മിതാലി രാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ വനിതാ ടീം പരിശീലകനും മുന്‍ താരവുമായ രമേശ് പൊവാര്‍. ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ നിന്ന് മിതാലി രാജിനെ മാറ്റി നിര്‍ത്തിയത് വിവാദമായിരുന്നു.തുടര്‍ന്ന് മിതാലി ബിസിസിഐയ്ക്ക് പൊവാറിനെതിരെ ആരോപണം ഉന്നയിച്ച് കത്ത് നല്‍കിയിരുന്നു. പിന്നാലെ വിശദീകരണവുമായി പൊവാറെത്തി.
മിതാലിയുമായി അകല്ച്ചയുണ്ടായിരുന്നെന്നും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നു ഇവരെന്നും പൊവാര്‍ പറഞ്ഞു.ബിസിസിഐ നേരത്തെ ഹര്‍മിത് കൗറും മിതാലുയുമായി സംസാരിച്ചിരുന്നു. പിന്നാലെയാണ് പൊവാറിന്റെ വിശദീകരണം തേടിയത്. മിതാലിയുമായുള്ള പെരുമാറ്റത്തില്‍ വേര്‍തിരിവുള്ളതായി പൊവാര്‍ സമ്മതിച്ചു. എന്നാല്‍ ടീമില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം തന്റെ വ്യക്തിപരമല്ലെന്നും ടീമിന് വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ട്രൈക്ക് റേറ്റ് മോശമായതിനാലാണ് മിതാലിയെ പുറത്തിരുത്തിയതെന്നും പൊവാര്‍ പറയുന്നു. പാകിസ്താനനും അയര്ലന്റിനുമെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ടീം തിരഞ്ഞെടുക്കുമ്പോള്‍ എന്തുകൊണ്ട് മിതാലിയുടെ സ്ട്രൈക്ക് റേറ്റ് നോക്കിയില്ലെന്ന ചോദ്യത്തിനും പൊവാറിന് മറുപടിയുണ്ടായില്ല.
ട്വന്റി 20 ലോകകപ്പിന് മുമ്പാണ് പൊവാര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. വെള്ളിയാഴ്ച പൊവാറിന്റെ താല്‍ക്കാലിക പരിശീലന കാലാവധി അവസാനിക്കും.