CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 31 Seconds Ago
Breaking Now

നടക്കും മുന്‍പ് ഓടാന്‍ നോക്കിയാല്‍ ഇതാണ് ഫലം; ബ്രിട്ടനിലെ ആദ്യത്തെ റോബോട്ടിക് സര്‍ജറി നടത്താന്‍ ശ്രമിച്ച മലയാളിയായ എന്‍എച്ച്എസ് ഹാര്‍ട്ട് സര്‍ജന് പാളി; പരിശീലനം കൂടാതെ റോബോട്ടിനെ ഉപയോഗിച്ച് സര്‍ജറി; 69-കാരനായ രോഗി മരിച്ചു; സാധാരണ ഓപ്പറേഷനില്‍ രക്ഷപ്പെടുമായിരുന്നെന്ന് കുറ്റസമ്മതം

ഓപ്പറേഷന്‍ നിരീക്ഷിക്കാനും, സഹായം നല്‍കാനും എത്തിയ മെഡിക്കല്‍ വിദഗ്ധര്‍ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തീയേറ്റര്‍ വിട്ടിറങ്ങി.

ഓപ്പറേഷന് മുന്‍പ് നിങ്ങള്‍ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഏതെങ്കിലും ഡോക്ടര്‍ രോഗിയോട് പറയുമോ? ഒരിക്കലുമില്ല, കാരണം അത് രോഗിയുടെ ഭയം വര്‍ദ്ധിക്കാനും ഡോക്ടര്‍ക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കാനും മാത്രമാണ് സഹായിക്കുക. ബ്രിട്ടനിലെ ആദ്യത്തെ റോബോട്ടിക് ഹൃദയ സര്‍ജറി ചെയ്യാനിറങ്ങിയ മലയാളിയായ എന്‍എച്ച്എസ് ഹാര്‍ട്ട് സര്‍ജന്‍ സുകുമാരന്‍ നായരും ഇതാണ് ചെയ്തത്. മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് റോബോട്ടിക് സര്‍ജറിക്ക് മുന്‍പ് രോഗിയായ സ്റ്റീഫന്‍ പെറ്റിറ്റിനെ അറിയിച്ചില്ല. മൈട്രല്‍ വാല്‍വ് ലീക്ക് ശരിപ്പെടുത്താനുള്ള ശ്രമത്തില്‍ രോഗി മരിക്കുകയും ചെയ്തു. 

നടക്കാന്‍ പഠിക്കുന്നതിന് മുന്‍പ് ഓടാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായതെന്ന് ഡോ. സുകുമാരന്‍ നായര്‍ ഇന്‍ക്വസ്റ്റില്‍ സമ്മതിച്ചു. ഇതിന് പുറമെ 2015-ല്‍ ഫ്രീമാന്‍ ആശുപത്രിയില്‍ ഡാവിഞ്ചി റോബോട്ടിനെ ഉപയോഗിച്ച് സര്‍ജറി ചെയ്യാനുള്ള പ്രായോഗിക പരിശീലനവും ഇദ്ദേഹം നേടിയിരുന്നില്ല. മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടും, സ്വയംപഠനവും നടത്തിയ ശേഷമാണ് ഡോ. സുകുമാരന്‍ ഈ പ്രഥമ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. ഹൃദയം തുറന്നുള്ള സാധാരണ ഓപ്പറേഷനായിരുന്നെങ്കില്‍ ഒരുപക്ഷെ തന്റെ രോഗി രക്ഷപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നെന്നും അദ്ദേഹം കൊറോണര്‍ കാരണ്‍ ഡിലിക്‌സിനോട് പറഞ്ഞു. 

ഓപ്പറേഷന്‍ നിരീക്ഷിക്കാനും, സഹായം നല്‍കാനും എത്തിയ മെഡിക്കല്‍ വിദഗ്ധര്‍ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ തീയേറ്റര്‍ വിട്ടിറങ്ങി. ഉയരം കൂടിയതും, ഭാരക്കൂടുതല്‍ ഇല്ലാത്തതുമായ പെറ്റിറ്റ് നവീനമായ റോബോട്ടിക് സര്‍ജറി പ്രയോഗിക്കാന്‍ പറ്റിയ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞാണ് ഇതിനായി ശ്രമിച്ചത്. സുദീര്‍ഘമായ ഓപ്പറേഷനൊടുവിലാണ് ഹൃദയത്തിലെ സൂച്യറുകള്‍ കെട്ടുപിണഞ്ഞതായി തിരിച്ചറിയുന്നത്. ഇത് ശരിപ്പെടുത്താന്‍ ശ്രമിക്കുമ്പോഴേക്കും റോബോട്ടിക് ക്യാമറയില്‍ രക്തം നിറഞ്ഞ് കാഴ്ച മറഞ്ഞിരുന്നു. ഓപ്പറേഷന്‍ പ്രശ്‌നത്തിലേക്ക് നീങ്ങുമ്പോള്‍ നിരീക്ഷകര്‍ ഇതൊന്നും കാര്യമാക്കാതെ പുറത്തേക്ക് പോയിരുന്നുവെന്നും ഡോ. സുകുമാരന്‍ നായര്‍ അറിയിച്ചു. 

ജീവന്‍ രക്ഷിക്കാനായി ഹൃദയം തുറന്നുള്ള സര്‍ജറി നടത്താന്‍ തീരുമാനിച്ചെങ്കിലും സമയം കടന്നുപോയിരുന്നു. വിവിധ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതോടെ അടുത്ത ദിവസം പെറ്റിറ്റ് മരിക്കുകയും ചെയ്തു. ആദ്യത്തെ റോബോട്ടിക് സര്‍ജറിയാണെന്നും ഇതിന്റെ പ്രശ്‌നങ്ങളും രോഗിയോട് പറഞ്ഞിരുന്നുവെങ്കിലും ഉയര്‍ന്ന അപകട സാധ്യത ഇദ്ദേഹത്തോട് പറഞ്ഞിരുന്നില്ലെന്ന് ഡോക്ടര്‍ പറയുന്നു. സംഭവത്തില്‍ ന്യൂകാസില്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ അന്വേഷണവും നടന്നിരുന്നു. ഇപ്പോള്‍ സ്‌കോട്ട്‌ലണ്ടില്‍ ജോലി ചെയ്യുന്ന ഡോ. സുകുമാരന്‍ നായര്‍ റോബോട്ടിക് സര്‍ജറി നടത്തുന്നില്ല.  




കൂടുതല്‍വാര്‍ത്തകള്‍.