ഒരു സിനിമയില്‍ പ്രത്യേകിച്ച് വിജയിക്കാന്‍ പറ്റിയ ഘടകങ്ങള്‍ ഒന്നും തന്നെയില്ലെങ്കില്‍ തീയേറ്ററില്‍ ആളെ കയറ്റാനുള്ള മാര്‍ഗ്ഗം എന്താണ്? കാശിറക്കി മാര്‍ക്കറ്റിംഗ് ചെയ്യുന്നത് അബദ്ധമാണ്. അപ്പോള്‍ പണമിറക്കാതെ ലാഭം കൊയ്യാന്‍ കഴിയുന്ന തന്ത്രം, അത് വിവാദമാണ്. ജിഎസ്ടിയെ കുറ്റം പറഞ്ഞെന്ന പേരില്‍ വിവാദം നെയ്തെടുത്ത് അത്ര മെച്ചപ്പെട്ട പടമായിരുന്നില്ലായിരുന്നിട്ടും അവസാനം ഇറങ്ങിയ വിജയ് ചിത്രം മെര്‍സല്‍ കൊയ്തത് കോടികളാണ്. പുതിയ ചിത്രമായ സര്‍ക്കാരും ഈ വഴിക്കാണ്. ഇക്കുറി തമിഴ്നാട് ഭരിക്കുന്ന എഐഎഡിഎംകെയാണ് ചിത്രത്തിനായി മാര്‍ക്കറ്റിംഗ് ഏറ്റെടുത്തിരിക്കുന്നത്!
എആര്‍ മുരുകദോസ് ചിത്രമായിരുന്നിട്ടും വിജയ് എന്ന നടനെ പൊക്കിപ്പിടിക്കാനുള്ള തരത്തിലാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളതെന്ന് നിരൂപകര്‍ വിലയിരുത്തുന്നു. ഇതോടെയാണ് വിവാദത്തിന് ഒരു വശത്ത് തിരികൊളുത്തിയത്. അന്തരിച്ച മുഖ്യമന്ത്രി ജെ ജയലളിത തമിഴ്നാടിനായി പ്രഖ്യാപിച്ച ക്ഷേമപദ്ധതികളെ വിമര്‍ശിക്കുന്നുവെന്നാണ് മന്ത്രിമാരുടെ ആരോപണം. ഇതിനെതിരെ നിരവധി തമിഴ്നാട് മന്ത്രിമാര്‍ ചിത്രത്തിനെതിരെ ആരോപണവുമായി രംഗത്തെത്തി.
നിയമമന്ത്രി സിവി ഷണ്മുഖം ഒരുപടി കൂടി കടന്നാണ് പ്രതികരിച്ചത്. വിജയും, സര്‍ക്കാരിന്റെ അണിയറക്കാരും സംസ്ഥാനത്ത് അക്രമത്തിന് തിരികൊളുത്താനാണ് ശ്രമിക്കുന്നതെന്നും, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മറച്ചിടാനാണ് ശ്രമമെന്നുമാണ് മന്ത്രി ആരോപിക്കുന്നത്. 'എല്ലാവര്ക്കും സിനിമയെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. നടനും സാധാരണക്കാരനും ഇതാകാം. സിനിമയുടെ പേരുപറഞ്ഞ് സര്‍ക്കാര്‍ സ്കീമുകളെ വിമര്‍ശിക്കലാണ് സര്‍ക്കാര്‍ എന്ന ചിത്രം നടത്തുന്നത്. വിദേശ ഇടപെടലാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്', നിയമമന്ത്രി ആരോപിച്ചു.
ജയലളിത ജീവിച്ചിരിക്കുമ്പോള്‍ ഇത്തരം ഒരു സിനിമ ചെയ്യാന്‍ തയ്യാറാകാതിരുന്നത് എന്ത് കൊണ്ടാണെന്നാണ് ഫിഷറീസ് മന്ത്രി ഡി ജയകുമാറിന്റെ ചോദ്യം. തീയേറ്ററുകളില്‍ പോരാടാന്‍ മറ്റ് വമ്പന്‍ ചിത്രങ്ങളില്ലാത്തതിനാല്‍ രണ്ട് ദിവസം കൊണ്ട് തന്നെ സര്‍ക്കാര്‍ 100 കോടി ക്ലബില്‍ കടന്നുകഴിഞ്ഞു. സര്‍ക്കാരിന് ഒരു സിനിമ പങ്കുവെയ്ക്കുന്ന വിമര്‍ശനം പോലും സഹിക്കാന്‍ കഴിയുന്നില്ലെന്ന് ഡിഎംകെ വക്താവ് എ ശരവണന് പ്രതികരിച്ചു. ഡിഎംകെയുമായി അടുപ്പമുള്ള സണ്‍ പിക്ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മ്മാണം എന്നതും ഇവിടെ ശ്രദ്ധേയമായി വരുന്നു. പ്രത്യേകിച്ച് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ജനരോഷം തിരിച്ചുവിടാന്‍ ശ്രമിക്കുന്നതെന്നതും ചേര്‍ത്തുവായിക്കേണ്ട വസ്തുതയാണ്.