CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 9 Seconds Ago
Breaking Now

രക്ഷിതാക്കളുടെ പേടിപ്പിക്കുന്ന സ്വപ്‌നം ജയിലഴിക്കുള്ളില്‍; തുറന്ന ജയിലില്‍ നിന്നും കുട്ടിപ്പീഡകന്‍ ഇറങ്ങിപ്പോന്നത് അറിയാതെ അധികൃതര്‍; അടുത്ത പ്രൈമറി സ്‌കൂളിന്റെ വാതില്‍തുറന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തടഞ്ഞത് ടീച്ചിംഗ് അസിസ്റ്റന്റ്

കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള അപകടകാരിയാണ് ഹാരിസെന്ന് ജഡ്ജ്

ഓരോ മാതാപിതാക്കളുടെയും ഭയപ്പെടുത്തുന്ന സ്വപ്‌നമെന്ന് വിശേഷിപ്പിക്കപ്പെട്ട കുട്ടിപ്പീഡകന് ഏഴര വര്‍ഷത്തെ ജയില്‍ശിക്ഷ. തുറന്ന ജയിലില്‍ നിന്നും രക്ഷപ്പെട്ട് അടുത്തുള്ള പ്രൈമറി സ്‌കൂളിലെത്തി ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് 36-കാരന്‍ ജോണ്‍ ഹാരിസ് പിടിയിലാകുന്നത്. 'എനിക്ക് ഈ കുട്ടിയെ മാത്രം കൊണ്ടുപോകണം' എന്നാണ് പെണ്‍കുട്ടിയുടെ കഴുത്തിലും, കൈയിലും പിടിമുറുക്കിയ ശേഷം ഇയാള്‍ പറഞ്ഞതെന്ന് കോടതിയില്‍ വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ഏഴര വര്‍ഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. ഒപ്പം സുരക്ഷിതമായ ജയിലില്‍ പാര്‍പ്പിക്കാനും ഉത്തരവിട്ടു. 

ഇതിന് പുറമെ ലൈസന്‍സ് കാലാവധി നാല് വര്‍ഷമാക്കി ദീര്‍ഘിപ്പിച്ചു. ഇതോടെ 11 വര്‍ഷവും ആറ് മാസവുമായി ശിക്ഷ വര്‍ദ്ധിച്ചു. ഈ വര്‍ഷം ഒക്ടോബറിലാണ് ഗ്ലൗഷയറിലെ ലേഹില്‍ ജയിലില്‍ നിന്നും ഹാരിസ് മുങ്ങിയത്. ഇവിടെ നിന്നും നേരെ ഒരു പ്രൈമറി സ്‌കൂളിലെ പ്ലേഗ്രൗണ്ടിലേക്ക് കടന്നുകയറുകയായിരുന്നു. ഒരു ക്ലാസ് റൂമിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ടീച്ചിംഗ് അസിസ്റ്റന്റാണ് തുറന്നത്. ഇത് റിസപ്ഷന്‍ ആണോയെന്നായിരുന്നു ഹാരിസിന്റെ ചോദ്യം അല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ ഒരു ചെറിയ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് ഇതിനെ കൊണ്ടുപൊയ്‌ക്കൊള്ളാമെന്നായി ഹാരിസ്. അത് നടക്കില്ലല്ലോ എന്ന് പറഞ്ഞ് ടീച്ചിംഗ് അസിസ്റ്റന്റ് കുട്ടിയെ സുരക്ഷിതത്വത്തിലേക്ക് നീക്കി.

മറ്റൊരു ജീവനക്കാരിയും സംഭവത്തില്‍ ഇടപെട്ടു. ഹാരിസിനെ അസിസ്റ്റന്റ് റിസപ്ഷനിലേക്ക് കൂട്ടിക്കൊണ്ടുപോകവെ നിങ്ങള്‍ പോലീസിനെ വിളിക്കണമെന്നും ഇയാള്‍ പറഞ്ഞു. അത് ചെയ്യുമെന്ന് ഇവര്‍ മറുപടി നല്‍കി. ഹെഡ് ടീച്ചറെ വിവരം അറിയിച്ച ശേഷം സ്‌കൂള്‍ അടച്ചിട്ടു. കുട്ടികള്‍ ഡെസ്‌കിന് കീഴില്‍ അഭയം തേടി. അപ്പോഴും വാതിലും ജനലും തുറക്കാനുള്ള ശ്രമത്തിലായിരുന്നു ഹാരിസ്. പോലീസ് എത്തി അറസ്റ്റ് ചെയ്യുമ്പോഴും ഒരു കുട്ടിയെ വേണമെന്നായിരുന്നു ഇയാളുടെ നിലപാട്. ഈ പരാക്രമം നടത്തുമ്പോഴും ലേഹില്‍ ജയില്‍ അധികൃതര്‍ പ്രതി ചാടിപ്പോയത് പോലും അറിഞ്ഞിരുന്നില്ല. 

കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള അപകടകാരിയാണ് ഹാരിസെന്ന് ജഡ്ജ് മൈക്കിള്‍ കുള്ളം വ്യക്തമാക്കി. ഇതിന് മുന്‍പ് കൈയില്‍ കത്തിയുമായി കുട്ടികളുടെ ആശുപത്രിയില്‍ എത്തിയും ഇയാള്‍ പരാക്രമം കാണിച്ചിട്ടുള്ളതായി ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ വ്യക്തമായി. ബ്രിസ്‌റ്റോളിലെ അതീവ സുരക്ഷയുള്ള ഹോര്‍ഫീല്‍ഡ് ജയിലില്‍ ഇയാളുടെ മാനസിക നില കൂടുതല്‍ വഷളാകുന്നുവെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.