Breaking Now

ബ്രക്‌സിറ്റ് വേണോ, വേണ്ടയോ? ബ്രിട്ടന്‍ മനസ്സ് മാറ്റുന്നതായി സര്‍വ്വെ ഫലം; 54% പേര്‍ക്ക് ഇയുവില്‍ തുടര്‍ന്നാല്‍ മതിയെന്നായി; കുടിയേറ്റം കുറഞ്ഞാലും പോക്കറ്റിനെ ബാധിക്കുമെന്ന് ആശങ്ക; നോര്‍ത്തേണ്‍ അയര്‍ലണ്ട് യുകെ വിട്ടുപോയാലും സാരമില്ലെന്ന് മനസ്സിലിരുപ്പ്!

തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബ്രക്‌സിറ്റ് മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കേവലം 16 ശതമാനമാണ്

ബ്രക്‌സിറ്റ് ഒരു അനാവശ്യ തീരുമാനമായിരുന്നെന്ന നിലപാടിലേക്ക് ചുവടുമാറ്റി ബ്രിട്ടന്‍. 2016ല്‍ ഹിതപരിശോധനയ്ക്ക് ശേഷം ആദ്യമായി നടന്ന ഏറ്റവും വലിയ സര്‍വ്വെയിലാണ് ഇയുവിനെ ഉപേക്ഷിക്കണമെന്ന മനസ്സ് ജനം മാറ്റിയത്. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതാണ് നല്ലതെന്നാണ് 54 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ഇപ്പോഴും ബ്രക്‌സിറ്റിനെ തുണച്ചത് 46% മാത്രം. കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ ബ്രക്‌സിറ്റ് ഉപകരിക്കുമെങ്കിലും ഇത് തങ്ങളുടെ പോക്കറ്റിനെ ബാധിക്കുമെന്നാണ് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. 

ഹിതപരിശോധനയില്‍ 52 ശതമാനം പേരാണ് യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കണമെന്ന് വിധിയെഴുതിയത്. രണ്ട് വര്‍ഷം മുന്‍പ് ഏത് വിധേനയും യൂണിയന്‍ ഉപേക്ഷിക്കണമെന്ന് ശക്തമായി വാദിച്ച മണ്ഡലങ്ങളില്‍ പോലും ഇൗ നിലപാടില്‍ വലിയ ഇടിവ് നേരിട്ടു. പ്രാദേശിക അതോറിറ്റി മേഖലകളില്‍ നേരത്തെ ബ്രക്‌സിറ്റിനെ തുണച്ചത് 262 ഇടങ്ങളാണെങ്കില്‍ ഇപ്പോഴത് 157 ആയി കുറഞ്ഞെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇതിനിടെ ഇയുവില്‍ തുടരണമെന്ന് ആവശ്യപ്പെടുന്ന ഇടങ്ങളുടെ എണ്ണമേറുകയും ചെയ്തു. 116-ല്‍ നിന്നും 221 ആയാണ് ഈ വര്‍ദ്ധനവ്. 

ബ്രക്‌സിറ്റിന് പിന്തുണ കുറഞ്ഞ പല മണ്ഡലങ്ങളും ലേബര്‍ പാര്‍ട്ടിയുടെ സീറ്റുകളാണെന്നതും ശ്രദ്ധേയമാണ്. വിഗാന്‍, സ്റ്റോക് ഓണ്‍ ട്രെന്‍ഡ്, മിഡില്‍സ്ബറോ എന്നിവിടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. തെരേസ മേയുടെ ബ്രക്‌സിറ്റ് കരാറിനെ പിന്തുണയ്ക്കാന്‍ ലേബര്‍ എംപിമാരെ പ്രചോദിപ്പിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. മറിച്ച് രണ്ടാം ഹിതപരിശോധന വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാനും ഇത് വഴിയൊരുക്കും. എന്നാല്‍ രണ്ടാം ഹിതപരിശോധനയെ സര്‍വ്വെയില്‍ പങ്കെടുത്തവര്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നില്ല. 43 ശതമാനം തുണച്ചപ്പോള്‍ 37 ശതമാനം പേര്‍ ഇതിനെ എതിര്‍ത്തു. 

തങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബ്രക്‌സിറ്റ് മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കേവലം 16 ശതമാനമാണ്. മോശം പ്രത്യാഘാതങ്ങള്‍ നേരിടണമെന്ന് കരുതുന്നവര്‍ 38 ശതമാനമുണ്ട്. ചെയ്തുപോയത് തെറ്റാണെന്ന് വിശ്വസിക്കാന്‍ രാഷ്ട്രീയക്കാരുടെ തമ്മിലടി ഒരു കാരണം തന്നെയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.