CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 15 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ രണ്ടു മലയാളി നഴ്‌സുമാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ബംഗ്ലൂരില്‍ വിരിഞ്ഞത് ചരിത്രം; 1400-ലേറെ നഴ്‌സുമാരെ അണിനിരത്തി അന്തര്‍ദേശീയ കോണ്‍ഫറന്‍സ്; ഒപ്പം ചേര്‍ന്ന് ഇന്ത്യന്‍ ആര്‍മിയും, ആര്‍സിഎന്നും

ആയിരത്തി നാനൂറില്‍ അധികം നഴ്‌സുമാരെ ചേര്‍ത്ത് കൊണ്ട് ഒരു അന്തര്‍ദേശിയ കോണ്‍ഫറന്‍സാണ് ഇവര്‍ ബംഗ്ലൂര്‍ ബിസ് ജിര്‍ജ് ഹാളില്‍ സംഘടിപ്പിച്ചത്

ഇംഗ്ലണ്ടിലെ ആരോഗ്യ രംഗത്തു ഉണ്ടായിട്ടുള്ള നേട്ടങ്ങള്‍ ജന്മനാട്ടിലെ ആളുകള്‍ക്കും ഉപകരിക്കണമെന്ന് എത്ര പേര്‍ ചിന്തിക്കാറുണ്ട്? മനസ്സിലുണ്ടെങ്കിലും ഇതിനായി ഏത് രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് പല നഴ്‌സുമാര്‍ക്കും. പക്ഷെ അതിനായി രണ്ട് മലയാളി നഴ്‌സുമാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ കുറിയ്ക്കപ്പെട്ടത് ഒരു ചരിത്രനിമിഷത്തിനാണ്.  ലണ്ടന്‍ നോര്‍ത്ത് മിടിലെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന ജാസ്മിന്‍ മാത്യുവും,  ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ വാര്‍ഡ് മാനേജരായി ജോലി ചെയ്യുന്ന റീഗന്‍ പുതുശേരിയുമാണ് ആ ദൗത്യവുമായി ഇന്ത്യയിലെത്തിയത്. അവരുടെ പരിശ്രമത്തിനൊടുവില്‍ ബ്രിട്ടനിലെ നഴ്സിംഗ് കൗണ്‍സിലിന്റെയും, ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെയും, ഇന്ത്യന്‍ ആര്‍മിയുടെയും, കര്‍ണ്ണാടക സര്‍ക്കാരിന്റെയും ആഭിമുഖ്യത്തില്‍ 1400-ലേറെ നഴ്‌സുമാര്‍ പങ്കെടുത്ത ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സാണ് അവര്‍ വിജയകരമായി സംഘടിപ്പിച്ചത്. 

ആയിരത്തി നാനൂറില്‍ അധികം നഴ്‌സുമാരെ ചേര്‍ത്ത് കൊണ്ട്  ഒരു അന്തര്‍ദേശിയ കോണ്‍ഫറന്‍സാണ് ഇവര്‍ ബംഗ്ലൂര്‍  ബിസ് ജിര്‍ജ് ഹാളില്‍ സംഘടിപ്പിച്ചത്. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്  കൗണ്‍സില്‍ ചീഫ് ജാനിസ് സ്മിത്ത്, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡണ്ട്  ദീലിപ് കുമാര്‍, ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും രണ്ടു മേജര്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ നഴ്‌സിംഗ് മേഖലയിലെ ഒട്ടേറെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. സമ്മേളനം ഉത്ഘാടനം ചെയ്ത  കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രി ബെംഗളൂരുവില്‍ വിരിഞ്ഞത് ഇന്ത്യന്‍ നഴ്‌സിംഗ് ചരിത്രത്തിലെ ഒരു പുതിയ അധ്യായമാണെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ നഴ്‌സിംഗ്  ചരിത്രത്തില്‍ ആദ്യമായാണ്‌ വിദേശത്തെയും, സ്വദേശത്തെയും നഴ്‌സസ്മാരെ  പങ്കെടുപ്പിച്ച്‌ ബൃഹത്തായ ഒരു കോണ്‍ഫറന്‍സ് നടക്കുന്നതെന്ന്‌ കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പുറകില്‍ പ്രയത്‌നിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ഇത്തരമൊരു ചരിത്ര സെമിനാറിന് നേതൃത്വം നല്‍കിയത് ബ്രിട്ടനില്‍ സേവനം നല്‍കിവരുന്ന മലയാളി നഴ്‌സുമാരാണെന്ന് ഏറെ അഭിമാനകരമാണ്.

അമേരിക്ക ഉള്‍പ്പെടെ  പത്തു രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ സ്വന്തം രാജ്യത്തിന് വേണ്ടി എന്തെങ്കിലും തിരിച്ചുനല്‍കണം എന്ന് ചിന്തിച്ചപ്പോഴാണ് തങ്ങള്‍ക്ക് ഇത്തരമൊരു ഉടലെടുത്തതെന്നു റീഗന്‍ പുതുശേരി പറഞ്ഞു .

ഇംഗ്ലണ്ടില്‍ ഉപയോഗിക്കുന്ന ന്യൂസ് സ്‌കോര്‍ (നാഷണല്‍ ഏര്‍ലി വാണിംഗ് സ്‌കോര്‍) എന്ന ടൂള്‍ ഇന്ത്യയുടെ ആരോഗ്യ മേഖലയില്‍ ഒരു വഴിത്തിരിവ് സൃഷ്ടിക്കുമെന്ന് ഈ മലയാളി നഴ്‌സുമാര്‍ തിരിച്ചറിഞ്ഞു. ഇത് പ്രയോജനകരമായ രീതിയില്‍ അവതരിപ്പിക്കാനാണ് വിപുലമായ കോണ്‍ഫറന്‍സ് സംഘടിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്. 

ലോകത്ത് എല്ലായിടത്തും ഉപയോഗിക്കുന്ന വൈറ്റല്‍ സൈന്‍സ് മോണിറ്ററിങ് തന്നെ ഉപയോഗിച്ച്‌കൊണ്ട് നവീനമായ ഒരു സമീപനത്തിലൂടെ ഒരു സ്‌കോറിങ് ടെക്നിക്ക് ഉപയോഗപ്പെടുത്തിയാണ് ഏര്‍ലി വാണിംഗ് സ്‌കോറിങ്  (Earlywarningscore) രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ന്യൂസ് സ്‌കോര്‍ 2012-ല്‍ ഇംഗ്ലണ്ടില്‍ആരംഭിക്കുകയും പിന്നീട് ഓസ്‌ട്രേലിയ, അമേരിക്ക പോലുള്ള മറ്റു പല രാജ്യങ്ങളും ഈ രീതി സ്വീകരിക്കുകയും, പ്രയോജനപ്പെടുത്തുകയുമായിരുന്നു.

ഒരു രോഗിയുടെ ശരീരശാസ്ത്രപരമായ മാറ്റമാണ് ന്യൂസ് സ്‌കോര്‍ ഉപയോഗിച്ച് രേഖപ്പെടുത്തുന്നത്. അതിനാല്‍ തന്നെ ഒരു രോഗാവസ്ഥ അപകടകരമായ നിലയിലേക്ക് വളരുന്നതിന് മുന്‍പ് തന്നെ കണ്ടു പിടിക്കുവാനും എത്രയും പെട്ടെന്ന് വിദഗ്ദ്ധ സഹായം തേടാനും വാര്‍ഡില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് തന്നെ സഹായകരമാകും. 

ഇന്ത്യയിലെ പഞ്ചനക്ഷത്ര ആശുപത്രികള്‍ ഒഴികെയുള്ള ഒട്ടുമിക്ക ആശുപത്രികളിലും രോഗി, നഴ്സ്, ഡോക്ടര്‍ അനുപാതം വളരെ പരിമിതമാണ്. അതുകൊണ്ടു തന്നെ പലപ്പോഴും അടിയന്തിരചികിത്സ കിട്ടാതെ രോഗികള്‍ മരണമടയാറുണ്ട്. ഈ രോഗികളില്‍ മിക്കവാറും പേര്‍ രോഗലക്ഷണങ്ങള്‍ വളരെ മുന്‍പ് തന്നെ പ്രകടിപ്പിച്ചിട്ടും അത് കൃതൃസമയത്തു കണ്ടെത്താനാതെ ആരോഗ്യസ്ഥിതി വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യാറുണ്ട്.

നിലവില്‍ ഇന്ത്യയിലെ ആശുപത്രികളില്‍ രോഗികളുടെ സുപ്രധാനമായ ലക്ഷണങ്ങള്‍ നിരീക്ഷികകുകയും അതുവഴി ഫലപ്രദമായ രീതിയില്‍ രോഗാവസ്ഥ മൂര്‍ധന്യാവസ്ഥയില്‍ എത്തുന്നതിനു മുന്‍പ് തിരിച്ചറയാനും ചികിത്സ നല്‍കാനും സമ്പൂര്‍ണ്ണമായി ഉപയോഗ പ്പെടുത്താറില്ല. ഈ അവസ്ഥയിലാണ് ഇന്ത്യ പോലൊരു രാജ്യത്ത് ഈ ആശയം പരിചയപ്പെടുത്തി നല്‍കാന്‍ ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ജാസ്മിന്‍ വ്യക്തമാക്കി. 'അതിനായി RCN ഇംഗ്ലണ്ടിനെ സമീപിച്ചപ്പോള്‍ RCN (Royal College of Nursing, England) ഈ കോണ്‍ഫറന്‍സിനെ സ്വാഗതം ചെയ്യുകയും, ആവശ്യമായ എല്ലാവിധ സഹായവും ഞങ്ങള്‍ക്ക് വാഗ്ദാനവും നല്‍കി. RCN Chief എക്സിക്യൂട്ടീവ് ഈ കോണ്‍ഫറന്‍സില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തു', ജാസ്മിന്‍ പറയുന്നു. 

തങ്ങളുടെ രണ്ടു വര്‍ഷത്തെ  കഠിനപരിശ്രമമാണ് ഈ വിജയത്തിനു പിന്നിലെന്ന് ജാസ്മിന്‍ കൂട്ടിച്ചേര്‍ക്കുന്നു. മലയാളി നഴ്‌സുമാരുടെ ഈ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ പ്രശംസ കൊണ്ട് മൂടുകയാണ് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ദിലീപ് കുമാറും, കര്‍ണാടക നഴ്സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീകാന്ത് ഫുലാരിയും. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കാളികളായി. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പ്രതിനിധിയെത്തിയെന്നത് ഏറെ ഈ കോണ്‍ഫറന്‍സിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും മേജര്‍ ജനറല്‍ സുശീല ഷാഹി, മേജര്‍ ജനറല്‍ എലിസബത്ത് ജോണ്‍, മുന്‍ എഡിജിഎംഎന്‍എസ്, ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ന്യൂഡല്‍ഹി എന്നിവരാണ് വിജ്ഞാനപ്രദമായ പരിപാടിയില്‍ പങ്കെടുത്തത്. 

കോണ്‍ഫറന്‍സിന് ശേഷം  ന്യൂസ് ചാര്‍ട്ട് പൈലറ്റ് സ്റ്റഡി ചെയ്യുവാനായി നിരവധി ഇന്ത്യന്‍  ഹോസ്പിറ്റലുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഇന്ത്യയിലെ നഴ്‌സുമാര്‍ക്കും, മെഡിക്കല്‍ ടീമിനും ട്രെയിനിങ് നല്‍കുകയെന്ന വലിയ വെല്ലുവിളിയാണ് ഇനി മുന്നിലുള്ളതെന്ന് ജാസ്മിന്‍ വ്യക്തമാക്കി. അതിനായി വീണ്ടും ആര്‍സിഎന്നിന്റെയും, റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെയും സഹായം നേടാനുള്ള ശ്രമത്തിലാണെന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു .

വിദേശത്തുനിന്നും പങ്കെടുത്ത ഓരോ നഴ്സുമാരും ചാരിറ്റി ആയി സ്വന്തം പണവും സമയവും ചെലവഴിച്ചാണ് ഈ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതും. വിദേശരാജ്യങ്ങളില്‍ നഴ്സിംഗ്, പേഷ്യന്റ് ബന്ധത്തിലുണ്ടായ പുരോഗതി ഇന്ത്യയിലെ സഹപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുക എന്ന ഉദ്ദേശമാണ് വിജയകരമായി നടപ്പാക്കിയത്. 

ജാസ്മിനെയും റീഗന്‍ പുതുശേരിയെയും കൂടാതെ തിപ്പെസ്വാമി (ലണ്ടന്‍), ബിലാഹള്ളി പ്രശാന്ത് (ഹൂസ്റ്റണ്‍, യുഎസ്എ), ലിഡിയ ഷാരോണ്‍ (അയര്‍ലണ്ട്), രാജീവ് മെട്രി എന്നിവരും ഈ വിജയഗാഥയുടെ പിന്നില്‍ സജീവപങ്കാളികളായി. 

-------------------------

വാര്‍ത്ത: ടോം ജോസ് തടിയംപാട് 

 




കൂടുതല്‍വാര്‍ത്തകള്‍.