CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 37 Minutes 54 Seconds Ago
Breaking Now

ഡിമെന്‍ഷ്യ ബാധിച്ച് ബസ് ഓടിച്ച് കവെന്‍ട്രിയില്‍ 2 പേര്‍ കൊല്ലപ്പെട്ട കേസില്‍ ഇന്ത്യന്‍ വംശജന് രണ്ട് വര്‍ഷത്തെ സൂപ്പര്‍വിഷന്‍ ഓര്‍ഡര്‍ വിധിച്ച് ബര്‍മിംഗ്ഹാം കോടതി; രോഗം മൂലം വിചാരണ പോലും നടന്നില്ല; ബസ് കമ്പനിക്ക് 2.3 മില്ല്യണ്‍ പൗണ്ട് പിഴ; 70 കഴിഞ്ഞ 7000 പേര്‍ക്ക് ബസ് ഡ്രൈവിംഗ് ലൈസന്‍സെന്ന് വെളിപ്പെടുത്തല്‍

വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ പ്രായപരിധി നിശ്ചയിക്കണമെന്ന് ബസ് കമ്പനി

വാര്‍ദ്ധക്യത്തിലേക്ക് കടന്നാലും ചെറുപ്പം മനസ്സില്‍ കൊണ്ടുനടക്കുന്നവരുണ്ട്. സ്വയം പ്രായമായെന്ന് സമ്മതിക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. ഇത് തെളിയിക്കാനായി പലവിധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ ഏര്‍പ്പെട്ട് കളയും. അതിലൊന്നാണ് ഡ്രൈവിംഗ്. ചിന്തിക്കുന്നതിന് ഒപ്പം കൈകാലുകള്‍ പ്രവര്‍ത്തിക്കാന്‍ തലച്ചോറിലേക്ക് സന്ദേശങ്ങള്‍ എത്തില്ലെന്ന വസ്തുതയൊക്കെ ഇവര്‍ മാറ്റിവെയ്ക്കും, പലരും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെയും സുരക്ഷയും ഇല്ലാതാക്കും. ഇത്തരത്തില്‍ 70 വയസ്സ് കഴിഞ്ഞ ബസ് ഡ്രൈവിംഗ് ലൈസന്‍സുള്ള 7000 മോട്ടോറിസ്റ്റുകള്‍ ബ്രിട്ടനിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 

ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ വരുത്തിവെച്ച അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബസ് കമ്പനിക്ക് 2.3 മില്ല്യണ്‍ പൗണ്ട് പിഴ അടയ്ക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ ഞെട്ടിക്കുന്ന വിവരം എത്തുന്നത്. 77-ാം വയസ്സില്‍ ബസ് ഓടിച്ച കൈലാഷ് ചന്ദറാണ് വിവാദത്തില്‍ അകപ്പെട്ട ഡ്രൈവര്‍. പ്രായമായ ജോലിക്കാരോട് വിവേചനം കാണിക്കുന്നത് തടയുന്ന നിയമങ്ങളാണ് ഇദ്ദേഹത്തെ തങ്ങളുടെ ജീവനക്കാരനാക്കി നിര്‍ത്തിയതെന്ന് സ്‌റ്റേജ്‌കോച്ച് ഗ്രൂപ്പിന്റെ ഭാഗമായ മിഡ്‌ലാന്‍ഡ് റെഡ് പരാതിപ്പെടുന്നു. ചന്ദറിന്റെ അപകടകരമായ ഡ്രൈവിംഗിനെക്കുറിച്ച് നേരത്തെ തന്നെ കമ്പനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് നിയന്ത്രണം വിട്ട് ബസ് കവന്‍ട്രിയിലെ സെയിന്‍സ്ബറീസിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ കൊല്ലപ്പെട്ടത്. 

തനിക്ക് ഡിമെന്‍ഷ്യ ബാധിച്ച് തുടങ്ങിയ വിവരം ചന്ദര്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഇതോടെ ബ്രേക്കിന് പകരം ആക്‌സിലേറ്ററിലാണ് കാല്‍ അമര്‍ന്നത്. 2015 ഒക്ടോബറിലായിരുന്നു സംഭവങ്ങള്‍. ടോപ്പ് ഡെക്കില്‍ മുത്തശ്ശനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഏഴ് വയസ്സുകാരന്‍ റോവാന്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ്, കാല്‍നടക്കാരി ഡോറാ ഹാന്‍കോക്‌സ് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചന്ദറിനെ ഡ്രൈവ് ചെയ്യാന്‍ അനുവദിച്ചതിന് 2.3 മില്ല്യണ്‍ പൗണ്ട് പിഴ നല്‍കാനാണ് ബസ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ 80 വയസ്സായ ചന്ദറിന് രണ്ട് വര്‍ഷത്തെ സൂപ്പര്‍വിഷന്‍ ഓര്‍ഡറാണ് നല്‍കിയത്. ഡിമെന്‍ഷ്യ മൂലം വിചാരണ നടത്താന്‍ പോലും ആരോഗ്യസ്ഥിതി അനുവദിച്ചിരുന്നില്ല. 

വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ പ്രായപരിധി നിശ്ചയിക്കണമെന്ന് ബസ് കമ്പനി ആവശ്യപ്പെടുന്നു. തുല്യതാ നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രായത്തിന്റെ പേരില്‍ ഒരാളെ വിരമിക്കാന്‍ നിര്‍ബന്ധിക്കാന്‍ കഴിയില്ല. 70 കഴിഞ്ഞ 7110 പേര്‍ക്ക് ബസ് ലൈസന്‍സുണ്ടെന്നാണ് കണക്ക്. ഇവരില്‍ പലരും മരിക്കുകയും, ഡ്രൈവിംഗ് നിര്‍ത്തിയെന്നുമാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.