ട്രെയിനിലെ യാത്ര എത്ര സുരക്ഷിതമാണ്? ഈ ചോദ്യം നമ്മുടെ മുന്നിലേക്ക് ആശങ്ക നിറഞ്ഞ പല സംഭവങ്ങളും എത്തിക്കും. ഇന്ത്യയിലെ ചെറുതും വലുതുമായ നാടുകളെ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ശൃംഖലയിലെ സുരക്ഷ അത്ര പോരെന്നത് തന്നെയാണ് വാസ്തവം. ട്രെയിനില്‍ പുകവലിയും, മദ്യപാനവും പാടില്ലെന്ന് അറിയാമെങ്കിലും മനഃപ്പൂര്‍വ്വം ഇത് തെറ്റിക്കുന്ന യാത്രക്കാരുണ്ട്. ഇത്തരത്തില്‍ പുകവലി നടത്തിയ സഹയാത്രികനോട് എതിര്‍പ്പ് രേഖപ്പെടുത്തിയ സ്ത്രീയാണ് കൊലപാതകത്തിന് ഇരയായത്.
ഉത്തര്‍പ്രദേശിലെ ട്രെയിന്‍ യാത്രക്കിടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം. സഹയാത്രികന്റെ പുകവലിയെ എതിര്‍ത്ത ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പഞ്ചാബ്-ബിഹാര്‍ ജാലിയന്‍വാലാ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു 45 വയസ്സുള്ള ചിനാത് ദേവി. സഹയാത്രികന് പുകവലിച്ചതോടെ ഇവര്‍ ഇതിനെ എതിര്‍ത്തു.
സോനു യാദവ് എന്നയാളാണ് ഈ യാത്രക്കാരനെന്ന് തിരിച്ചറിഞ്ഞു. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ വെച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ സോനു സ്ത്രീയെ ശ്വാസം മുട്ടിക്കുകയായിരുന്നു. ട്രെയിന്‍ ഷഹജാന്പൂരിലെത്തിയപ്പോള് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
കുടുംബവും ഇവരോടൊപ്പം സഞ്ചരിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.