CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 56 Seconds Ago
Breaking Now

വനിതാ മസാജര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനമെന്ന് വ്യാജവാര്‍ത്ത; അപകീര്‍ത്തിപ്പെടുത്തല്‍ കേസില്‍ ക്രിസ് ഗെയിലിന് ഒന്നര കോടി നല്‍കാന്‍ വിധി

ഫെയര്‍ഫാക്‌സ് മീഡിയയ്‌ക്കെതിരെ താരം നല്‍കിയ ഹര്‍ജിയില്‍ 221,000 യുഎസ് ഡോളര്‍, ഏകദേശം ഒന്നര കോടി രൂപ നല്‍കാന്‍ ന്യൂ സൗത്ത് വെയില്‍സ് കോടതി ഉത്തരവിട്ടു.

വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന് അപകീര്‍ത്തിപ്പെടുത്തല്‍ കേസില്‍ വിജയം. ഒരു വനിതാ മസാജര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്ത ഫെയര്‍ഫാക്‌സ് മീഡിയയ്‌ക്കെതിരെ താരം നല്‍കിയ ഹര്‍ജിയില്‍ 221,000 യുഎസ് ഡോളര്‍, ഏകദേശം ഒന്നര കോടി രൂപ നല്‍കാന്‍ ന്യൂ സൗത്ത് വെയില്‍സ് കോടതി ഉത്തരവിട്ടു. 

2015 ക്രിക്കറ്റ് ലോകകപ്പ് ഓസ്‌ട്രേലിയയിലും, ന്യൂസിലാന്‍ഡിലും നടക്കവെയാണ് പ്രസ്തുത സംഭവം നടന്നതെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്ന് 13 മാസങ്ങള്‍ക്ക് മുന്‍പ് കോടതി കണ്ടെത്തി. ക്രിസ് ഗെയില്‍ മോശം പെരുമാറ്റം നടത്തിയെന്നതിന് തെളിവ് ഹാജരാക്കാന്‍ ഫെയര്‍ഫാക്‌സിന് കഴിഞ്ഞതുമില്ല. സിഡ്‌നിയില്‍ വെസ്റ്റിന്‍ഡീസ് ടീമിന്റെ പരിശീലനം നടക്കവെ ഡ്രസിംഗ് റൂമില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

സദുദ്ദേശത്തോടെ മാധ്യമ സ്ഥാപനത്തിന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നാണ് ഫെയര്‍ഫാക്‌സ് അവകാശപ്പെട്ടത്. എന്നാല്‍ ഈ വാദം കോടതി തള്ളി. ക്രിക്കറ്റ് താരത്തെ നാണംകെടുത്തുകയും, പ്രൊഫഷണല്‍ ജീവിതത്തെ ബാധിക്കുകയും ചെയ്തതാണ് ഈ തെറ്റായ വാര്‍ത്ത കൊണ്ടുണ്ടായ പ്രത്യാഘാതമെന്ന് ജഡ്ജ് പ്രസ്താവിച്ചു. 

ഗെയിലിന് എതിരെയുള്ള ആരോപണം അത്ര പ്രശ്‌നമുള്ളതല്ലെന്നും മാധ്യമസ്ഥാപനം വാദിച്ചിരുന്നു. ഇതും കോടതി ചെവിക്കൊണ്ടില്ല. ഗെയിലിന്റെ മാന്യതയെ ഹനിപ്പിക്കുന്ന വാര്‍ത്ത നല്‍കിയതിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഫെയര്‍ഫാക്‌സ് വ്യക്തമാക്കി. 

 

 




കൂടുതല്‍വാര്‍ത്തകള്‍.