ഫേസ്ബുക്ക് വഴി പ്രേമിച്ച വിവാഹിതനായ കാമുകന്റെ ജീവനെടുത്തു. ഭര്‍തൃമതിയായ ശ്രീലങ്കന്‍ സ്വദേശി രക്ഷപ്പെട്ടു. പിരിയാന്‍ മടിയായതോടെ തീവണ്ടിയ്ക്ക് മുന്നില്‍ ചാടുകയായിരുന്നു. പൊള്ളാച്ചിയിലാണ് സംഭവം.
ചൊവ്വാഴ്ച രാവിലെ പൊള്ളാച്ചി ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്കൂളിനോട് ചേര്‍ന്നുള്ള തീവണ്ടിപാളത്തില് സ്ത്രീയും പുരുഷനും കിടക്കുന്നത് കണ്ട സമീപ വാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ പുരുഷന് മരിച്ചതായി കണ്ടെത്തി. സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു. സ്ത്രീയെ ചോദ്യം ചെയ്തപ്പോഴാണ് മരിച്ചത് പൊള്ളാച്ചി വെങ്കിടേശ്വര കോളനി സ്വദേശി ധര്മ്മലിംഗമാണെന്ന് (55) തിരിച്ചറിഞ്ഞത്. ശ്രീലങ്ക ഖണ്ഡി സ്വദേശിനിയാണ് പരിക്കേറ്റ 41 കാരി.. ഒരു വര്‍ഷമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുകയും പ്രണയത്തിലാകുകയുമായിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ ധര്‍മ്മലിംഗത്തെ കാണാന്‍ യുവതി ഇന്ത്യയിലെത്തി. രണ്ടുപേരും വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്തു. നവംബര്‍ 15ന് യുവതിയുടെ വിസ കാലാവധി തീര്‍ന്നു. തിരിച്ച് ശ്രീലങ്കയില്‍ പോകണമെന്നോര്ത്തുള്ള ദുഖത്തില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച 4.30 ന് പൊള്ളാച്ചിയില്‍ നിന്ന് ചെന്നൈയ്ക്ക് പോയ തീവണ്ടിയ്ക്ക് മുന്നിലാണ് രണ്ടുപേരും ചാടിയത്. ധര്‍മ്മലിംഗം മൂന്നു മക്കളുടെ പിതാവാണ്. പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ് .