ഡിസംബര്‍ 12നാണ് മുകേഷ്-നിതാ അംബാനിമാരുടെ മകള്‍ ഇഷയും, അജയ്-സ്വാതി പിരമളിന്റെ മകന് ആനന്ദും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഉദയ്പൂരില്‍ നടക്കുന്ന വിവാഹപൂര്‍വ്വ ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മുംബൈയില്‍ വെച്ച് വിവാഹചടങ്ങുകള്‍ നടക്കുക.
ഇഷ-ആനന്ദ് വിവാഹ നിശ്ചയത്തിന്റെ ഭാഗമായി സെപ്റ്റംബറില്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ മൂന്ന് ദിവസത്തെ ആഘോഷമാണ് അംബാനി, പിരമള്‍ കുടുംബങ്ങള്‍ സംഘടിപ്പിച്ചത്. വിവാഹത്തിന് ശേഷം മുംബൈ വര്‍ലിയില്‍ കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന അത്യാഢംബര അപ്പാര്‍ട്ട്മെന്റിലേക്കാണ് ഇഷയും, ആനന്ദും താമസം മാറ്റുക. മുംബൈയിലെ പ്രശസ്തമായ ഗളിറ്റ ബില്‍ഡിംഗ് 2012ലാണ് പിരമള്‍ കുടുംബം സ്വന്തമാക്കുന്നത്.
ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ നിന്നും 450 കോടി രൂപയ്ക്കാണ് പിരമള്‍ ഈ കെട്ടിടം വാങ്ങിയത്. സ്വാതി, അജയ് പിരമള്‍ വിവാഹത്തിന്റെ ഭാഗമായി ആനന്ദിനും ഇഷയ്ക്കും നല്കുന്ന സമ്മാനമാണ് ഗളിറ്റ. അംബാനിയുടെ വീടായ ആന്റിലിയ രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വസ്തുവാണ്. ഇഷയുടെയും ആനന്ദിന്റെയും പുതിയ ഭവനവും സമാനമായ നിരയിലാണ് വരുന്നത്.
അറബിക്കടലിന് അഭിമുഖമായി അഞ്ച് നിലകളില്‍ 50,000 സ്ക്വഫീറ്റിലാണ് ഗളീറ്റ വ്യാപിച്ച് കിടക്കുന്നത്. ബേസ്മെന്റില്‍ ലോണും, മള്‍ട്ടിപര്‍പ്പസ് റൂമും, ഓപ്പണ്‍ എയര്‍ ജലാശയവും സ്ഥിതി ചെയ്യുന്നു. ഓരോ നിലയിലും ലിവിംഗ്, ഡൈനിംഗ് റൂമുകള്‍, ബെഡ്റൂമുകള്‍, സര്‍വന്റ് ക്വാര്‍ട്ടേഴ്സ് എന്നിവയുമുണ്ട്.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വിലയേറിയ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയാണ് അംബാനിയുടെ വീട്. 27 നിലകളില്‍ 600 ജീവനക്കാരുമുള്ളതാണ് അംബാനിയുടെ ആന്റിലിയ. 14000 കോടിയാണ് ഈ വീടിന്റെ മൂല്യം.