CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 38 Minutes 12 Seconds Ago
Breaking Now

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് ആദ്യമായി 2 മുസ്ലീം സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടു; ഒരാള്‍ക്ക് എതിരില്ല

37-കാരി ഇല്‍ഹാന്‍ ഒമര്‍ 42-കാരി റാഷിദ ത്‌ലെയിബ് എന്നിവരാണ് മിഡ്‌വെസ്റ്റില്‍ നിന്നും വിജയിച്ച് കയറിയത്.

അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്ലീം വനിതകളെന്ന ഖ്യാതി ഇനി ഇവര്‍ പങ്കുവെയ്ക്കും. സൊമാലിയന്‍ അഭയാര്‍ത്ഥിയും, പലസ്തീനിയന്‍ കുടിയേറ്റക്കാരുടെ മകളുമാണ് ഈ നേട്ടം കുറിച്ച് ചരിത്രത്തില്‍ ഇടംനേടിയത്. 37-കാരി ഇല്‍ഹാന്‍ ഒമര്‍ 42-കാരി റാഷിദ ത്‌ലെയിബ് എന്നിവരാണ് മിഡ്‌വെസ്റ്റില്‍ നിന്നും വിജയിച്ച് കയറിയത്. ഇരുവരും ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നുമുള്ളവര്‍. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളില്‍ ശ്രദ്ധാകേന്ദ്രമായി മാറുകയും നിശിത വിമര്‍ശനം അഴിച്ചുവിടുകയും ചെയ്ത ന്യൂനപക്ഷ സമൂഹത്തില്‍ നിന്നുമുള്ളവരാണ് ഇല്‍ഹാനും, റാഷിദയും. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ മിനസോട്ടയിലെ മിനാപോളിസില്‍ നിന്നുമാണ് ഇല്‍ഹാന്‍ വിജയിച്ചത്. കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീമെന്ന ഖ്യാതി നേടിയ കീത്ത എലിസന്റെ പിന്‍ഗാമിയാണ് ഇല്‍ഹാന്‍. 

എതിരില്ലാതെയാണ് റാഷിദയുടെ വിജയം. മിഷിഗണിലെ ഡിട്രോയിട് മുതല്‍ ഡിയര്‍ബോണ്‍ വരെയുള്ള ജില്ലയിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായാണ് ഇവരുടെ വരവ്. 'ഞന്‍ മുസ്ലീമാണ് കറുത്തവളാണ്, ജനാധിപത്യ പ്രാതിനിധ്യം എന്താണെന്ന് തെളിയിച്ച് കാണിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേരില്‍ ഒരാളായാണ് ഞാന്‍ മത്സരിക്കുന്നത്', ഇല്‍ഹാന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. എട്ടാം വയസ്സില്‍ സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം രക്ഷപ്പെട്ട് ഓടിയ ഇവര്‍ നാല് വര്‍ഷത്തോളം കെനിയയിലെ അഭയാര്‍ത്ഥി ക്യാംപിലായിരുന്നു. 

14 കുട്ടികളില്‍ ഇളയവളായാണ് റാഷിദ പിറന്നത്. മാതാപിതാക്കള്‍ പലസ്തീന്‍ കുടിയേറ്റക്കാര്‍. ചെറിയ തലത്തില്‍ നിന്നുമായിരുന്നു ഇവരുടെ രാഷ്ട്രീയ വളര്‍ച്ച. 2008ല്‍ മിഷിഗന്‍ സ്റ്റേറ്റ് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം വനിതയായി. ആഗസ്റ്റില്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ ജേതാവ്. എതിരെ മത്സരിക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ആളില്ലാതെ പോയതോടെ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പ് സാങ്കേതികത്വം മാത്രമായിരുന്നു. റിപബ്ലിക്കന്‍മാരുടെ നയങ്ങള്‍ക്ക് നേരെ എതിരുള്ള രാഷ്ട്രീയം മുന്നോട്ട് വെച്ചതാണ് തന്റെ വിജയത്തിന് കാരണമെന്നും ഇവര്‍ പറയുന്നു. 

എന്തായാലും യുഎസ് കോണ്‍ഗ്രസിലേക്കുള്ള ഈ തെരഞ്ഞെടുപ്പില്‍ ഇവര്‍ ചരിത്രം കുറിച്ചു കഴിഞ്ഞു. ഇനി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെയുള്ള പടപൊരുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.