അമ്മയുടെ വയറില്‍ കിടക്കുമ്പോള്‍ പോലും തന്നെ കൊല്ലാനെത്തിയ ക്രോസ്‌ബോയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കില്‍ ആ കുഞ്ഞിനെ മരണത്തിന് അത്ര വേഗത്തില്‍ കവരാന്‍ കഴിയില്ലല്ലോ! എട്ട് മാസം ഗര്‍ഭിണിയായിരിക്കവെയാണ് സനാ മുഹമ്മദ് കൊല ചെയ്യപ്പെടുന്നത്. ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ വീട്ടിലെ ജോലികള്‍ ചെയ്യുന്നതിനിടെയാണ് അഞ്ച് മക്കളുടെ അമ്മയായ സനയ്ക്ക് നേരെ ആദ്യ ഭര്‍ത്താവ് അക്രമം അഴിച്ചുവിട്ടത്. ക്രോസ്‌ബോ ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ 35-കാരിക്ക് അഞ്ച് ഷോട്ടുകള്‍ ഏറ്റതോടെ മരിക്കുകയായിരുന്നു. എന്നാല്‍ വയറിലുള്ള കുഞ്ഞിനെ അടിയന്തര സിസേറിയന്‍ നല്‍കി മെഡിക്കല്‍ വിദഗ്ധര്‍ ജീവനോടെ രക്ഷിച്ചു.
ഭര്‍ത്താവ് ഇംത്യാസ് അലി രാവിലെ 7.30ന് വീട്ടിലെ ഷെഡില്‍ ബോക്‌സ് മാറ്റിവെയ്ക്കാന്‍ ചെല്ലുമ്പോഴാണ് അക്രമി അവിടെ ഒളിച്ചിരിക്കുന്നതായി കാണുന്നത്. കൊലപാതകി ഇദ്ദേഹത്തിന് നേര്‍ക്ക് വന്നതോടെ ഭാര്യയോട് ഓടിക്കൊള്ളാന്‍ വിളിച്ച് പറഞ്ഞുകൊണ്ടാണ് ഇംത്യാസ് ഓടിയെത്തിയത്. എന്നാല്‍ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന സനയ്ക്ക് പെട്ടെന്ന് പ്രതികരിക്കാന്‍ സാധിച്ചില്ല. ഒരു അമ്പ് ഇവരുടെ വയറില്‍ തറച്ചനിലയിലാണ് ആശുപത്രിയിലെത്തിച്ചത്. ഇതേ നിലയിലാണ് ആണ്‍കുഞ്ഞിനെ മെഡിക്കല്‍ സംഘം പുറത്തെടുത്തത്.
ചെറിയ കുഞ്ഞിന് ഇബ്രാഹിം എന്നാണ് ബന്ധുക്കള്‍ പേരുനല്‍കിയത്. ആശുപത്രിയില്‍ പരിചരണത്തിലുള്ള കുഞ്ഞിന്റെ നില കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്പ് കുഞ്ഞിനെ സ്പര്‍ശിക്കാതെ പോയെങ്കിലും അത് സനയുടെ നെഞ്ചിലേക്കാണ് ചെന്നു തറച്ചത്. ഇവരുടെ ആദ്യ ഭര്‍ത്താവ് രമനോഡ്‌ഗെ ഉന്‍മത്തലെഗാഡുവിനെ പോലീസ് അറസ്റ്റ് ചെയ്തതായി അയല്‍ക്കാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഏഴ് വര്‍ഷക്കാലം തന്റെ പങ്കാളിയായിരുന്ന സനയുടെ മരണത്തില്‍ വിതുമ്പുകയാണ് ഭര്‍ത്താവ്. ആദ്യ ബന്ധത്തില്‍ മൂന്ന് കുട്ടികളെയും നിലവിലെ ഭര്‍ത്താവില്‍ രണ്ട് കുട്ടികളുമാണ് സനയ്ക്കുണ്ടായിരുന്നത്.
മൗറീഷ്യസില്‍ പിറന്ന സന ഇംത്യാസിനെ വിവാഹം ചെയ്യാനായി ഹിന്ദു മതത്തില്‍ നിന്നും മാറി മുസ്ലീം മതം സ്വീകരിച്ചിരുന്നു. പാകിസ്ഥാന്‍ സ്വദേശിയാണ് ഭര്‍ത്താവ്.