സംവിധായകന് ശങ്കര്‍ ഇപ്പോള്‍ തിരക്കേറിയ ജോലികളിലാണ്. രജനികാന്തും, അക്ഷയ് കുമാര്‍ അഭിനയിക്കുന്ന 2.0 പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് ശങ്കര്‍ ഇപ്പോള്‍ മുഴുകിയിരിക്കുന്നത്. ആകെ വൈകിയ റിലീസ് ഇപ്പോള്‍ നവംബര്‍ 29ന് നടത്തുമെന്നാണ് എന്തിരന് സംവിധായകന് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം കമല്‍ഹാസന്റെ ഇന്ത്യന്‍ രണ്ടാം പതിപ്പിലേക്ക് സംവിധായകന് എത്തും.
1996-ല്‍ തീയേറ്ററുകളെ ഇളക്കിമറിച്ച കമല്‍ ചിത്രമാണ് ഇന്ത്യന്‍. ഇതിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപനം വന്നത്. ഇതിന്റെ ബാക്കിയുള്ള കാര്യങ്ങള്‍ മുന്നോട്ട് നീക്കാന്‍ ഒരു വര്‍ഷത്തോളം വേണ്ടിവന്നു. ഇതിനിടെയാണ് ഇന്ത്യനുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ അഭിനയിക്കാന്‍ യുവ മലയാളി താരത്തെ സമീപിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാനെ തേടിയാണ് ഈ ഭാഗ്യം എത്തിയിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍. ഇന്ത്യനില്‍ ഒരു സുപ്രധാന റോളാണ് ഡിക്യുവിന് ഓഫര്‍ ചെയ്തിരിക്കുന്നത്. താന്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് താരം ഏകദേശം ഉറപ്പിച്ച മട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്കുന്നു. എന്നാല്‍ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ ചിത്രത്തില്‍ നായികയാകാന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ സമീപിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. പിന്നീട് നയന്‍സിനെ മാറ്റി കാജല്‍ അഗര്‍വാളിനെ ഈ റോളിലേക്ക് തെരഞ്ഞെടുത്തു.
ബോളിവുഡ് താരം അജയ് ദേവ്ഗണ് വില്ലനായി എത്തുമെന്ന് കമല്ഹാസന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഴിമതിക്കെതിരെ പോരാടുന്ന കഥ പറയുന്ന ഇന്ത്യനില്‍ ദുല്‍ഖര്‍ സല്മാന് ഏത് വേഷമാകും കൈകാര്യം ചെയ്യുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഡിസംബറില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതിന് മുന്‍പ് ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കാം.