CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 47 Seconds Ago
Breaking Now

പൈലറ്റുമാര്‍ മദ്യപിച്ച് ഓവറായി ; എയര്‍ ഇന്ത്യ യാത്രക്കാര്‍ കുടുങ്ങി; ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനയാത്ര തടസ്സപ്പെട്ടു; ബാങ്കോക്കിലേക്കുള്ള വിമാനം തിരിച്ചിറക്കി

ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ കുടുങ്ങിയതോടെയാണ് രണ്ട് വിമാനങ്ങളുടെ യാത്ര തടസ്സപ്പെട്ടത്.

ഇന്ന് എയര്‍ ഇന്ത്യക്ക് അത്ര നല്ല ദിവസമല്ലെന്ന് തോന്നുന്നു. മദ്യപിച്ച് പൂസായി എത്തിയ രണ്ട് പൈലറ്റുമാരുടെ ഗുണം കൊണ്ട് യാത്രക്ക് ഇറങ്ങിത്തിരിച്ച യാത്രക്കാരാണ് ഫലം അനുഭവിച്ചത്. ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ രണ്ട് പൈലറ്റുമാര്‍ കുടുങ്ങിയതോടെയാണ് രണ്ട് വിമാനങ്ങളുടെ യാത്ര തടസ്സപ്പെട്ടത്. ദില്ലിയില്‍ നിന്നും ലണ്ടനിലേക്കുള്ള എഐ 111 വിമാനത്തിലെ പൈലറ്റും, ഡയറക്ടര്‍ ഓപ്പറേഷന്‍സുമായ അരവിന്ദ് കത്പാലിയയാണ് ആദ്യം കുടുങ്ങിയത്. പിന്നാലെ ബാങ്കോക്കിലേക്ക് യാത്ര തിരിച്ച വിമാനം അര മണിക്കൂറിന് ശേഷം തിരിച്ചിറക്കി. ബ്രെത്ത് ടെസ്റ്റ് എടുക്കാതെ സഹപൈലറ്റ് മുങ്ങിയതോടെയാണ് ഇത്. 

സീനിയര്‍ പൈലറ്റായ അരവിന്ദ് ഫ്‌ളൈറ്റ് പറപ്പിക്കുന്നതിന് മുന്‍പുള്ള പരിശോധനയിലാണ് പിടിക്കപ്പെട്ടത്. ഇയാള്‍ക്ക് വിമാനം പറത്താനുള്ള ഫിറ്റ്‌നസ് ഇല്ലെന്ന് കണ്ടെത്തിയതോടെ യാത്രക്കാരാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. രണ്ട് തവണ അവസരം നല്‍കിയെങ്കിലും ക്യാപ്റ്റന്‍ എകെ കത്പാലിയ പിടിക്കപ്പെട്ടതായി മുതിര്‍ന്ന എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിമാനം പറത്തുന്നതിന് 12 മണിക്കൂര്‍ മുന്‍പ് വരെ മദ്യപിക്കാന്‍ പാടില്ലെന്നാണ് നിയമം. കത്പാലിയ സ്ഥിരം കുറ്റവാളിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ പരിശോധന നടത്താതെ മുങ്ങിയതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

ഇതിന് പിന്നാലെയാണ് ബാങ്കോക്കിലേക്കുള്ള വിമാനം തിരിച്ചിറക്കേണ്ടി വന്നത്. എഐ 332ലെ സഹപൈലറ്റ് പരിശോധന കൂടാതെ മുങ്ങിയെന്ന് വ്യക്തമായത് അരണമണിക്കൂറിന് ശേഷമാണ്. ഇതോടെ വിമാനം തിരിച്ചിറക്കുകയായിരുന്നു. 30 മിനിറ്റ് വൈകി യാത്ര തുടങ്ങിയ ശേഷമാണ് യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച നടപടി. വിമാനം ഇനി എപ്പോള്‍ യാത്ര ആരംഭിക്കുമെന്ന് വ്യക്തമാക്കാത്തതാണ് യാത്രക്കാരെ ചൊടിപ്പിക്കുന്നത്. 

രാത്രി വൈകിയും ഈ വിമാനം യാത്ര പുറപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാബിന്‍ ക്രൂ ഒഴികെയുള്ള ജീവനക്കാര്‍ ഇറങ്ങിപ്പോയതോടെ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ അഞ്ച് മണിക്കൂറായി കാത്തിരിപ്പിലാണ്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.