറിന് ശേഷം പട്ടിയുമായി നടക്കാനിറങ്ങിയ ആള്‍ കണ്ടെത്തുമ്പോഴേക്കും ജീവന്‍ വിട്ടകന്നു

വൈകുന്നേരം 4.50ന് ലഭിച്ച ഫോണ്‍ കോളിനെത്തുടര്‍ന്ന് ഓഫീസര്‍മാര്‍ അന്വേഷിച്ച് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഹംബര്‍സൈഡ് പോലീസ്

മരിച്ചു കഴിഞ്ഞവരെ സംസ്‌കരിക്കാനായി സെമിത്തേരിയില്‍ എത്തിക്കുന്നതാണ് പതിവ്. അല്ലാതെ ഒരാള്‍ മരിക്കാനായി സെമിത്തേരിയില്‍ ചെല്ലുന്ന പതിവില്ല. പക്ഷെ പോലീസിന്റെ കൈയിലിരുപ്പ് കൊണ്ട് 53-കാരിയായ ജാക്വിലിന്‍ പാഴ്‌സന്റെ വിധി അതായിരുന്നു. രാത്രി മുഴുവന്‍ സെമിത്തേരിയില്‍ കിടന്ന് തണുത്ത് മരവിച്ച് മരിക്കുക. ബൈക്കില്‍ നിന്നും വീണ് പരുക്കേറ്റ് കിടന്ന ഇവരെ കണ്ടെത്താന്‍ പോലീസിന് സാധിക്കാതെ വന്നതോടെയാണ് മരണം തേടിയെത്തിയത്. ഹള്ളിലെ സെമിത്തേരിയ്ക്ക് സമീപം നായയുമായി നടക്കാനിറങ്ങിയ ആളാണ് ജാക്വിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഹൈപ്പോതെര്‍മിയ ബാധിച്ചാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. 

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് തന്റെ ബൈക്കില്‍ നിന്നും ജാക്വിലിന്‍ താഴെവീണത്. ഒരു വഴിപോക്കന്‍ ഇവരുടെ ബുദ്ധിമുട്ട് കണ്ട് പോലീസില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍ പോലീസുകാര്‍ക്ക് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പറയപ്പെടുന്നത്. വേദനിച്ച് കിടന്ന് മരിച്ചെന്ന് വാര്‍ത്തയറിഞ്ഞ ജാക്വിലിന്റെ കുടുംബമാണ് ഇപ്പോള്‍ അതിലേറെ ദുഃഖം അനുഭവിക്കുന്നത്. 'സഹോദരി മരിച്ചെന്ന് കേള്‍ക്കുന്നതിലും മോശം വാര്‍ത്തയില്ല. അവര്‍ വേദന അനുഭവിക്കില്ലെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ അതും അസ്ഥാനത്തായി. വേദനയില്‍ ഒറ്റയ്ക്ക് കിടന്ന് മരിക്കേണ്ടി വന്നു', വാര്‍വിക്ക്ഷയറില്‍ താമസിക്കുന്ന സഹോദരന്‍ റോബ് പറഞ്ഞു. മറ്റൊരു സഹോദരിക്കൊപ്പം ഹോളിഡേ ആഘോഷിക്കാന്‍ ഇരിക്കവെയാണ് ജാക്വിലിന്‍ മോര്‍ച്ചറിയില്‍ കിടക്കേണ്ടി വന്നതെന്നും അദ്ദേഹം പറയുന്നു. 

ശനിയാഴ്ച വൈകുന്നേരമാണ് നഗരത്തിലെ വെസ്റ്റേണ്‍ സെമിത്തേരിയിലേക്ക് വിളി എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ജാക്വിലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തന്റെ സൈക്കിള്‍ പിടിക്കാനായി ഉപയോഗിച്ച് ഒരു മരത്തിന് താഴെ അഭയം തേടിയിരിക്കുകയായിരുന്നു ഇവര്‍. പോലീസിന് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ഞെട്ടിച്ചിരിക്കുന്നത് കുടുംബത്തെ മാത്രമല്ല ഈ വിവരം വിളിച്ച് അറിയിച്ച വഴിപോക്കനെ കൂടിയാണ്. മരണവിവരം അറിഞ്ഞ് ഇയാള്‍ ജാക്വിലിനെ കണ്ട സ്ഥലത്ത് പൂക്കള്‍ അര്‍പ്പിച്ചു. വൈകുന്നേരം 4.50ന് ലഭിച്ച ഫോണ്‍ കോളിനെത്തുടര്‍ന്ന് ഓഫീസര്‍മാര്‍ അന്വേഷിച്ച് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഹംബര്‍സൈഡ് പോലീസ് പറയുന്നു. പക്ഷെ പിറ്റേന്ന് ഇവരുടെ മൃതദേഹം കണ്ടെത്തിയതോടെ സംഭവം വിവാദമായി. 

ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കുടുംബത്തെ ദുഃഖം അറിയിക്കുക മാത്രമാണ് ഹംബര്‍സൈഡ് പോലീസ് ചെയ്തിട്ടുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.