Breaking Now

74,609 പൗണ്ട് മോഷ്ടിച്ചെന്ന് ആരോപിച്ച് ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജയെ ജയിലിലടച്ചത് ഇല്ലാത്ത സംഭവത്തിന്റെ പേരില്‍; പോസ്റ്റ്ഓഫീസിലെ പണം പോയത് സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍ മൂലം; വീഴ്ച പുറത്തുവരാതെ മറച്ചത് ഓഫീസ് മേലാളന്‍മാര്‍; 557 മുന്‍ സബ് പോസ്റ്റ്മാസ്‌റ്റേഴ്‌സ് നീതി തേടി കോടതിയില്‍

എല്ലാ ആരോപണങ്ങളും നിഷേധിക്കുന്ന പോസ്റ്റ് ഓഫീസ് നിരപരാധികളെ ക്രൂശിക്കാന്‍ 5 മില്ല്യണ്‍ പൗണ്ടാണ് കോടതിയില്‍ ചെലവാക്കിയത്

കള്ളനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്നത് പോലീസിന്റെ സ്ഥിരം പണിയാണ്. എന്നാല്‍ ബ്രിട്ടനിലെ പോസ്റ്റ് ഓഫീസിലും ഇത് തന്നെയാണ് സ്ഥിതിയെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തങ്ങളുടെ പോസ്റ്റ്ഓഫീസുകളുടെ അക്കൗണ്ടുകളില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ പണം അപ്രത്യക്ഷമായപ്പോള്‍ ഇതിന് വിശദീകരണം നല്‍കാന്‍ കഴിയാതെ മോഷ്ടാക്കളായി മുദ്ര കുത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടത് ഒന്നും രണ്ടും പേരല്ല 557 മുന്‍ സബ്-പോസ്റ്റ്മാസ്റ്റര്‍മാരും, സബ്-പോസ്റ്റ്മിസ്ട്രസുകളുമാണ് ഈ ദുരിതം അനുഭവിച്ചത്. ഇവരില്‍ ഇന്ത്യന്‍ വംശജയുമുണ്ട്. 

എട്ട് മാസം ഗര്‍ഭിണി ആയി ഇരിക്കവെയാണ് സീമാ മിശ്ര ജോലി സ്ഥലത്ത് നിന്നും പണം മോഷ്ടിച്ചതായി മുദ്ര കുത്തപ്പെട്ട് ജയിലിലായത്. 15 മാസത്തെ ജയില്‍ശിക്ഷ വിധിച്ചപ്പോള്‍ ബോധംകെട്ടു വീണ സീമയെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും തിരിച്ച് ഇറങ്ങുന്നത് കൈയില്‍ വിലങ്ങുമായാണ്. വേഗത കൂടിയതിന് ഫൈന്‍ പോലും അടയ്ക്കാത്ത തനിക്കാണ് ഇത്തരമൊരു നാണക്കേട് നേരിടേണ്ടി വന്നതെന്ന് രണ്ട് മക്കളുടെ അമ്മയായ 43-കാരി പറയുന്നു. വയറ്റില്‍ കുഞ്ഞ് വളരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് ആത്മഹത്യ ചെയ്യാതെ പോയത്. 

ഇവര്‍ സബ്-പോസ്റ്റ്മിസ്ട്രസായി ജോലി ചെയ്തിരു്‌നന സറേയിലെ വെസ്റ്റ് ബൈഫ്‌ളീറ്റ് വില്ലേജ് പോസ്‌റ്റോഫീസിലെ 74,609 പൗണ്ടാണ് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായത്. നഷ്ടപ്പെട്ടത് എങ്ങിനെയെന്ന് വിശദീകരിക്കാന്‍ കഴിയാതെ പോയതോടെ മോഷണവും, തെറ്റായ അക്കൗണ്ടിംഗും ചുമത്തി സീമയെ കുറ്റവാളിയാക്കുകയായിരുന്നു. 

2010 നവംബറില്‍ ഗില്‍ഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി ഇവരെ ജയിലിലേക്ക് അയച്ചു. പക്ഷെ സത്യം ഒരുപാട് നാള്‍ മറച്ചുവെയ്ക്കാന്‍ കഴിയില്ല, ഒടുവില്‍ അത് പുറത്തുവന്നപ്പോള്‍ സീമ ഉള്‍പ്പെടെ നൂറുകണക്കിന് പോസ്റ്റ്ഓഫീസ് ജീവനക്കാരെ അകാരണമായാണ് ശിക്ഷിച്ചതെന്ന് വ്യക്തമാകുകയാണ്. പോസ്റ്റ് ഓഫീസിലെ ഐടി അക്കൗണ്ടിംഗ് സിസ്റ്റം ഹൊറൈസോണിലെ പിശകുകളാണ് പണം നഷ്ടമാക്കിയതെന്നാണ് ഇവര്‍ പറയുന്നത്. ഇതിന് പലവിധ തെളിവുകളും പുറത്തുവരുന്നുണ്ട്. പ്രത്യേകിച്ച് തൊഴില്‍ദാതാക്കള്‍ ഈ വീഴ്ചകള്‍ മറച്ചുവെയ്ക്കുകയും ചെയ്തു. 

എല്ലാ ആരോപണങ്ങളും നിഷേധിക്കുന്ന പോസ്റ്റ് ഓഫീസ് നിരപരാധികളെ ക്രൂശിക്കാന്‍ 5 മില്ല്യണ്‍ പൗണ്ടാണ് കോടതിയില്‍ ചെലവാക്കിയത്. 2010-ല്‍ ആഭ്യന്തര മെമ്മോയില്‍ സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങള്‍ പുറത്തുവരരുതെന്നും ഹൊറൈസോണുമായി ബന്ധപ്പെട്ട് കോടതികളിലുള്ള നിയമനടപടികളെ ബാധിക്കുമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മറച്ചുവെയ്ക്കല്‍ മൂലം പലരും കടക്കാരായി, വീടും, അന്തസ്സും നഷ്ടപ്പെട്ട് ജീവിക്കാന്‍ നിര്‍ബന്ധിതായി. രണ്ട് പേരെങ്കിലും നാണക്കേട് സഹിക്കാതെ ആത്മഹത്യ ചെയ്തിട്ടുണ്ട്. 

സീമയുടേത് ഉള്‍പ്പെടെ 32 കേസുകളാണ് ക്രിമിനല്‍ കേസസ് റിവ്യൂ കമ്മീഷന്‍ പരിശോധിക്കുന്നത്. ഇവിടെയെങ്കിലും താന്‍ മോഷ്ടാവല്ലെന്ന് തെളിയിക്കപ്പെടുമെന്നാണ് സീമയുടെ വിശ്വാസം. 
കൂടുതല്‍വാര്‍ത്തകള്‍.