Breaking Now

'എന്നെ കൊല്ലാന്‍ നോക്കിയ ഭാര്യയെ ഇപ്പോഴും സ്‌നേഹിക്കുന്നു'; ഭാര്യയും, കാമുകനും, മകളും ചേര്‍ന്ന് ക്യാന്‍സര്‍ രോഗബാധിതന് നേരെ വെടിയുതിര്‍ത്തു; ഭാര്യക്ക് 15 വര്‍ഷം ജയില്‍ വിധിച്ച് കോടതി; മരിക്കാനായി കാത്തിരിക്കാന്‍ പോലും ക്ഷമയില്ലേയെന്ന് ജഡ്ജ്?

ഭാര്യയും സുഹൃത്തും പുതിയ ജീവിതം തുടങ്ങാന്‍ നിശ്ചയിച്ചതോടെയാണ് വെതറോളിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്

സ്‌നേഹത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെയാണ്. കാമുകനൊപ്പം ചേര്‍ന്ന് തന്നെ വകവരുത്താന്‍ ഭാര്യ ഇറങ്ങിത്തിരിച്ചിട്ടും രോഗബാധിതനായ ഈ മനുഷ്യന് കുലുക്കമില്ല. ആയുസ്സിന്റെ ബലം കൊണ്ടാണ് ജീവനോടെ രക്ഷപ്പെട്ടതെങ്കിലും 15 വര്‍ഷം ജയിലഴിക്കുള്ളിലായ ഭാര്യയെ സ്വീകരിക്കാനായി കാത്തിരിക്കുകയാണ് ക്യാന്‍സര്‍ രോഗബാധിതനായ റേ വെതറോള്‍. കാമുകനും അയാളുടെ കുടുംബത്തോടും ഒപ്പം ചേര്‍ന്ന് തന്നെ കൊല്ലാന്‍ നോക്കിയെങ്കിലും മുന്‍ പങ്കാളിയോട് ഇപ്പോഴും സ്‌നേഹമാണെന്നാണ് ഈ 53-കാരന്റെ പക്ഷം. 

ഭാര്യ 32-കാരി ഹെയ്‌ലി വെതറോള്‍, 49-കാരന്‍ ഗ്ലെന്‍ പൊള്ളാര്‍ഡ്, ഇയാളുടെ ട്രാന്‍സ്‌ജെന്‍ഡര്‍ മകള്‍ ഹിതര്‍ എന്നിവര്‍ക്കാണ് റേയുടെ വധശ്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ കോടതി ശിക്ഷവിധിച്ചത്. വെടിവെച്ചും, വെള്ളത്തില്‍ മുക്കിയും കൊല്ലാനായിരുന്നു ശ്രമം. 15 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് തങ്ങളുടെ കുടുംബത്തിലേക്ക് ഹെയ്‌ലി മടങ്ങിയെത്തുമെന്നാണ് വെതറോള്‍ പ്രതീക്ഷിക്കുന്നത്. 'ഞാന്‍ അവളെ എന്നും സ്‌നേഹിച്ചിരുന്നു. എന്നും സ്‌നേഹിക്കും, ഇനിയും. അവള്‍ മടങ്ങിവരുമെന്നാണ് പ്രതീക്ഷ. എനിക്ക് ഭ്രാന്താണെന്ന് ആളുകള്‍ പറയും. എന്നെ കൊല്ലാന്‍ നോക്കേണ്ടായിരുന്നു. ഭാര്യയും, സുഹൃത്തും ജയിലിലുമായി. ഞാന്‍ മരിക്കുന്നത് വരെ ഒന്ന് കാത്തിരുന്നെങ്കില്‍ അവളെ അയാള്‍ക്ക് ലഭിക്കുമായിരുന്നു', വിശാലഹൃദയനായ വെതറോള്‍ പറയുന്നു. 

ക്യാന്‍സര്‍ രോഗം മൂലം ജീവിക്കാനും ഏതാനും മാസം മാത്രം ബാക്കിയുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിച്ച ഘട്ടത്തിലായിരുന്നു ഹിതര്‍ പൊള്ളാന്‍ഡ് മുഖത്തിന് നേരെ വെടിയുതിര്‍ത്തത്. ഇതിന് മുന്‍പുള്ള പല ശ്രമങ്ങളും പരാജയപ്പെട്ടതോടെയായിരുന്നു ഇത്. സ്വിമ്മിംഗ് പൂള്‍ ഹീറ്റര്‍ സ്‌ഫോടനത്തില്‍ സെക്കന്‍ഡ് ഡിഗ്രി പൊള്ളല്‍ ഏറ്റ് രക്ഷപ്പെട്ട വെതറോളിനെ മീന്‍പിടിക്കാന്‍ പോയപ്പോള്‍ മുക്കിക്കൊല്ലാനും, ഇന്‍സുലിന്‍ ഉപയോഗിച്ച് വിഷം കലര്‍ത്തി കൊല്ലാനും, ഉറക്കഗുളികകള്‍ നല്‍കിയതുമെല്ലാം വെറുത ആയതോടെയാണ് അന്തിമ പ്രയോഗം നടന്നത്. ഭാര്യയും, 20 വര്‍ഷക്കാലമായി അടുത്ത സുഹൃത്തുമായ വ്യക്തിയും ചേര്‍ന്നാണ് ഇതെല്ലാം ചെയ്തതെന്ന് തിരിച്ചറിയാന്‍ കാന്റര്‍ബറിയിലെ ആഷില്‍ താമസിക്കുന്ന പാവം ഭര്‍ത്താവിന് സാധിച്ചില്ല. 

ഭാര്യയും സുഹൃത്തും പുതിയ ജീവിതം തുടങ്ങാന്‍ നിശ്ചയിച്ചതോടെയാണ് വെതറോളിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവ് മരിക്കാന്‍ അധികം സമയം ഇല്ലെന്ന് അറിഞ്ഞിട്ടും അതിനായി കാത്തിരിക്കാന്‍ പോലും ക്ഷമ കാണിക്കാതെ കൊലപാതക പദ്ധതിയുമായി ഇറങ്ങിയ ഭാര്യയെ ജഡ്ജ് രൂക്ഷമായി വിമര്‍ശിച്ചു. റേയുടെ അനന്തിരവള്‍ നല്‍കിയ സൂചനകളാണ് പോലീസിന് അപകടങ്ങള്‍ വധശ്രമങ്ങളായിരുന്നെന്ന വിവരം നല്‍കിയത്.  
കൂടുതല്‍വാര്‍ത്തകള്‍.