CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 11 Seconds Ago
Breaking Now

യൂറോപ്യന്‍ കടമ്പ കടന്ന് തെരേസ മേയുടെ ബ്രക്‌സിറ്റ് ബില്‍; ഇനി നേരിടേണ്ടത് സ്വന്തം എംപിമാരെ; ബ്രക്‌സിറ്റ് കരാര്‍ കോമണ്‍സില്‍ പാസാക്കാന്‍ ഹൃദയം കൊണ്ട് പോരാടുമെന്ന് പ്രധാനമന്ത്രി; നിയമങ്ങളും, അതിര്‍ത്തിയും, പണവും സംരക്ഷിക്കും

സ്വന്തം പാര്‍ട്ടിയിലെ 90 എംപിമാരും, ഘടകക്ഷിയായ ഡിയുപിയും, പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും കരാറിന് എതിരെ പടയ്ക്ക് തയ്യാറെടുക്കുകയാണ്

നിയമങ്ങള്‍, അതിര്‍ത്തി, പണം എന്നിവയെല്ലാം സംരക്ഷിക്കുന്ന സ്വപ്‌നതുല്യമായ കരാര്‍ എന്ന അവകാശവാദത്തോടെ പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ ഉറപ്പിച്ചു. ചരിത്രത്തില്‍ ഇടംപിടിച്ച ദിനത്തിലാണ് ബ്രസല്‍സ് കരാര്‍ ഇരുവിഭാഗവും സംയുക്തമായി അംഗീകരിച്ചത്. തൊഴിലവസരങ്ങളും, സുരക്ഷയും സംരക്ഷിക്കുന്ന ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള കരാര്‍ എന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇനി ഹൗസ് ഓഫ് കോമണ്‍സില്‍ ബ്രക്‌സിറ്റ് കരാര്‍ പാസാക്കിയെടുക്കാനുള്ള നീക്കങ്ങളിലാണ് മേയ്. എംപിമാര്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നാണ് തെരേസ മേയ് ഓര്‍മ്മിപ്പിക്കുന്നത്. 

ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും നല്ല കരാറാണ് ഇതെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. വിഘടിപ്പിച്ച് നില്‍ക്കുന്ന എംപിമാര്‍ ഇത് വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മേയ്. എന്നാല്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. 'പാര്‍ലമെന്റ് എന്ന നിലയില്‍ നമുക്കൊരു ഉത്തരവാദിത്വമുണ്ട്, ബ്രക്‌സിറ്റ് നടപ്പാക്കുകയാണ് അത്', അവര്‍ പറഞ്ഞു. ബ്രക്‌സിറ്റിന്റെ പേരില്‍ രണ്ടാമതൊരു ഹിതപരിശോധന ആരും സ്വപ്‌നം കാണേണ്ട. പാര്‍ലമെന്റ് കരാറിനെ അനുകൂലിക്കാത്ത ഘട്ടം നേരിട്ടാല്‍ പ്രധാനമന്ത്രി പദം ഒഴിയുമോയെന്ന ചോദ്യത്തിന് പ്രധാനമന്ത്രിക്ക് മറുപടിയില്ല. 

'ജനങ്ങള്‍ ബ്രക്‌സിറ്റിനായി വോട്ട് ചെയ്തതാണ്. അവരോട് ആ തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടത് രാഷ്ട്രീയക്കാരാണ്. അവരുടെ ആ അഭിപ്രായം നടപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്', മേയ് ചൂണ്ടിക്കാണിച്ചു. ഈ കരാര്‍ മാത്രമാണ് ബ്രിട്ടന് നല്‍കാന്‍ കഴിയുകയെന്ന് ഇയു കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ മുന്നറിയിപ്പ് നല്‍കി. കിട്ടിയ കരാര്‍ പറ്റില്ലെന്നാണെങ്കില്‍ ഇറങ്ങിപ്പൊയ്‌ക്കൊള്ളണമെന്ന നിലപാടാണ് ജങ്കര്‍ വ്യക്തമാക്കുന്നത്. ഇതിലും നല്ലൊരു കരാര്‍ നേടാമെന്ന പ്രതീക്ഷയില്‍ കോമണ്‍സില്‍ കരടിനെ തോല്‍പ്പിക്കുന്നവര്‍ ദിവാസ്വപ്‌നം കാണുകയാണ്. ഇതിലും നല്ലതൊന്നും നിങ്ങള്‍ക്ക് തരാന്‍ കഴിയില്ല, ഇയു നേതാക്കള്‍ സംയുക്തമായി പ്രഖ്യാപിച്ചു. 

ബ്രിട്ടനും, ഇയുവും അവസാന ദിനം വരെ സുഹൃത്തുക്കളായി തുടരുമെന്ന് ഇയു കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് വ്യക്തമാക്കി. എന്നാല്‍ കോമണ്‍സില്‍ സ്വന്തം പാര്‍ട്ടിയിലെ 90 എംപിമാരും, ഘടകക്ഷിയായ ഡിയുപിയും, പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും കരാറിന് എതിരെ പടയ്ക്ക് തയ്യാറെടുക്കുകയാണ്. അതുകൊണ്ട് തന്നെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കരാറിന് അനുമതി ലഭിക്കുമോയെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. 




കൂടുതല്‍വാര്‍ത്തകള്‍.