CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 49 Minutes 57 Seconds Ago
Breaking Now

പെട്ട് നില്‍ക്കുകയാണ് പക്ഷെ പോരാടും; ക്രിക്കറ്റ് ഇതിഹാസം ജെഫ് ബോയ്‌കോട്ടിനെ പോലെ എതിരാളികളെ നേരിടുമെന്ന് തെരേസ മേയ്; ബ്രക്‌സിറ്റ് കരാറില്‍ മന്ത്രിമാരുടെ രാജി 7 ആയി; മേയ്ക്ക് പകരം പുതിയ പ്രധാനമന്ത്രിയാകാന്‍ കുപ്പായം തയ്പ്പിച്ച് നേതാക്കള്‍

മുന്‍നിര ബ്രക്‌സിറ്റര്‍ ജേക്കബ് റീസ് മോഗ് മേയില്‍ അവിശ്വാസം പ്രകടിപ്പിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്ത് കൈമാറി

ക്രിക്കറ്റ് കളി കാണുന്നവര്‍ക്ക് അറിയാന്‍ സാധിക്കും ചില നേരത്ത് ബാറ്റ്‌സ്മാന്‍മാര്‍ രക്ഷരാകുന്ന അവസ്ഥ. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുരുതുരെ വീഴുമ്പോള്‍ എതിരാളികള്‍ ചിരിക്കും. അപ്പോഴും മറുഭാഗത്ത് ബാറ്റുമായി അവസരം നോക്കി ഒരാള്‍ അവശേഷിക്കും. എതിരാളികളുടെ മുഖത്തെ പുഞ്ചിരി മായ്ച്ച് വിജയത്തിലേക്ക് സ്വന്തം ടീമിനെ എത്തിക്കാന്‍ ആ ഒറ്റയാള്‍ പട്ടാളം വഴിയൊരുക്കും. ഇംഗ്ലീഷ് ഇതിഹാസം ജെഫ് ബോയ്‌കോട്ട് അത്തരമൊരു പ്രതിഭയായിരുന്നു. അദ്ദേഹത്തെ പോലെ അങ്ങ് പാതാളത്തില്‍ നില്‍ക്കുമ്പോഴും റണ്ണുകള്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് വ്യക്തമാക്കുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയാണ്. 

രണ്ട് സുപ്രധാന മന്ത്രിമാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ തന്റെ ബ്രക്‌സിറ്റ് കരാറിന്റെ പേരില്‍ രാജിവെച്ച് ഒഴിഞ്ഞതിന് മറുപടി നല്‍കവെയാണ് തെരേസ മേയ് തന്റെ പോരാട്ടത്തെക്കുറിച്ച് വ്യക്തമാക്കിയത്. തന്റെ ബാറ്റിംഗ് തുടരുമെന്ന് വ്യക്തമാക്കി കൊണ്ട് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ഇതാണ്- 'ശരീരത്തിലെ ഓരോ അണുവിലും ഞാന്‍ വിശ്വസിക്കുന്നത് ഈ വഴിയാണ് ശരിയെന്നാണ്. ജെഫ് ബോയ്‌കോട്ടിന്റെ ആരാധികയാണ് ഞാന്‍. കുഴപ്പം പിടിച്ച ഘട്ടത്തിലും പിടിച്ച് നിന്ന് അവസാനം റണ്‍ നേടുകയാണ് അദ്ദേഹം ചെയ്തിരുന്നത്'. ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മേയുടെ നം.10-ലെ അവസ്ഥ അത്ര ശുഭകരമല്ല. മൃദു ബ്രക്‌സിറ്റെന്ന പേരില്‍ ഇവരുടെ കരാര്‍ കടുത്ത പ്രതിഷേധം നേരിടുകയും, ഒപ്പം ടോറി നേതൃത്വത്തിലേക്ക് മത്സരം ക്ഷണിക്കപ്പെടുകയും ചെയ്യുന്നതാണ് അവസ്ഥ. 

ബ്രക്‌സിറ്റ് സെക്രട്ടറി പദത്തില്‍ നിന്ന് ഡൊമിനിക് റാബ് രാജിവെയ്ക്കുകയും, എസ്തര്‍ മക്വേ പെന്‍ഷന്‍സ് പദവി ഉപേക്ഷിച്ച് പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് തിരിച്ചടികളുടെ തുടക്കം. ഇതിന് പിന്നാലെ അഞ്ച് ജൂനിയര്‍ മന്ത്രിമാരും രാജി സമര്‍പ്പിച്ചു. എന്‍വയോണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവിന് ബ്രക്‌സിറ്റ് സെക്രട്ടറി പദം ഓഫര്‍ ചെയ്‌തെങ്കിലും സ്വീകരിച്ചില്ല. ഗോവിനൊപ്പം, അന്താരാഷ്ട്ര ഡെവലപ്‌മെന്റ് സെക്രട്ടറി പെന്നി മോര്‍ഡൗണ്ടും രാജിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ട് മന്ത്രി ശൈലേഷ് വരാ, ബ്രക്‌സിറ്റ് മന്ത്രി സുവേലാ ബ്രേവര്‍മാന്‍, മന്ത്രിതല സഹായികളായ ആനി മാരി ട്രെവെലിയാനും രാജിവെച്ചിട്ടുണ്ട്. 

മുന്‍നിര ബ്രക്‌സിറ്റര്‍ ജേക്കബ് റീസ് മോഗ് മേയില്‍ അവിശ്വാസം പ്രകടിപ്പിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്ത് കൈമാറി. ഇതോടെ ടോറി നേതൃത്വത്തിലേക്ക് പുതിയ പോരാട്ടത്തിന് വഴിയൊരുങ്ങുമെന്ന ആശങ്കയും ശക്തമാണ്. ഇനിയുള്ള മണിക്കൂറുകള്‍ തെരേസ മേയ്ക്കും ബ്രിട്ടനും സുപ്രധാനമാണ്. അനിശ്ചിതത്വം പടര്‍ന്നതോടെ പൗണ്ട് താഴേക്ക് പതിക്കുന്ന കാഴ്ച ഇതിന് ഉദാഹരണമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.