CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 2 Seconds Ago
Breaking Now

തെരേസ മേയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു; ബ്രക്‌സിറ്റ് കരാറുമായി വന്ന പ്രധാനമന്ത്രിക്കെതിരെ ക്യാബിനറ്റില്‍ 10 മന്ത്രിമാര്‍; യുകെയുടെ പൊതുതാല്‍പര്യത്തിനായി നിലകൊള്ളുന്നുവെന്ന് ആവര്‍ത്തിച്ച് മേയ്; അണിയറയില്‍ കാര്യങ്ങള്‍ നീക്കി വിമതര്‍

യൂറോപ്യന്‍ നിയമങ്ങള്‍ തുടര്‍ന്നും ബ്രിട്ടന്‍ അനുസരിക്കുന്ന സാഹചര്യം നേരിടും

ബ്രക്‌സിറ്റ് കരാറിനെക്കുറിച്ചുള്ള അന്തിമ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ വിളിച്ചുചേര്‍ത്ത ക്യാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം. പത്ത് മന്ത്രിമാരാണ് ബ്രക്‌സിറ്റ് കരാറിന് എതിരെ സംസാരിച്ചത്. അഞ്ച് മണിക്കൂര്‍ നീണ്ട ക്യാബിനറ്റ് യോഗത്തിനൊടുവില്‍ പ്രധാനമന്ത്രി കസേരയില്‍ അട്ടിമറി നടക്കുമെന്ന ആശങ്ക ഒഴിവായി. താന്‍ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് തെരേസ മേയ് പ്രഖ്യാപിച്ചു. ബ്രസല്‍സുമായുള്ള തന്റെ കരട് കരാറിന് മന്ത്രിമാരുടെ പിന്തുണ ലഭിച്ചെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതിനെ എതിര്‍ക്കും നിലപാടാണ് ബ്രക്‌സിറ്റുകാര്‍ സ്വീകരിച്ചത്.

കരാറിനെതിരെ നിലപാട് സ്വീകരിക്കുന്ന മന്ത്രിമാര്‍ രാജിവെയ്ക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ആരും രാജിവെയ്ക്കാന്‍ തയ്യാറായിട്ടില്ല. ദൈര്‍ഘ്യമേറിയ ചര്‍ച്ച തന്നെയാണ് നടന്നതെന്ന് ഡൗണിംഗ് സ്ട്രീറ്റ് സമ്മതിച്ചു. മുന്നിലുള്ള ദിവസങ്ങള്‍ അത്ര സുഗമമാകില്ലെന്നും പ്രധാനമന്ത്രി കാര്യാലയം പറയുന്നു. പിന്‍വാങ്ങല്‍ കരാര്‍ അംഗീകരിച്ച് രാഷ്ട്രീയ തീരുമാനം ഉറപ്പിക്കാന്‍ ക്യാബിനറ്റ് യോഗത്തില്‍ സാധിച്ചതായി പ്രധാനമന്ത്രി അവകാശപ്പെടുന്നു. തെരേസ മേയില്‍ അവിശ്വാസം പ്രകടിപ്പിച്ചുള്ള വോട്ട് ഉടന്‍ നടക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉറപ്പ് ആവശ്യപ്പെടാന്‍ പോലും മന്ത്രിമാര്‍ തയ്യാറായി. എയ്ഡ് സെക്രട്ടറി പെന്നി മൗര്‍ഡന്റ്, ഡിഫന്‍സ് സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍, ഹോം സെക്രട്ടറി സാജിദ് ജാവിദ്, ലിയാം ഫോക്‌സ്, ജെറമി ഹണ്ട്, ആന്‍ഡ്രിയ ലീഡ്‌സം എന്നിവരും വിവിധ വിഷയങ്ങളില്‍ വിശദീകരണം ആവശ്യപ്പെടുകയും എതിര്‍പ്പ് രേഖപ്പെടുത്തുകയും ചെയ്‌തെന്നാണ് സൂചന. കരാറിനായി മേയ് നടത്തുന്ന വിട്ടുവീഴ്ചകളാണ് ഇവരെ ചൊടിപ്പിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിനും, ബ്രിട്ടനും ഇടയില്‍ റെഗുലേറ്ററി ചെക്കിംഗ് ഉണ്ടാകില്ലെന്നത് ഘടകക്ഷിയായ ഡിയുപിയെ ചൊടിപ്പിക്കുകയാണ്. ഇതിന് പുറമെയാണ് ട്രാന്‍സിഷന്‍ കാലാവധി എത്ര വേണമെങ്കിലും നീട്ടാമെന്ന നിലപാടും എത്തുന്നത്. ഇക്കാര്യത്തിലൊന്നും സ്വന്തം നിലപാട് സ്വീകരിക്കാന്‍ ബ്രിട്ടന് സാധിക്കുകയുമില്ല. 

ഇതോടെ യൂറോപ്യന്‍ നിയമങ്ങള്‍ തുടര്‍ന്നും ബ്രിട്ടന്‍ അനുസരിക്കുന്ന സാഹചര്യം നേരിടും. 39 ബില്ല്യണ്‍ പൗണ്ടാണ് ഡിവോഴ്‌സ് ബില്ലായി തീരുമാനിച്ചിരിക്കുന്നത്. ഇയു പൗരന്‍മാരുടെ സ്വതന്ത്ര സഞ്ചാരം ട്രാന്‍സിഷന്‍ കാലാവധി തീരുന്ന മുറയ്ക്കാണ് സംഭവിക്കുക. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ഹിതപരിശോധനയെ തുരങ്കം വെയ്ക്കുന്നവയാണ് ഈ തീരുമാനങ്ങളെന്നാണ് ആരോപണം. 




കൂടുതല്‍വാര്‍ത്തകള്‍.