CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 18 Seconds Ago
Breaking Now

ബ്രിസ്‌റ്റോളില്‍ ട്രെയിന്‍ യാത്രക്കിടെ സ്ത്രീ കൊല്ലപ്പെട്ടു; ട്രെയിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട് കാഴ്ച കണ്ടു; ഇടിയേറ്റ് തലയ്ക്ക് ഗുരുതരമായ പരുക്കുകള്‍; യാത്രക്കാരിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത് ബ്രിസ്റ്റോള്‍ ടെംപിള്‍ മീഡ്‌സിലേക്കുള്ള യാത്രക്കിടെ

കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞ് അടുത്ത ബന്ധുവിനെ വിവരം അറിയിക്കാനുള്ള ശ്രമത്തിലാണ് ഓഫീസര്‍മാര്‍

'കൈയും തലയും പുറത്തിടരുത്', നമ്മുടെ നാട്ടിലെ ബസുകളില്‍ വരെ ഈ സംഗതി എഴുതിവെച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ. വായിക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും സഞ്ചരിക്കുന്ന ബസില്‍ നിന്നും തലയും കൈയും പുറത്തേക്കിട്ടാല്‍ സംഭവിക്കാവുന്ന അപകടങ്ങള്‍ ജീവിതം മാറ്റിമറിക്കാന്‍ പോന്നവയാണ്. ഏതെങ്കിലുമൊരു പോസ്റ്റിലോ, എതിരെ വരുന്ന മറ്റൊരു വാഹനമോ മതി ആ തമാശ കാര്യമാക്കാന്‍. ബസില്‍ ഇതാണ് അവസ്ഥയെങ്കില്‍ അതിലും വേഗത്തില്‍ പായുന്ന ട്രെയിനുകളിലെ കാര്യമൊന്ന് ചിന്തിച്ച് നോക്കൂ. അടിസ്ഥാനപരമായ ഈ സുരക്ഷാ കാര്യം മറന്ന് ട്രെയിന്‍ ജനലിലൂടെ തല പുറത്തേക്കിട്ട് സഞ്ചരിച്ച സ്ത്രീയാണ് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്.  

ബ്രിസ്റ്റോള്‍ ടെംപിള്‍ മീഡ്‌സിലേക്കുള്ള യാത്രാ മധ്യേയാണ് ഈ യാത്രക്കാരി സാഹസത്തിന് മുതിര്‍ന്നത്. ബാത്തിനും, കെയിന്‍ഷാമിനും ഇടയില്‍ വെച്ചാണ് പരുക്കേറ്റിരിക്കുന്നത്. സ്ത്രീയുടെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ് വ്യക്തമാക്കി. റെയില്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഭവത്തെക്കുറിച്ച് പരിശോധിക്കും. ട്രെയിന്‍ യാത്രക്കിടെ ബാത്തിനും, കെയിന്‍ഷാമിനും ഇടയില്‍ വെച്ച് യാത്രക്കാരിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റെന്ന റിപ്പോര്‍ട്ട് രാത്രി 10 മണിയോടെയാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അറിയിച്ചു. 

ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസിന് പുറമെ എവോണ്‍ & സോമര്‍സെറ്റ് പോലീസ്, സൗത്ത് വെസ്‌റ്റേണ്‍ ആംബുലന്‍സ് സര്‍വ്വീസ് എന്നിവര്‍ സ്ഥലത്തെത്തി. യാത്രക്കാരിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പോലീസ് വക്താവ് അറിയിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇവര്‍ മരണമടഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെങ്കിലും ഇവര്‍ ജനലിലൂടെ തല പുറത്തേക്ക് ഇട്ടതാണ് കനത്ത ആഘാതം ഏല്‍ക്കാന്‍ ഇടയാക്കിയതെന്നാണ് മനസ്സിലാക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞ് അടുത്ത ബന്ധുവിനെ വിവരം അറിയിക്കാനുള്ള ശ്രമത്തിലാണ് ഓഫീസര്‍മാര്‍. 

അപകടത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് പോലീസ് പരിശോധിച്ച് വരികയാണ്. റെയില്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിനെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയില്ലെന്നും വക്താവ് വിശദീകരിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.