Breaking Now

ബ്രിട്ടനിലെ ഇന്ത്യക്കാരെ എന്തിനിങ്ങനെ ദ്രോഹിക്കുന്നു; അമേരിക്കയില്‍ നിന്നും ട്രോളുകള്‍ പടച്ചുവിടുന്ന സ്ത്രീയുടെ വാക്കുകേട്ട് പോലീസ് അന്വേഷണം; പെണ്‍മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും പൊക്കി ചാറ്റ്‌റൂമില്‍ വേശ്യകളുടേതെന്ന പേരില്‍ വിലാസം സഹിതം പ്രസിദ്ധീകരിച്ചു

മക്കളെയും അപവാദപ്രചരണങ്ങള്‍ ബാധിച്ചതോടെ താന്‍ രോഷത്തിലാണെന്ന് സംഗീത.

സെലിബ്രിറ്റികള്‍ക്കാണ് സ്വകാര്യതയില്ലെന്ന് ഇതുവരെ നമ്മളൊക്കെ ധരിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ വന്നതോടെ ഒരു സാധാരണ വ്യക്തിക്ക് പോലും സ്വകാര്യത എന്നൊന്നില്ലെന്ന അവസ്ഥയായിരിക്കുന്നു. ഇതിന് കാരണം അത് ഉപയോഗിക്കുന്ന നമ്മള്‍ തന്നെയാണെന്നതാണ് വസ്തുത. സന്തോഷം തോന്നിയാല്‍, സങ്കടം, രോഷം എന്നിങ്ങനെ നമ്മളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തില്ലെങ്കില്‍ സമാധാനമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ഇത് നോക്കിനിന്നാല്‍ മതി പുറത്ത് നിന്നുമുള്ള ഒരാള്‍ക്ക് നമ്മുടെ ജീവിതത്തെക്കുറിച്ച് അറിയാന്‍. എന്നാല്‍ അമേരിക്കയില്‍ നിന്നുമുള്ള ഒരു സ്ത്രീ വ്യാപകമായി ട്രോള്‍ ഇറക്കുകയും, ഫോണില്‍ വിളിച്ചും, പോലീസില്‍ പരാതി പറഞ്ഞും ശല്യപ്പെടുത്തിയതോടെയാണ് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജര്‍ ഇതിന്റെ പ്രശ്‌നം തിരിച്ചറിയുന്നത്. 

സോണാഷ് എന്റര്‍ടെയിന്‍മെന്റ് മാനേജിംഗ് ഡയറക്ടറായ സംഗീതയും, നര്‍ത്തകരായ പെണ്‍മക്കള്‍ ആഷാന്‍, സോണാലിയ കൗറുമാണ് ട്രോളിംഗിന്റെ ഇരകള്‍. ഫേസ്ബുക്ക് ഉപയോഗിച്ച് തന്റെ കുടുംബവിവരങ്ങള്‍ മനസ്സിലാക്കിയ യുഎസില്‍ നിന്നുമുള്ള അജ്ഞാതയാണ് ഇവരുടെ ജീവിതത്തിലേക്ക് കടന്നുകയറിത്തുടങ്ങിയത്. തന്റെ ഗര്‍ഭം അലസിയ വിവരം ഉള്‍പ്പെടുത്തിയ ഒരു മാഗസിന്‍ ലേഖനം പോലും ഈ ട്രോളുകാരി വഴിയാക്കിയെന്ന് സംഗീത പറയുന്നു. പിറക്കാതെ പോയ കുഞ്ഞായി വരെ ഇവര്‍ ഫോണില്‍ വിളിച്ച് തുടങ്ങി. ദിവസത്തില്‍ 20 വട്ടമെങ്കിലും ഫോണ്‍ വിളിക്കുന്നതോടൊപ്പം മാഞ്ചസ്റ്റര്‍ പോലീസില്‍ വിളിച്ച് താന്‍ കുട്ടികളെ പീഡിപ്പിക്കുന്നതായും ഈ സ്ത്രീ ആരോപിച്ചിരുന്നു. 

പെണ്‍മക്കളുടെ ചിത്രമെടുത്ത് ഒരു ചാറ്റ്‌റൂമില്‍ വേശ്യയുടേതെന്ന പേരില്‍ വിലാസം സഹിതം പ്രസിദ്ധീകരിച്ചതാണ് ഈ ഇന്ത്യന്‍ കുടുംബത്തെ ഞെട്ടിച്ചത്. വീട്ടില്‍ മോഷ്ടാക്കള്‍ കടന്ന് വിലപിടിച്ച വസ്തുക്കളെല്ലാം കൊള്ളയടിക്കുകയും ചെയ്തു. ഇവരുടെ മെഴ്‌സിഡസും, മിനിയും മോഷ്ടിച്ച് കൊണ്ടുപോയെങ്കിലും ഇവ പിന്നീട് കണ്ടെടുത്തു. ലോംഗ്‌സൈറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അമേരിക്കയിലുള്ള ഈ സ്ത്രീയെ കുടുക്കാന്‍ ഒന്നും ചെയ്യാനില്ലെന്ന മട്ടിലാണ് അധികൃതരെന്ന് സംഗീത പരാതിപ്പെടുന്നു. മാഞ്ചസ്റ്ററില്‍ 50ലേറെ പേര്‍ ഇത്തരം പരിപാടിക്ക് ഇരയായെന്ന് തനിക്ക് അറിയാമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

മാനസികരോഗമുള്ള ആരോ ആണ് ഇതിന് പിന്നിലെന്നാണ് കരുതുന്നതെങ്കിലും സ്വകാര്യത ഇല്ലാതാകുന്നതും നുണകള്‍ പ്രചരിപ്പിക്കുന്നതും സമാധാനം കെടുത്തുകയാണെന്ന് ഇവര്‍ പറഞ്ഞു. മക്കളെയും അപവാദപ്രചരണങ്ങള്‍ ബാധിച്ചതോടെ താന്‍ രോഷത്തിലാണെന്ന് സംഗീത. 
കൂടുതല്‍വാര്‍ത്തകള്‍.