CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 36 Seconds Ago
Breaking Now

റെയില്‍, റോഡ്, വിമാനയാത്രകളെ ദുരിതത്തിലാക്കി ഡയാന കൊടുങ്കാറ്റ്; വീശിയടിക്കുന്ന 80എംപിഎച്ച് വേഗതയുള്ള കാറ്റില്‍ സ്റ്റേഡിയം ഫഌ്‌ലൈറ്റ് തകര്‍ന്നുവീണു; കാണാതായ ദമ്പതികളുടെ കാര്‍ കടലില്‍, തെരച്ചിലുമായി പോലീസ്; കാലാവസ്ഥ കൂടുതല്‍ മോശമാകുന്നു

ജീവന് അപകടം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് മെറ്റ് ഓഫീസ് സൗത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടിനും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിനും നല്‍കി

ഡയാന കൊടുങ്കാറ്റ് യുകെയിലെ വിവിധ ഭാഗങ്ങളില്‍ സൃഷ്ടിക്കുന്ന ദുരിതത്തിന് അവസാനമില്ല. യുകെയിലെ മുന്‍നിര റഗ്ബി ലീഗ് സ്‌റ്റേഡിയത്തിലെ ഫഌ്‌ലൈറ്റ് വരെ നിലംപരിശാക്കി മുന്നേറുകയാണ് 80എംപിഎച്ച് വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റ്. മോശം കാലാവസ്ഥയ്ക്കിടെ കാണാതായ ദമ്പതികളെ തിരഞ്ഞ പോലീസിന് ഇവരുടെ തകര്‍ന്ന് തരിപ്പണമായ കാര്‍ കടലില്‍ നിന്നും ലഭിച്ചു. ഹള്‍ കെആറിന്റെ കെകോം സ്‌റ്റേഡിയത്തിലാണ് ലൈറ്റ് കനത്ത കാറ്റില്‍ നിലംപതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്നാണ് പ്രാഥമിക വിവരം. അന്വേഷണം ആരംഭിക്കുന്നത് വരെ സ്റ്റേഡിയം അടച്ചിടും. 

സ്‌കോട്ട്‌ലണ്ട് പോലീസാണ് ജെയിംസ്, സൂസന്‍ കെന്നെവി ദമ്പതികളെ അന്വേഷിക്കുന്നത്. ഇവരുടെ ഫോര്‍ഡ് കുഗ സ്ട്രാനിയറിന് സമീപമുള്ള ഡ്രമ്മോര്‍ ബീച്ചില്‍ നിന്നും ഒഴിഞ്ഞ നിലയില്‍ കണ്ടെത്തി. കനത്ത മഴ മൂലം പ്രദേശത്ത് വെള്ളപ്പൊക്കം നിലനില്‍ക്കുകയാണ്. തെരച്ചില്‍ നടപടികള്‍ക്കായി കോസ്റ്റ്ഗാര്‍ഡും രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിനിടെ കാലാവസ്ഥ മോശമായതോടെ ട്രെയിനുകളുടെ വേഗത 50എംപിഎച്ചായി പരിമിതപ്പെടുത്തിയെന്ന് ലണ്ടന്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ റെയില്‍വെയും, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റെയില്‍വെയും അറിയിച്ചു. ഇതുമൂലം പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. 

മരങ്ങളും, മാലിന്യങ്ങളും നിറഞ്ഞ് റോഡുകള്‍ ബ്ലോക്കായതോടെ പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്. കനത്ത കാറ്റ് മൂലം ചില പാലങ്ങളും അടച്ചിട്ടുണ്ട്. അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വേഗത കുറച്ച് സഞ്ചരിക്കാനും, ഓവര്‍ടേക്കിംഗ് ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ പ്രശ്‌നബാധിതമായ റോഡുകള്‍ ഒഴിവാക്കാനും മെറ്റ് ഓഫീസും, ആര്‍എസിയും നിര്‍ദ്ദേശിക്കുന്നു. കാറ്റിന്റെ വേഗത കനത്തതോടെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങാന്‍ വിമാനങ്ങള്‍ പാടുപെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പുറമെ പൈലറ്റുമാര്‍ക്കും കാറ്റ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ജീവന് അപകടം സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് മെറ്റ് ഓഫീസ് സൗത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടിനും, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിനും നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.